23/04/2026
[fontresizer_tawhidurrahmandear_widget]

‘127 ക്രിമിനൽ കേസുകളിൽ പ്രതി; വെള്ളാപ്പള്ളിക്ക് പദ്മഭൂഷൺ നൽകരുത്’- രാഷ്ട്രപതിക്ക് നിവേദനം

 ‘127 ക്രിമിനൽ കേസുകളിൽ പ്രതി; വെള്ളാപ്പള്ളിക്ക് പദ്മഭൂഷൺ നൽകരുത്’- രാഷ്ട്രപതിക്ക് നിവേദനം

വെള്ളാപ്പള്ളി നടേശന്‍

തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പദ്മഭൂഷൺ പുരസ്‌കാരം നൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം. വെള്ളാപ്പള്ളിക്കെതിരെയുള്ള ക്രിമിനൽ കേസുകൾ ചൂണ്ടിക്കാട്ടി പുരസ്‌കാരം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി കാംപെയ്ൻ കമ്മിറ്റി രാഷ്ട്രപതിക്ക് നിവേദനം നൽകി. പദ്മ പുരസ്‌കാരങ്ങളെ മുൻപ് പരസ്യമായി അധിക്ഷേപിച്ചിട്ടുള്ള വ്യക്തിയാണ് വെള്ളാപ്പള്ളിയെന്നും നിവേദനത്തിൽ ആരോപിക്കുന്നു.

മൈക്രോഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശൻ 127 ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന ഗുരുതരമായ വസ്തുത നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇതിൽ 21 കേസുകളിൽ നിലവിൽ കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇത്തരത്തിൽ നിയമപരമായ നടപടികൾ നേരിടുന്ന ഒരാൾക്ക് രാജ്യത്തെ പരമോന്നത ബഹുമതികളിലൊന്ന് നൽകുന്നത് പുരസ്‌കാരത്തിന് അർഹരായ മറ്റുള്ളവരെ അനാദരിക്കുന്നതിന് തുല്യമാണെന്ന് സേവ് യൂണിവേഴ്‌സിറ്റി കാംപെയ്ൻ കമ്മിറ്റി അഭിപ്രായപ്പെട്ടു.

മുൻകാലങ്ങളിൽ പദ്മ പുരസ്‌കാരങ്ങളുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന രീതിയിൽ വെള്ളാപ്പള്ളി സംസാരിച്ചിട്ടുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് പദ്മ പുരസ്‌കാരം നൽകുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും, അതിനാൽ കേന്ദ്രസർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്നുമാണ് പരാതിക്കാരുടെ ആവശ്യം. വിഷയം രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

Also read: