28/03/2026
[fontresizer_tawhidurrahmandear_widget]

ഇറാന്‍ സമുദ്രമേഖലയില്‍ നിലയുറപ്പിച്ച് യുഎസ്എസ് എബ്രഹാം ലിങ്കണ്‍; അതീവ ജാഗ്രതയില്‍ പശ്ചിമേഷ്യ

 ഇറാന്‍ സമുദ്രമേഖലയില്‍ നിലയുറപ്പിച്ച് യുഎസ്എസ് എബ്രഹാം ലിങ്കണ്‍; അതീവ ജാഗ്രതയില്‍ പശ്ചിമേഷ്യ

വാഷിങ്ടണ്‍/തെഹ്റാന്‍: പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ചുകൊണ്ട് അമേരിക്കന്‍ നാവികസേനയുടെ കരുത്തുറ്റ വിമാനവാഹിനിക്കപ്പല്‍ വ്യൂഹമായ യുഎസ്എസ് എബ്രഹാം ലിങ്കണ്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പ്രവേശിച്ചു. ഇറാന്റെ സമുദ്രമേഖലയ്ക്കടുത്ത് കപ്പല്‍ നിലയുറപ്പിച്ചതായാണു വിവരം. ഇറാനെതിരെയുള്ള ഏതൊരു സൈനിക നീക്കത്തിനും സജ്ജമാകുന്ന വിധം യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ പരിധിയിലാണ് ഇപ്പോള്‍ കപ്പല്‍വ്യൂഹമുള്ളതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാനില്‍ തുടരുന്ന ആഭ്യന്തര പ്രക്ഷോഭങ്ങള്‍ക്കിടയിലാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൈനിക നീക്കത്തിന് ഉത്തരവിട്ടതെന്നാണു വിവരം. ഒരു വിമാനവാഹിനിക്കപ്പല്‍, ഗൈഡഡ് മിസൈല്‍ ക്രൂയിസറുകള്‍, വിമാനവിരുദ്ധ യുദ്ധക്കപ്പലുകള്‍, അന്തര്‍വാഹിനി വേധ ഡെസ്‌ട്രോയറുകള്‍ എന്നിവയടങ്ങുന്ന വന്‍ സന്നാഹമാണ് മേഖലയിലേക്ക് എത്തിയിരിക്കുന്നത്.

‘അര്‍മാഡ’ എന്നാണ് ഇതിനെ ട്രംപ് വിശേഷിപ്പിച്ചത്. കടല്‍ മാര്‍ഗമുള്ള നീക്കത്തിന് പുറമെ, ജോര്‍ദാനില്‍ എഫ്-15 ഇ സ്ട്രൈക്ക് ഈഗിള്‍ വിമാനങ്ങളും ഖത്തറില്‍ ബി-52 ബോംബറുകളും അമേരിക്ക വിന്യസിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ‘താഡ്’ മിസൈല്‍ പ്രതിരോധ സംവിധാനവും മേഖലയിലെത്തുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, അമേരിക്കയുടെ ഭീഷണിക്ക് മുന്നില്‍ വഴങ്ങില്ലെന്ന നിലപാടിലാണ് ഇറാന്‍. ഇറാന്റെ പരമോന്നത നേതാവ് അലി ഖമനഇയെ ലക്ഷ്യം വെച്ചുള്ള ഏതൊരു നീക്കവും സമ്പൂര്‍ണ യുദ്ധമായി കണക്കാക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കന്‍ യുദ്ധക്കപ്പലുകളുടെ സാന്നിധ്യം തങ്ങളുടെ പ്രതിരോധത്തെ ബാധിക്കില്ലെന്ന് ഇറാന്‍ വിദേശകാര്യ വക്താവ് ഇസ്മായില്‍ ബഗായ് പറഞ്ഞു. ഒരു യുദ്ധമുണ്ടായാല്‍ മേഖലയിലെ എല്ലാ അമേരിക്കന്‍ താവളങ്ങളും തങ്ങളുടെ മിസൈലുകളുടെ പരിധിയിലാണെന്ന് ഖാതം അല്‍ അന്‍ബിയ സെന്‍ട്രല്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് കമാന്‍ഡര്‍ ജനറല്‍ അലി അബ്ദുല്ലാഹി മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ വര്‍ഷം ഇസ്രയേലുമായുണ്ടായ 12 ദിവസത്തെ യുദ്ധത്തിന് ശേഷം തങ്ങളുടെ മിസൈല്‍ ശേഷി ഗണ്യമായി വര്‍ധിച്ചതായി ഇറാന്‍ സൈന്യം വെളിപ്പെടുത്തുന്നു.

Also read: