27/01/2026

‘കൂളിമാട് പാലം പോലെ പാലാരിവട്ടം പാലം തകര്‍ന്നിട്ടില്ല, അത് ഇടത് നുണപ്രചാരണം’; ഇബ്രാഹിം കുഞ്ഞിനെ അനുസ്മരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

 ‘കൂളിമാട് പാലം പോലെ പാലാരിവട്ടം പാലം തകര്‍ന്നിട്ടില്ല, അത് ഇടത് നുണപ്രചാരണം’; ഇബ്രാഹിം കുഞ്ഞിനെ അനുസ്മരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

ഇബ്രാഹിം കുഞ്ഞ്, രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: അന്തരിച്ച മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ അനുസ്മരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. ഗീബല്‍സിനെ വെല്ലുന്ന
ഇടത് കള്ള പ്രചാരണങ്ങളുടെ ഇരയാണ് ഇബ്രാഹിം കുഞ്ഞെന്ന് അദ്ദേഹം അനുസ്മരിച്ചു. കൂളിമാട് പാലത്തെയും ദേശീയപാതയെയും പോലെ പാലാരിവട്ടം പാലം ഇടിഞ്ഞുവീണിട്ടില്ലെന്നും ആ പാലം ഇപ്പോഴും അവിടെത്തന്നെയുണ്ടെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

ഇബ്രാഹിം കുഞ്ഞിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് രാഹുല്‍ ഇടതുപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. 227 പുതിയ പാലങ്ങള്‍ നിര്‍മിച്ച മന്ത്രിയായിരുന്നിട്ടും പാലാരിവട്ടം പാലത്തിന്റെ പേരില്‍ മാത്രം അദ്ദേഹം ഓര്‍മിക്കപ്പെടുന്നത് ഇടതുപക്ഷം സൃഷ്ടിച്ച വ്യാജ പൊതുബോധമാണെന്ന് രാഹുല്‍ കുറിച്ചു. കള്ളം പ്രചരിപ്പിക്കുന്നതില്‍ ഗീബല്‍സിനെ വെല്ലുന്നവരാണ് ഇടത് പ്രചരണ വിഭാഗമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

വി.കെ ഇബ്രാഹിം കുഞ്ഞിന്റെ മരണവാര്‍ത്ത കേള്‍ക്കുമ്പോള്‍ ഒരു ശരാശരി മലയാളിയുടെ മനസ്സില്‍ ആദ്യം എത്തുക പാലാരിവട്ടം പാലത്തെ പറ്റിയുള്ള വാര്‍ത്ത തന്നെയാകും. എന്നാല്‍ 227 പുതിയ പാലങ്ങള്‍, അതും അതില്‍ 100 വലിയ പാലങ്ങള്‍ 400 ദിവസം കൊണ്ട് നിര്‍മിക്കാന്‍ നേതൃത്വം നല്‍കിയ പൊതുമരാമത്തു മന്ത്രിയായിരുന്നിട്ടും പാലാരിവട്ടം പാലം മാത്രം മനസ്സില്‍ എത്തുന്നതിനെയാണ് വ്യാജ ഇടത് പ്രചാരണം സൃഷ്ടിച്ച പൊതുബോധം എന്ന് പറയുന്നത്.

പാലാരിവട്ടം പാലം പഞ്ചവടി പാലം പോലെ തകര്‍ന്നു പോയ ഒന്നല്ല. ഈ സര്‍ക്കാരിന്റെ കാലത്തെ കൂളിമാട് പാലം പോലെയോ, ദേശീയപാത ഇടിഞ്ഞുവീണത് പോലെയോ പാലാരിവട്ടം പാലത്തിന് ഒന്നും സംഭവിച്ചിട്ടില്ല. ഇടത് കള്ളപ്രചാരണത്തിന്റെ ഭാരത്തെ അതിജീവിച്ച് ഇബ്രാഹിം കുഞ്ഞിന്റെ കാലത്ത് നിര്‍മിക്കപ്പെട്ട അതേ പാലം ഇന്നും അവിടെയുണ്ട്. പലകുറി അദ്ദേഹം ആവശ്യപ്പെട്ട ‘വെയിറ്റ് ടെസ്റ്റ്’ നടത്താതെ അഴിമതിയുടെ ഭാരം ഇടതുപക്ഷവും ചില മാധ്യമപ്രവര്‍ത്തകരും ചേര്‍ന്ന് അദ്ദേഹത്തിന്റെ തോളില്‍ വച്ചുകൊടുത്തത് വലിയ അനീതിയാണ്.

നാല് പതിറ്റാണ്ട് പഴക്കമുള്ള പി.ഡബ്ല്യു.ഡി മാന്വല്‍ പരിഷ്‌കരിച്ചതും, സുതാര്യതയുടെ ഭാഗമായി ഇ-ടെന്‍ഡര്‍ നടപ്പിലാക്കിയതും അദ്ദേഹത്തിന്റെ കാലത്താണ്. ഈ മികവാര്‍ന്ന പ്രവര്‍ത്തനങ്ങളുടെ പേരിലാണ് അദ്ദേഹം ഓര്‍മിക്കപ്പെടേണ്ടതെന്നും അതാണ് അദ്ദേഹത്തോട് ചെയ്യേണ്ട കാവ്യനീതി.

മുൻ പൊതുമരാമത്ത് മന്ത്രിയും മുസ്‍ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ ഇബ്രാഹീം കുഞ്ഞിന് ആദരാഞ്ജലികൾ…

Also read: