ഫലസ്തീനികളെ പുറത്താക്കി പകരം റിക്രൂട്ട് ചെയ്ത ഇന്ത്യൻ തൊഴിലാളികൾക്ക് ഇസ്രയേലിൽ ക്രൂരമർദനം
തെൽ അവീവ്: ഇസ്രയേലിലെ അഷ്‌കലോൺ നഗരത്തിൽ ഇന്ത്യൻ തൊഴിലാളികൾക്ക് നേരെ ക്രൂരമായ ആക്രമണം. തെക്കൻ ഇസ്രയേൽ നഗരമായ അഷ്‌കലോണിലെ ഒരു പൊതു പാർക്കിൽ വെച്ചാണ് തൊഴിലാളികൾക്കു മർദനമേറ്റത്. വംശീയ വിദ്വേഷമാണ് ആക്രമണത്തിന് പിന്നിലെ പ്രധാന കാരണമെന്ന് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇസ്രായേലി ബ്രോഡ്കാസ്റ്ററായ ‘കാൻ’ പുറത്തുവിട്ട ദൃശ്യങ്ങളിൽ, ഒരു സംഘം ആളുകൾ ചേർന്ന് രണ്ട് ഇന്ത്യൻ തൊഴിലാളികളെ ക്രൂരമായി മർദിക്കുന്നത് കാണാം. പട്ടാപ്പകൽ നടന്ന ഈ ആക്രമണം മുൻകൂട്ടി പ്ലാൻ ചെയ്തതാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴി സന്ദേശങ്ങൾ കൈമാറിയാണ് അക്രമിസംഘം ഒത്തുചേർന്നതെന്നും, ഇന്ത്യൻ തൊഴിലാളികളെ ലക്ഷ്യമിട്ട് ആക്രമണ പദ്ധതി ഒരുക്കുകയായിരുന്നുവെന്നും ഹീബ്രു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഗസ്സ മുനമ്പിന് ഏകദേശം 50 കിലോമീറ്റർ മാത്രം അകലെയുള്ള നഗരമാണ് അഷ്‌കലോൺ. ഹമാസുമായുള്ള യുദ്ധത്തെത്തുടർന്ന് ഫലസ്തീൻ തൊഴിലാളികളുടെ വർക്ക് പെർമിറ്റുകൾ റദ്ദാക്കിയതോടെയാണ് ഇന്ത്യയിൽനിന്ന് വൻതോതിൽ തൊഴിലാളികൾ ഇസ്രയേലിലേക്ക് എത്തിയത്. ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള നിർമാണ തൊഴിലാളികൾ ഉൾപ്പെടെ പതിനായിരക്കണക്കിന് ഇന്ത്യക്കാരാണ് നിലവിൽ അവിടെ ജോലി ചെയ്യുന്നത്.
സംഭവത്തിൽ ഇന്ത്യൻ ഭരണകൂടത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കണമെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വിഷയം ഇസ്രയേൽ അധികൃതരുമായി സംസാരിക്കണമെന്നും കോൺഗ്രസ് വക്താക്കൾ ആവശ്യപ്പെട്ടു. വരും ആഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേൽ സന്ദർശിക്കാനിരിക്കെയാണ് ഈ സംഭവം പുറത്തുവരുന്നത്.
സുരക്ഷാ ഭീഷണിയും വ്യക്തമായ തൊഴിൽ നിയമങ്ങളുടെ അഭാവവും ചൂണ്ടിക്കാട്ടി ഇന്ത്യൻ ട്രേഡ് യൂനിയനുകൾ നേരത്തെ തന്നെ ഇസ്രയേലിലേക്കുള്ള തൊഴിലാളി റിക്രൂട്ട്മെന്റിനെതിരെ രംഗത്തുവന്നിരുന്നു. ഈ ആശങ്കകൾ ശരിവെക്കുന്ന രീതിയിലുള്ള വംശീയ ആക്രമണമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ആക്രമണവുമായി ബന്ധപ്പെട്ട് ഇസ്രയേൽ പോലീസ് ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.