‘ചരിത്രം നിങ്ങളെ വിചാരണ ചെയ്യും’; ഗസ്സ നിലപാടിൽ പ്രതിഷേധിച്ച് ബെർലിൻ ചലച്ചിത്ര മേളയിൽനിന്ന് പിന്മാറി അരുന്ധതി റോയ്
ബെര്‍ലിന്‍ ചലച്ചിത്ര മേള ലോഗോ, അരുന്ധതി റോയ്
ന്യൂഡല്‍ഹി: ഗസ്സ വിഷയത്തിൽ ബെർലിൻ രാജ്യാന്തര ചലച്ചിത്ര മേള (ബെർലിനാലെ) അധികൃതരും ജൂറി അംഗങ്ങളും സ്വീകരിച്ച നിലപാടുകളിൽ പ്രതിഷേധിച്ച് പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ അരുന്ധതി റോയ് മേളയിൽനിന്ന് പിന്മാറി. മേളയുടെ ജൂറി അധ്യക്ഷൻ വിം വെൻഡേഴ്സ് ഉൾപ്പെടെയുള്ളവർ ഗസ്സയിലെ വംശഹത്യയെക്കുറിച്ച് നടത്തിയ വിവാദ പരാമർശങ്ങളിൽ താൻ സ്തബ്ധയും അസ്വസ്ഥയുമാണെന്ന്പ്രസ്താവനയിലൂടെ അവർ അറിയിച്ചു. അരുന്ധതി രചന നിർവഹിച്ച ‘ഇൻ വിച്ച് ആനി ഗിവ്സ് ഇറ്റ് ദോസ് വൺസ്’ (1989) എന്ന സിനിമ മേളയിലെ ‘ക്ലാസിക്’ വിഭാഗത്തിൽ പ്രദർശിപ്പിക്കാൻ നിശ്ചയിച്ചിരുന്നു.
കലയും രാഷ്ട്രീയവും വേർതിരിച്ചു കാണണമെന്ന ജൂറി അംഗങ്ങളുടെ വാദത്തെ അരുന്ധതി റോയ് രൂക്ഷമായി വിമർശിച്ചു. “ഗസ്സയിൽ നടക്കുന്നത് ഇസ്രയേൽ ഭരണകൂടം ഫലസ്തീൻ ജനതയ്ക്ക് നേരെ നടത്തുന്ന വംശഹത്യയാണ്. അതിന് അമേരിക്കയുടെയും ജർമനിയുടെയും മറ്റ് യൂറോപ്യൻ രാജ്യങ്ങളുടെയും പൂർണ പിന്തുണയുണ്ട്”-കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ അരുന്ധതി വിമർശിച്ചു.
“നമ്മുടെ കൺമുന്നിൽ മാനവികതയ്ക്കെതിരായ ക്രമം നടന്നുകൊണ്ടിരിക്കുമ്പോൾ, കല രാഷ്ട്രീയമാകരുത് എന്ന് പറയുന്നത് ആ ക്രൂരതയെക്കുറിച്ച് സംസാരിക്കുന്നത് തടയാനുള്ള മാർഗമാണ്. കലാകാരന്മാർക്കും എഴുത്തുകാർക്കും ഇത് തുറന്നു പറയാൻ കഴിയില്ലെങ്കിൽ ചരിത്രം നിങ്ങളെ വിചാരണ ചെയ്യും.”-അരുന്ധതി റോയ് ചൂണ്ടിക്കാട്ടി.
ജൂറി അധ്യക്ഷനും പ്രശസ്ത ജർമൻ സംവിധായകനുമായ വിം വെൻഡേഴ്സ് ഉൾപ്പെടെ നടത്തിയ പരാമർശങ്ങളാണ് അരുന്ധതിയുടെ പിൻമാറ്റത്തിന് പിന്നിൽ. നമ്മൾ രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിൽക്കണം എന്നായിരുന്നു, ഗസ്സ വിഷയത്തിലുള്ള ചോദ്യങ്ങൾക്ക് വെൻഡേഴ്സ് നൽകിയ മറുപടി. സിനിമകൾക്ക് ലോകത്തെ മാറ്റാൻ കഴിയുമെങ്കിലും അത് രാഷ്ട്രീയമായ രീതിയിലല്ലെന്നും, ചലച്ചിത്ര പ്രവർത്തകർ രാഷ്ട്രീയക്കാരുടെ ജോലിയല്ല ചെയ്യേണ്ടതെന്നുമാണ് അദ്ദേഹം വാദിച്ചത്. ഗസ്സയിലെ ഇസ്രയേൽ ആക്രമണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ജൂറി അംഗങ്ങൾ ഒഴിഞ്ഞുമാറിയതും പ്രതിഷേധത്തിന് കാരണമായി.