രക്തത്തില്‍ മുങ്ങി യുഎസ് പടക്കപ്പല്‍; തകര്‍ന്നടിഞ്ഞ യുദ്ധവിമാനങ്ങള്‍- യുദ്ധമുന്നറിയിപ്പുമായി തെഹ്‌റാന്‍ സ്‌ക്വയറില്‍ കൂറ്റന്‍ ബില്‍ബോര്‍ഡ്
തെഹ്റാന്‍: ഇറാന്‍-അമേരിക്ക സംഘര്‍ഷം പുതിയ യുദ്ധമുഖത്തേക്ക് നീങ്ങുന്നതിനിടെ, അമേരിക്കന്‍ നാവികപ്പടയെയും സൈനികരെയും രക്തത്തില്‍ മുക്കിക്കൊല്ലുമെന്ന നേരിട്ടുള്ള ഭീഷണിയുമായി ഇറാന്‍. യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്(സെന്റ്‌കോം) കീഴിലുള്ള ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലേക്ക് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണ്‍ പ്രവേശിച്ചതിന് പിന്നാലെയാണ് തെഹ്റാനിലെ വിപ്ലവ ചത്വരത്തില്‍ പ്രകോപനപരമായ കൂറ്റന്‍ ബില്‍ബോര്‍ഡ് ഉയര്‍ന്നത്.
അമേരിക്കയുടെ സൈനിക ഗര്‍വിനേറ്റ കനത്ത പ്രഹരമായാണ് ബില്‍ബോര്‍ഡിലെ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. ഒരു അമേരിക്കന്‍ വിമാനവാഹിനിക്കപ്പലിന്റെ ഡെക്കിന് മുകളില്‍ യുഎസ് യുദ്ധവിമാനങ്ങള്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്ന് പൊട്ടിത്തെറിക്കുന്നതാണ് ചിത്രത്തിന്റെ കേന്ദ്രപ്രമേയം. കപ്പലിന് മുകളില്‍ മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്നു. കപ്പല്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്നു.
കപ്പലില്‍നിന്ന് ഒലിച്ചിറങ്ങുന്ന രക്തം കടല്‍വെള്ളത്തില്‍ പടരുന്നതും ബില്‍ ബോര്‍ഡില്‍ കാണാം. ഒഴുകിപ്പോകുന്ന ഈ രക്തം അമേരിക്കന്‍ ദേശീയ പതാകയിലെ ചുവന്ന വരകളുടെ ആകൃതി കൈവരിക്കുന്ന രീതിയിലാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ‘കാറ്റ് വിതയ്ക്കുന്നവന്‍ കൊടുങ്കാറ്റ് കൊയ്യും’ എന്ന മുദ്രാവാക്യവും ഇതോടൊപ്പമുണ്ട്. അമേരിക്ക ഇറാനെതിരെ സൈനിക നീക്കം നടത്തിയാല്‍ അത് അമേരിക്കന്‍ സൈനികരുടെ കൂട്ടക്കുരുതിയില്‍ കലാശിക്കുമെന്ന വ്യക്തമായ താക്കീതാണ് ഇറാന്‍ ഭരണകൂടം ഇതിലൂടെ നല്‍കുന്നത്.
ഇറാനില്‍ പ്രക്ഷോഭകാരികളെ വധശിക്ഷയ്ക്ക് വിധിക്കുന്നതിനെതിരെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കിയ മുന്നറിയിപ്പിന് പിന്നാലെയാണ് മേഖലയിലേക്ക് വന്‍ പടക്കപ്പലുകളുടെ വ്യൂഹം അമേരിക്ക അയച്ചത്. ‘ഞങ്ങള്‍ ഇറാനെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്, ആവശ്യമായ എല്ലാ സന്നാഹങ്ങളും അവിടെയുണ്ട്’ എന്ന് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
എന്നാല്‍, ഈ സൈനിക വിന്യാസത്തെ ഭയപ്പെടുന്നില്ലെന്നാണ് ഇറാന്റെ പുതിയ നീക്കം സൂചിപ്പിക്കുന്നത്. കഴിഞ്ഞ ജൂണിലെ സംഘര്‍ഷത്തില്‍ ഇറാന്‍ കാണിച്ച സംയമനം ഇനി പ്രതീക്ഷിക്കേണ്ടെന്നും, ഏത് ആക്രമണത്തെയും സര്‍വസന്നാഹങ്ങളുമായി നേരിടുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കിയിട്ടുണ്ട്. ഓരോ സൈനികന്റെയും വിരല്‍ കാഞ്ചിയിലാണെന്നും ഏതൊരു തെറ്റായ കണക്കുകൂട്ടലും അമേരിക്കയ്ക്ക് വന്‍ പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡറും മുന്നറിയിപ്പ് നല്‍കി.