28/03/2026
[fontresizer_tawhidurrahmandear_widget]

പാരമ്പര്യത്തിന്റെ കരുത്ത് വിളിച്ചോതി പാണക്കാട്ട് പൈതൃക സമ്മേളനം

 പാരമ്പര്യത്തിന്റെ കരുത്ത് വിളിച്ചോതി പാണക്കാട്ട് പൈതൃക സമ്മേളനം

മലപ്പുറം: നൂറ്റാണ്ടിന്റെ ആദര്‍ശവും ആത്മീയ പൈതൃകവും കാത്തുസൂക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്ത് പാണക്കാട് തരീം സ്‌ക്വയറിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍. സമസ്തയുടെ നൂറാം വാര്‍ഷികത്തിന്‍രെ വിളമ്പരമായി പാണക്കാട് തരീം സ്‌ക്വയറില്‍ എസ്.വൈ.എസ് ഈസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പൈതൃക സമ്മേളനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നൂറ് വര്‍ഷക്കാലത്തെ ആദര്‍ശത്തെയും ആത്മീയ പൈതൃകത്തെയും ഉലമാ-ഉമറാ ബന്ധത്തെയും തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന ശക്തമായ പ്രഖ്യാപനമായി സമ്മേളനം മാറി.

എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭാഷയുടെയും വിശ്വാസത്തിന്റെയും ഭക്ഷണത്തിന്റെയും വസ്ത്രധാരണത്തിന്റെയും പേരില്‍ മനുഷ്യനെ വിഭജിക്കുന്ന വര്‍ത്തമാന കാലത്ത്, ഖുര്‍ആനും പ്രവാചകനും പഠിപ്പിച്ച ഐക്യത്തിന്റെ പാത പിന്തുടരണമെന്ന് സാദിഖലി തങ്ങള്‍ ആഹ്വാനം ചെയ്തു. ‘പ്രവാചകനെ പിന്‍പറ്റുകയും ഐക്യം കാത്തുസൂക്ഷിക്കുകയും ചെയ്യുക എന്ന ദൗത്യത്തോടെയാണ് പൂക്കോയ തങ്ങളും ബാഫഖി തങ്ങളും ശംസുല്‍ ഉലമയും കണ്ണിയത്ത് ഉസ്താദും അടക്കമുള്ള മുന്‍ഗാമികള്‍ പ്രവര്‍ത്തിച്ചത്. ശാസ്ത്ര-വിവര മുന്നേറ്റത്തില്‍ മൂല്യങ്ങള്‍ കൈമോശം വരാതെ നോക്കണം. വെന്ത ചോറിന് കത്തിക്കരിഞ്ഞ കനലുകള്‍ ഉണ്ടാകും. ആ കനലുകള്‍ കൂടി ഓര്‍മിക്കുന്നത് നല്ലതാണ്. ഇന്നു കാണുന്ന സൗകര്യങ്ങളും പുരോഗതിയുമെല്ലാം ഉണ്ടാക്കിയതും, അതിനു വേണ്ടി ജീവന്‍ ഹോമിച്ചവരുമായ ഒരു തലമുറയുണ്ട്,’ തങ്ങള്‍ ഓര്‍മിപ്പിച്ചു.

സയ്യിദ് സിദ്ഖ് അലി ശിഹാബ് തങ്ങള്‍ ഖിറാഅത്ത് നടത്തി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈ.പ്രസിഡന്റ് എം.കെ മൊയ്തീന്‍കുട്ടി മുസ്ലിയാര്‍ കോട്ടുമല പതാക ഉയര്‍ത്തി. പാണക്കാട് മഖ്ബറ സിയാറത്തിന് കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, ത്വാഖ അഹ്മദ് മൗലവി, സൈതാലി മുസ്‌ലിയാര്‍ മാമ്പുഴ അനുഗ്രഹ പ്രഭാഷണം നടത്തി. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ സമാപന പ്രാര്‍ത്ഥന നടത്തി.

അബ്ദുസമദ് പൂക്കോട്ടൂര്‍, ഓണംപിള്ളി മുഹമ്മദ് ഫൈസി, നാസര്‍ ഫൈസി കൂടത്തായി പ്രമേയ പ്രഭാഷണം നടത്തി. ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി പ്രമേയം അവതരിപ്പിച്ചു. ഡോ. സി.കെ അബ്ദുറഹമാന്‍ ഫൈസി അരിപ്ര, പുത്തനഴി മൊയ്തീന്‍ ഫൈസി, പി.എ ജബ്ബാര്‍ ഹാജി എളമരം, കെ.എ റഹ്മാന്‍ ഫൈസി കാവനൂര്‍, അബ്ദുല്‍ ഖാദര്‍ ഫൈസി കുന്നുംപുറം, ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി പ്രസംഗിച്ചു. എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി സലീം എടക്കര സ്വാഗതവും സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ നൗഷാദ് മണ്ണിശ്ശേരി നന്ദിയും പറഞ്ഞു.

Also read: