28/03/2026
[fontresizer_tawhidurrahmandear_widget]

നിയമസഭാ പോരാട്ടത്തിന് കാസർകോട്ട് തുടക്കം: ഫെബ്രുവരിയിൽ യുഡിഎഫിന്റെ ‘പുതുയുഗയാത്ര’ ,എൽഡിഎഫിന്റെ ‘വികസനമുന്നേറ്റ ജാഥ’

 നിയമസഭാ പോരാട്ടത്തിന് കാസർകോട്ട് തുടക്കം: ഫെബ്രുവരിയിൽ യുഡിഎഫിന്റെ ‘പുതുയുഗയാത്ര’ ,എൽഡിഎഫിന്റെ ‘വികസനമുന്നേറ്റ ജാഥ’

കാസർകോട്: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രമുഖ രാഷ്ട്രീയ മുന്നണികൾ പ്രചാരണ ജാഥകളുമായി രംഗത്തെത്തുന്നു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായ കാസർകോട്ടുനിന്നാണ് ഇത്തവണയും ജാഥകൾ പ്രയാണം ആരംഭിക്കുന്നത്. എൽഡിഎഫും യുഡിഎഫും ഫെബ്രുവരിയിൽ തങ്ങളുടെ സംസ്ഥാനതല യാത്രകൾക്ക് തുടക്കം കുറിക്കുമ്പോൾ, കെഎസ്‌യു ചൊവ്വാഴ്ച മുതൽ വിദ്യാർത്ഥി യാത്രയ്ക്ക് തുടക്കമിട്ടു കഴിഞ്ഞു.

യുഡിഎഫിന്റെ പുതുയുഗയാത്ര

‘കേരളത്തെ വീണ്ടെടുക്കാൻ യുഡിഎഫ്’ എന്ന മുദ്രാവാക്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ‘പുതുയുഗയാത്ര’ ഫെബ്രുവരി ആറിന് കാസർകോട്ടുനിന്ന് ആരംഭിക്കും. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന ജാഥ മാർച്ച് ആറിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്താണ് സമാപിക്കുക. ജാഥയ്ക്ക് മുന്നോടിയായി വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ ഉൾപ്പെടുത്തി കെഎസ്‌യു തയ്യാറാക്കുന്ന ‘വിഷൻ ഡോക്യുമെന്റ്’ യുഡിഎഫ് നേതൃത്വത്തിന് കൈമാറും.

എൽഡിഎഫിന്റെ വികസനമുന്നേറ്റ ജാഥ

ഭരണത്തുടർച്ച ലക്ഷ്യമിടുന്ന എൽഡിഎഫ് ഇത്തവണ മൂന്ന് മേഖലാ ജാഥകളാണ് സംഘടിപ്പിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖലാ ജാഥ ഫെബ്രുവരി ഒന്നിന് ഉച്ചയ്ക്ക് മൂന്നിന് കുമ്പളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര സർക്കാരിന്റെ വിവേചനവും സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളും ചർച്ചയാക്കാനാണ് ഈ യാത്ര ലക്ഷ്യമിടുന്നത്. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെയും സ്വീകരണത്തിന് ശേഷം ജാഥ കണ്ണൂർ ജില്ലയിലേക്ക് പ്രവേശിക്കും. ഇടതുമുന്നണിയിലെ എല്ലാ ഘടകകക്ഷി നേതാക്കളും ജാഥയിൽ സ്ഥിരാംഗങ്ങളായിരിക്കും.

എൻഡിഎയുടെ തീരുമാനം ഉടൻ

മുന്നണികൾ കളത്തിലിറങ്ങിയെങ്കിലും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ ഇതുവരെ ജാഥകൾ പ്രഖ്യാപിച്ചിട്ടില്ല. ജനുവരി 23ന് ചേരുന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിന് ശേഷമേ പ്രചാരണ പരിപാടികളുടെ കാര്യത്തിൽ വ്യക്തതയുണ്ടാകൂ.

Also read: