02/03/2026
[fontresizer_tawhidurrahmandear_widget]

‘കെ.എം ഷാജിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാം’; അയോഗ്യതയില്ലെന്ന് സുപ്രീം കോടതി

 ‘കെ.എം ഷാജിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാം’; അയോഗ്യതയില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജിയെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളി സുപ്രീം കോടതി. സിപിഎം നേതാവ് എം.വി നികേഷ് കുമാർ നൽകിയ ഹരജിയിലാണ് കോടതി വിധി. അയോഗ്യത വിധിക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്നും ഉത്തരവിൽ വ്യക്തമാക്കി. ഇതോടെ തെരഞ്ഞെടുപ്പുകളിൽ ഷാജിക്ക് മത്സരിക്കുന്നതിന് തടസമില്ലെന്ന് കോടതി അറിയിച്ചു. ജസ്റ്റിസുമാരായ ബി.വി നാഗരത്ന, ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിൽ വർഗീയ ധ്രുവീകരണം നടത്തി വോട്ട് പിടിച്ചു എന്നായിരുന്നു ഷാജിക്കെതിരെയുള്ള പ്രധാന ആരോപണം. ഷാജിയുടെ വിജയം ചോദ്യം ചെയ്ത് എതിർസ്ഥാനാർത്ഥി എം.വി നികേഷ് കുമാറാണ് കോടതിയെ സമീപിച്ചത്. മതസ്പർധ വളർത്തുന്ന ലഘുലേഖകൾ വിതരണം ചെയ്തു എന്ന ആരോപണം ശരിവെച്ച കേരള ഹൈക്കോടതി, 2018 നവംബറിൽ ഷാജിയുടെ വിജയം റദ്ദാക്കുകയും ആറ് വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് വിലക്കുകയും ചെയ്തിരുന്നു.

ഹൈക്കോടതി വിധിക്കെതിരെ ഷാജി നൽകിയ അപ്പീൽ പരിഗണിക്കവെ സുപ്രധാനമായ നിരീക്ഷണങ്ങളാണ് സുപ്രീം കോടതി നടത്തിയത്. സ്ഥാനാർത്ഥിയെ അയോഗ്യനാക്കാൻ ഹൈക്കോടതിക്ക് നേരിട്ട് അധികാരമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ ക്രമക്കേട് കണ്ടെത്തിയാൽ, ആ വിഷയം രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടുകയാണ് വേണ്ടത്. ഇക്കാര്യത്തിൽ ഹൈക്കോടതി സ്വന്തം അധികാര പരിധി ലംഘിച്ചുവെന്ന് കോടതി ചൂണ്ടിക്കാട്ടി.

2016-ലെ നിയമസഭയുടെ കാലാവധി 2021-ൽ തന്നെ അവസാനിച്ചു. കാലാവധി കഴിഞ്ഞ നിയമസഭയുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് ഹരജിക്ക് ഇനി നിയമപരമായ പ്രസക്തിയില്ല. അതിനാൽ, അന്ന് ഹൈക്കോടതി നടത്തിയ കണ്ടെത്തലുകൾക്കും നിലവിൽ സാധുതയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ഹൈക്കോടതി ഷാജിക്ക് വിധിച്ച അയോഗ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അത് നടപ്പിലാക്കണമെന്നുമായിരുന്നു നികേഷ് കുമാർ സുപ്രീം കോടതിയിൽ വാദിച്ചത്. എന്നാൽ, നിയമസഭയുടെ കാലാവധി അവസാനിച്ച സാഹചര്യത്തിൽ ഈ വാദം നിലനിൽക്കില്ലെന്ന് കോടതി വിധിച്ചു. ഇതോടെ ഷാജിക്കെതിരായ തെരഞ്ഞെടുപ്പ് കേസ് നടപടികൾ പൂർണമായും അവസാനിച്ചു.

Also read: