‘പെരിന്തല്‍മണ്ണ മലപ്പുറം ജില്ലയില്‍ തന്നെയാണെന്ന് സഖാവ് വെള്ളാപ്പള്ളിയെ ഒന്ന് അറിയിക്കണേ’; കണക്കുകള്‍ നിരത്തി നജീബ് കാന്തപുരത്തിന്റെ മറുപടി
മലപ്പുറം: മലപ്പുറം ജില്ലയെക്കുറിച്ചുള്ള എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി പെരിന്തല്‍മണ്ണ എംഎല്‍എ നജീബ് കാന്തപുരം. മലപ്പുറത്ത് എസ്.എന്‍.ഡി.പിക്ക് സ്ഥാപനങ്ങള്‍ അനുവദിക്കുന്നില്ലെന്ന തരത്തിലുള്ള വിമര്‍ശനങ്ങളെ, പെരിന്തല്‍മണ്ണയിലെ എസ്.എന്‍.ഡി.പി കോളേജിന്റെ ചരിത്രം ഓര്‍മിപ്പിച്ചാണ് നജീബ് കാന്തപുരം നേരിട്ടത്.
തന്റെ മണ്ഡലമായ പെരിന്തല്‍മണ്ണയില്‍ എസ്.എന്‍.ഡി.പി കോളേജ് വളരെ ഭംഗിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. 2002-ല്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന നാലകത്ത് സൂപ്പിയാണ് ഈ കോളേജ് അനുവദിച്ചതെന്ന കാര്യവും അദ്ദേഹം ഓര്‍മിപ്പിച്ചു. കോളേജിലെ എംഎല്‍എ പങ്കെടുത്ത ഒരു ചടങ്ങിന്റെ ചിത്രവും പോസ്റ്റില്‍ പങ്കുവച്ചിട്ടുണ്ട്.
നജീബ് കാന്തപുരം എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്
എന്റെ നിയോജക മണ്ഡലത്തിലെ പെരിന്തല്‍മണ്ണയില്‍ ഭംഗിയായി പ്രവര്‍ത്തിക്കുന്ന സ്വാശ്രയ കോളേജാണ് പെരിന്തല്‍മണ്ണ എസ്.എന്‍.ഡി.പി കോളജ്. 2002ല്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി സാഹിബാണ് ഈ കോളജ് അനുവദിച്ചത്.
പെരിന്തല്‍മണ്ണ മലപ്പുറം ജില്ലയില്‍ തന്നെയാണെന്ന് സഖാവ് വെള്ളാപ്പള്ളിയെ ഒന്ന് അറിയിച്ച് കൊടുക്കണേ..
ഏതായാലും യു.ഡി.എഫിന്റെ ആ നല്ല കാലം വരട്ടെ. എസ്.എന്‍.ഡി.പിക്കും മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും ആവശ്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നമുക്ക് മലപ്പുറം ജില്ലയില്‍ ഇനിയും കൊണ്ടുവരാം. കുട്ടികള്‍ പഠിച്ചുവളരട്ടെ..