ഫൈസാബാദ് നിര്‍വഹിക്കുന്ന ‘സോഷ്യല്‍ എന്‍ജിനീയറിങ്’; കേരള മുസ്‍ലിം നവോത്ഥാനത്തിന്റെ ‘ജാമിഅ നൂരിയ്യ മോഡല്‍’
ജാമിഅ നൂരിയ്യ അറബിക് കോളേജ്
സിദ്ദീഖ് ഫൈസി വാളക്കുളം
സ്വാതന്ത്ര്യാനന്തര കേരളത്തിന്റെ, വിശിഷ്യാ മലബാറിന്റെ സാമൂഹിക ചരിത്രം പരിശോധിക്കുമ്പോള്‍ 1960-കള്‍ക്ക് മുമ്പും പിമ്പും എന്ന് രണ്ടായി തരംതിരിക്കാവുന്ന പ്രകടമായൊരു മാറ്റം ദൃശ്യമാണ്. ആ മാറ്റത്തിന്റെ പ്രഭവകേന്ദ്രം മലപ്പുറം ജില്ലയിലെ പട്ടിക്കാട് സ്ഥിതി ചെയ്യുന്ന ‘ഫൈസാബാദ്’ എന്ന മണ്ണായിരുന്നു. 63 വര്‍ഷങ്ങള്‍ക്കിപ്പുറം തിരിഞ്ഞുനോക്കുമ്പോള്‍, ജാമിഅ നൂരിയ്യ അറബിയ്യ എന്നത് കേവലം ഒരു മതപഠന കേന്ദ്രം മാത്രമല്ല; മറിച്ച്, അഫിലിയേറ്റഡ് കോളേജുകളും എന്‍ജിനീയറിങ് കലാലയവും ഉള്‍പ്പെടുന്ന ബൃഹത്തായൊരു വിദ്യാഭ്യാസ സാമ്രാജ്യമായി തലയുയര്‍ത്തി നില്‍ക്കുന്ന, ഇനിയൊരു സര്‍വകലാശാലയായി വളര്‍ന്നു പന്തലിക്കാനിരിക്കുന്ന വൈജ്ഞാനിക വിപ്ലവമാണ്.
കേരളത്തിലെ ഇസ്ലാമിക വൈജ്ഞാനിക ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ എഴുതപ്പെട്ട പേരാണ് പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യ. അറിവിന്റെയും ആത്മീയതയുടെയും നിറകേന്ദ്രമായി ഈ മഹാകലാലയം ആറു പതിറ്റാണ്ടായി കേരളീയ മുസ്ലിം ചരിത്രത്തില്‍ സൂര്യശോഭയോടെ തലയുയര്‍ത്തി നില്‍ക്കുകയാണ്; കേരളീയ മുസ്ലിം നവോത്ഥാന ചരിത്രത്തിലെ തന്നെ സുപ്രധാനമായൊരു ഏടായി, നാഴികക്കല്ലായി. കേവലമൊരു മതപഠന കേന്ദ്രമല്ല, ഒരു സമുദായത്തെ വൈജ്ഞാനിക സമുദ്ധാരണത്തിലേക്കും ആധുനികതയുടെയും പുരോഗമനത്തിന്റെയും നേര്‍പാതകളിലേക്കും കൈപിടിച്ചു നടത്തിയ ‘സോഷ്യല്‍ എന്‍ജിനീയറിങ് ലബോറട്ടറി’ കൂടിയായിരുന്നു എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
പിറവിയുടെ ചരിത്രം
1960കള്‍ വരെ കേരളത്തിലെ മതപണ്ഡിത നേതൃത്വം ഉന്നത പഠനത്തിനായി ഉത്തരേന്ത്യയിലെ ദയൂബന്ദിനെയോ തമിഴ്‌നാട്ടിലെ വെല്ലൂര്‍ ബാഖിയാത്തിനെയോ ആയിരുന്നു ആശ്രയിച്ചിരുന്നത്. ഭാഷാപരമായ വെല്ലുവിളികളും സാമ്പത്തിക പ്രയാസങ്ങളും കാരണം ഈ യാത്ര പലര്‍ക്കും അപ്രാപ്യമായിരുന്നു. ഈ ശൂന്യത തിരിച്ചറിഞ്ഞ സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ എന്ന ദീര്‍ഘദര്‍ശിയായ നേതാവാണ് കേരളത്തിന് സ്വന്തമായി ഒരു ഉന്നത കലാലയം എന്ന ആശയം മുന്നോട്ടുവെച്ചത്.
കെ.വി ബാപ്പു ഹാജി എന്ന മഹാമനീഷിയുടെ ജീവിതസമര്‍പ്പണത്തിലൂടെ 1963-ല്‍ ആ സ്വപ്നം പട്ടിക്കാട് മണ്ണില്‍ യാഥാര്‍ത്ഥ്യമായി. ജാമിഅ നൂരിയ്യയുടെ ചരിത്രം പറയുമ്പോള്‍ ആദ്യം ഓര്‍മയില്‍ തെളിയുന്ന പേരാണ് ബാപ്പു ഹാജിയുടേത്. സ്വന്തം ഉടമസ്ഥതയിലുണ്ടായിരുന്ന വിശാലമായ തെങ്ങിന്‍ തോപ്പും മറ്റു സ്വത്തുക്കളും ഈ മഹാസ്ഥാപനത്തിന് വേണ്ടി വഖ്ഫ് ചെയ്ത ആ ത്യാഗിവര്യന്റെ ദാനമാണ് ജാമിഅയുടെ അടിത്തറ.
1963 ഫെബ്രുവരി മൂന്നിന് പാണക്കാട് പൂക്കോയ തങ്ങളുടെ സാന്നിധ്യത്തില്‍ സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങളാണ് ജാമിഅയ്ക്ക് തറക്കല്ലിട്ടത്. അതേ വര്‍ഷം മാര്‍ച്ച് 18ന് വിശ്രുത പണ്ഡിതനായ ഖുതുബി മുഹമ്മദ് മുസ്ലിയാര്‍ ക്ലാസ് ഉദ്ഘാടനം നിര്‍വഹിച്ചതോടെ കേരളത്തിന്റെ വൈജ്ഞാനിക ഭൂപടത്തില്‍ പുതിയൊരു സൂര്യന്‍ ഉദിച്ചുയരുകയായിരുന്നു.
മുപ്പത് പേരില്‍ തുടങ്ങിയ വിപ്ലവം
ജാമിഅ നൂരിയ്യയുടെ ആദ്യ ബാച്ചിലുണ്ടായിരുന്നത് വെറും 30 വിദ്യാര്‍ത്ഥികളായിരുന്നു. പ്രഥമ സ്വദര്‍ മുദരിസ് താഴേക്കോട് കുഞ്ഞലവി മുസ്ലിയാര്‍, ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍ തുടങ്ങിയ മഹാരഥന്മാരായിരുന്നു അവരെ രാഗിമിനുക്കിയെടുത്തത്. അടുത്തിടെ വിടപറഞ്ഞ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ അധ്യക്ഷനായിരുന്ന കെ.പി അബൂബക്കര്‍ ഹസ്രത്ത് ഉള്‍പ്പെടെയുള്ള ആ മുപ്പത് പേര്‍ പിന്നീട് ലോകം കണ്ട പണ്ഡിത പ്രതിഭകളായി മാറി. എണ്ണത്തിലല്ല, ഗുണത്തിലാണ് കാര്യമെന്ന് ആ ആദ്യ ബാച്ച് തെളിയിച്ചു.
ഫൈസിമാര്‍ സാധ്യമാക്കിയ സാമൂഹിക വിപ്ലവം
1970കള്‍ക്ക് ശേഷം കേരളത്തിലെ മുസ്‍ലിം വിദ്യാഭ്യാസ രംഗത്തുണ്ടായ കുതിച്ചുചാട്ടം പരിശോധിച്ചാല്‍, അതിന്റെയെല്ലാം തലച്ചോറ് പട്ടിക്കാട്ടുനിന്ന് പഠിച്ചു പുറത്തിറങ്ങിയ ‘ഫൈസി’മാരായിരുന്നു എന്ന് കാണാം. മതവിദ്യാഭ്യാസത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസവും(Secular Education) സമന്വയിപ്പിച്ചുകൊണ്ടുള്ള കരിക്കുലം കേരളത്തില്‍ വിപ്ലവം സൃഷ്ടിച്ചപ്പോള്‍ അതിനു പിന്നിലെ ബുദ്ധികേന്ദ്രങ്ങളായും പ്രചാരകരായും ഫൈസിമാര്‍ വഹിച്ച പങ്ക് നിസ്തുലമാണ്. ഇന്ന് നാം കാണുന്ന പ്രശസ്തമായ പല ആര്‍ട്സ് & ഇസ്ലാമിക് കോളേജുകളുടെയും ശില്‍പികള്‍ ഈ ജാമിഅ ബിരുദധാരികളാണ്. സമുദായത്തെ മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്താതെ, കാലത്തിനൊപ്പം സഞ്ചരിക്കാന്‍ അവരെ പ്രാപ്തരാക്കിയത് ഈ വിദ്യാഭ്യാസ വിപ്ലവമാണ്.
ജാമിഅ നൂരിയ്യയുടെ ഏറ്റവും വലിയ സംഭാവന കേരളത്തിലെ ‘മഹല്ല് സിസ്റ്റം’ ശക്തിപ്പെടുത്തി എന്നതാണ്. പഴയ കാലത്ത് പള്ളികളിലെ കര്‍മങ്ങള്‍ക്കും ചടങ്ങുകള്‍ക്കും മാത്രം നേതൃത്വം നല്‍കിയിരുന്ന ഇമാമുമാരില്‍ നിന്ന് വ്യത്യസ്തമായി, മഹല്ലിനെ ഒരു അഡ്മിനിസ്‌ട്രേറ്റീവ് യൂനിറ്റ് ആക്കി മാറ്റിയത് ഫൈസിമാരാണ്. കുടുംബ തര്‍ക്കങ്ങള്‍ പരിഹരിക്കല്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കല്‍, വിദ്യാഭ്യാസ ഗൈഡന്‍സ് നല്‍കല്‍ തുടങ്ങിയ വിഷയങ്ങളില്‍ മഹല്ല് കമ്മിറ്റികളെ നയിക്കുന്നത് ഇന്ന് ജാമിഅയുടെ സന്തതികളാണ്. കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളിലെ സാമൂഹിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതില്‍ ഈ ഇടപെടലുകള്‍ വലിയ പങ്കുവഹിക്കുന്നു.
ചുരുക്കത്തില്‍, ജാമിഅ നൂരിയ്യ എന്നത് ബിരുദധാരികളെ ഉല്‍പ്പാദിപ്പിക്കുന്ന ഒരു ‘വൈജ്ഞാനിക ഫാക്ടറി’ മാത്രമല്ല; സ്വാതന്ത്ര്യാനന്തര കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ ദിശയും ദശയും നിര്‍ണയിച്ച ‘തിങ്ക് ടാങ്ക്’ കൂടിയാണ്. മുപ്പത് പേരില്‍ തുടങ്ങി ലോകമെമ്പാടും പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഈ വടവൃക്ഷം, അറിവ് എങ്ങനെയാണ് ഒരു ജനതയെ വിമോചിപ്പിക്കുന്നത് എന്നതിന്റെ തിളക്കമാര്‍ന്ന ഉദാഹരണമായി നിലകൊള്ളുന്നു.
വിദ്യാഭ്യാസ ശൃംഖലയുടെ വ്യാപനം
ജാമിഅയുടെ സ്വാധീനം പട്ടിക്കാട്ടെ ഒറ്റ ക്യാമ്പസില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല എന്നതാണ് സവിശേഷമായ കാര്യം. ജാമിഅ ജൂനിയര്‍ കോളേജസ് കോര്‍ഡിനേഷന് കീഴില്‍ ഡസന്‍ കണക്കിന് ഗ്രാജ്വേറ്റ് കോളേജുകള്‍ കേരളത്തിലുടനീളം പ്രവര്‍ത്തിക്കുന്നു. ജാമിഅയുടെ കരിക്കുലവും മാര്‍ഗനിര്‍ദേശങ്ങളും പിന്തുടരുന്ന ഈ കോളേജുകള്‍ ഉന്നത വിദ്യാഭ്യാസത്തിന് തയ്യാറെടുക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കുന്നു. വികേന്ദ്രീകൃതമായ ഈ വിദ്യാഭ്യാസ രീതി (Decentralized Education Model) കേരളീയ ഗ്രാമങ്ങളില്‍ വലിയ മാറ്റമാണ് ഉണ്ടാക്കിയത്.
സാങ്കേതിക വിദ്യയിലേക്ക്
മതവിദ്യാഭ്യാസത്തോടൊപ്പം ഭൗതിക വിജ്ഞാനവും എന്ന ജാമിഅയുടെ കാഴ്ചപ്പാട് ഗതിവേഗം പ്രാപിക്കുന്നത് എം.ഇ.എ എന്‍ജിനീയറിങ് കോളേജിന്റെ സംസ്ഥാപനത്തിലൂടെണ്. മലബാറിലെ തന്നെ പ്രമുഖമായ എന്‍ജിനീയറിങ് കോളേജുകളിലൊന്നായ പെരിന്തല്‍മണ്ണ വേങ്ങൂര്‍ എം.ഇ.എ എന്‍ജിനീയറിങ് കോളേജിന് നേരിട്ടു മേല്‍നോട്ടം വഹിക്കുന്നത് ജാമിഅ നൂരിയ്യ മാനേജ്മെന്റാണ്. മതപണ്ഡിതന്മാര്‍ നേതൃത്വം നല്‍കുന്ന ഒരു സമിതി, അത്യാധുനിക സാങ്കേതിക വിദ്യാഭ്യാസം നല്‍കുന്ന ഒരു സ്ഥാപനം നടത്തുന്നു എന്നത് കേരളീയ മുസ്ലിം നവോത്ഥാനത്തിന്റെ ഏറ്റവും തിളക്കമുള്ള ഉദാഹരണമാണ്.
പാരമ്പര്യത്തില്‍ വേരൂന്നി, ആധുനികതയിലേക്ക് പടര്‍ന്ന്
‘ഉമ്മുല്‍ മദാരിസ്’ (മദ്രസകളുടെ മാതാവ്) എന്ന വിളിപ്പേര് ജാമിഅ നൂരിയ്യയ്ക്കു ലഭിച്ചത് വെറുതെയല്ല. പതിറ്റാണ്ടുകളോളം മുസ്്‌ലിം കേരളത്തിനു ദിശാബോധം പകരുന്നത് ഈ സ്ഥാപനമാണ്. നവോത്ഥാനമെന്നാല്‍ വേരുകള്‍ അറുത്തുമാറ്റലല്ല, മറിച്ച് വേരുകളില്‍ വെള്ളമൊഴിച്ച് പുതിയ ശിഖരങ്ങള്‍ വളര്‍ത്തലാണെന്ന് ജാമിഅ നൂരിയ്യ തെളിയിക്കുന്നു.
63-ാം വാര്‍ഷികത്തിന്റെ നിറവില്‍ നില്‍ക്കുമ്പോള്‍, ഫൈസാബാദിലെ ഓരോ മണല്‍ത്തരിയും മര്‍ഹൂം ബാപ്പു ഹാജിയുടെയും ബാഫഖി തങ്ങളുടെയും ശംസുല്‍ ഉലമയുടെയും ത്യാഗത്തിന്റെ കഥകള്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു. പൂക്കോയ തങ്ങള്‍ മുതല്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍, ഉമറലി തങ്ങള്‍, ഹൈദരലി തങ്ങള്‍ എന്നിവരിലൂടെ കൈമാറി സയ്യിദ് സാദിഖലി ശിഹാബ് തങ്ങളിലും സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളിലും എത്തിനില്‍ക്കുന്ന പാണക്കാട്ടെ നേതൃപുണ്യവും ആശിസ്സുകളും തന്നെയാണ് സ്ഥാപനത്തിന്റെ ഏറ്റവും വലിയ അനുഗ്രഹവും.
വര്‍ഷം തോറും നടക്കുന്ന ജാമിഅ നൂരിയ്യ വാര്‍ഷിക സമ്മേളനം കേരളത്തിലെ ഏറ്റവും വലിയ ആത്മീയ-വൈജ്ഞാനിക സംഗമങ്ങളിലൊന്നാണ്. പതിനായിരക്കണക്കിന് വിശ്വാസികളുടെ സംഗമഭൂമി കൂടിയാകാറുണ്ട് എപ്പോഴുമത്. ഈ വര്‍ഷം 63-ാം വാര്‍ഷികവും 61-ാം സനദ് ദാനവും നടക്കുമ്പോള്‍, അത് പുതിയ കാലത്തെ വെല്ലുവിളികളെ നേരിടാന്‍ പ്രാപ്തരായ ഒരു പറ്റം യുവ പണ്ഡിതരെ കൂടി സമൂഹത്തിന് സമര്‍പ്പിക്കുകയാണ്.
മതവിദ്യയോടൊപ്പം ഭൗതിക സാഹചര്യങ്ങളെയും കൂട്ടിയിണക്കി, പാരമ്പര്യത്തില്‍ ഊന്നിനിന്ന് കൊണ്ടുതന്നെ ആധുനികതയെ അഭിമുഖീകരിക്കാന്‍ ഈ കലാലയം വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നു. വരുംകാലങ്ങളിലും സത്യസാക്ഷികളായി, സമുദായത്തിന് വഴികാട്ടികളായി അനേകായിരം ഫൈസിമാര്‍ ഇനിയും ഉദയം കൊള്ളട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം, പ്രാര്‍ഥിക്കാം..