02/03/2026
[fontresizer_tawhidurrahmandear_widget]

12 ദിന യുദ്ധത്തിൽ തകർത്തിട്ട ഇസ്രയേൽ ഡ്രോണുകൾ പ്രദർശിപ്പിച്ച് ഇറാൻ

 12 ദിന യുദ്ധത്തിൽ തകർത്തിട്ട ഇസ്രയേൽ ഡ്രോണുകൾ പ്രദർശിപ്പിച്ച് ഇറാൻ

തെഹ്റാൻ: വിപ്ലവത്തിന്റെ 47-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി തെഹ്റാനിലെ ആസാദി സ്‌ക്വയറിൽ നടന്ന റാലിയിൽ തകർത്ത ഇസ്രയേൽ ഡ്രോണുകളുടെ അവശിഷ്ടങ്ങൾ പ്രദർശിപ്പിച്ച് ഇറാൻ. 2025 ജൂണിൽ ഇസ്രയേലുമായി നടന്ന 12 ദിവസത്തെ യുദ്ധത്തിനിടെ വെടിവെച്ചിട്ട ഡ്രോണുകളാണ് ഇറാൻ പരസ്യമായി പ്രദർശിപ്പിച്ചത്.

കഴിഞ്ഞ വർഷം ജൂൺ 13-ന് ഇസ്രയേൽ ആരംഭിച്ച ‘ഓപറേഷൻ റൈസിങ് ലയൺ’ സൈനിക നീക്കത്തിനിടെയാണ് ഈ ഡ്രോണുകൾ ഇറാൻ വ്യോമപ്രതിരോധ സേന തകർത്തത്. ഇറാന്റെ ആണവായുധ ശേഖരം വർധിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഇസ്രയേൽ ആക്രമണം. നതാൻസ്, ഫോർദോ, ഇസ്ഫഹാൻ എന്നിവിടങ്ങളിലെ ആണവ കേന്ദ്രങ്ങളെയും സൈനിക താവളങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

1979-ലെ വിപ്ലവത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ നടന്ന ഏറ്റവും രൂക്ഷമായ ഏറ്റുമുട്ടലായിരുന്നു ഇത്. ആക്രമണത്തിൽ ഇറാന്റെ ആണവ ശാസ്ത്രജ്ഞരും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെടുകയും, അടിസ്ഥാന സൗകര്യങ്ങൾക്ക് വൻ നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. ഇതിന് മറുപടിയായി ഇറാൻ ഇസ്രയേലിലേക്ക് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും അയച്ച് തിരിച്ചടിച്ചു.

യുദ്ധം രൂക്ഷമായതോടെ അമേരിക്കയും വിഷയത്തിൽ ഇടപെട്ടു. ജൂൺ 22-ന് അമേരിക്കൻ സേന ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തി. ഒടുവിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ ജൂൺ 24-ന് വെടിനിർത്തൽ കരാർ നിലവിൽ വരികയായിരുന്നു.

വിപ്ലവ വാർഷിക ദിനത്തിൽ ഇസ്രയേൽ ഡ്രോണുകളുടെ അവശിഷ്ടങ്ങൾ പ്രദർശിപ്പിച്ചത് ഇറാന്റെ സൈനിക കരുത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും പ്രതീകമായാണ് വിലയിരുത്തപ്പെടുന്നത്. യുദ്ധത്തിൽ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിച്ചു എന്നതിന്റെ തെളിവായാണ് ഈ പ്രദർശനത്തെ ഇറാൻ വിശേഷിപ്പിക്കുന്നത്.

Also read: