02/03/2026
[fontresizer_tawhidurrahmandear_widget]

‘അമേരിക്കയുടെ വിമാനവാഹിനി കപ്പലുകളെ കടലിൽ മുക്കും’; മുന്നറിയിപ്പുമായി ഇറാൻ പരമോന്നത നേതാവ്

 ‘അമേരിക്കയുടെ വിമാനവാഹിനി കപ്പലുകളെ കടലിൽ മുക്കും’; മുന്നറിയിപ്പുമായി ഇറാൻ പരമോന്നത നേതാവ്

തെഹ്റാൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പുകൾക്ക് ശക്തമായ പ്രതികരണവുമായി ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ. അമേരിക്കൻ വിമാനവാഹിനി കപ്പലുകളെ കടലിന്റെ അടിയിലേക്ക് അയക്കാൻ ശേഷിയുള്ള ആയുധങ്ങൾ ഇറാന്റെ പക്കലുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. തങ്ങളുടെ ആയുധങ്ങൾ യുഎസ് കപ്പലുകളെക്കാൾ അപകടകാരിയാണെന്നും ഖാംനഇ പറഞ്ഞു.

കിഴക്കൻ അസർബൈജാൻ പ്രവിശ്യയിൽനിന്നുള്ള ആയിരക്കണക്കിന് വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം അമേരിക്കയ്ക്കു താക്കീത് നൽകിയത്. ‘തങ്ങളുടെ സൈന്യമാണ് ലോകത്തിലെ ഏറ്റവും ശക്തമെന്ന് അമേരിക്കൻ പ്രസിഡന്റ് ആവർത്തിച്ചു പറയുന്നുണ്ട്. എന്നാൽ, ഏറ്റവും ശക്തമായ സൈന്യത്തിന് പോലും തിരിച്ചുവരാനാകാത്ത വിധം പ്രഹരമേൽപ്പിക്കാൻ ചിലപ്പോൾ സാധിക്കും. ഇറാനിലേക്ക് വിമാനവാഹിനി കപ്പൽ അയച്ചിട്ടുണ്ടെന്നു നിരന്തരം ഭീഷണി മുഴക്കുന്നുണ്ട് അവർ. ശരിയാണ്, അവ വിനാശകാരികൾ തന്നെയാണ്. എന്നാൽ, അവയെക്കാൾ അപകടകാരിയാണ് കപ്പലുകളെ കടലിന്റെ ആഴങ്ങളിൽ മുക്കാൻ ശേഷിയുള്ള ആയുധങ്ങൾ.’-ഖാംനഇ മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ 47 വർഷമായി ഇറാനെ തകർക്കാൻ അമേരിക്കയ്ക്ക് സാധിച്ചിട്ടില്ല. ഭാവിയിലും അതിന് കഴിയില്ല. അമേരിക്കയുടെ പരാജയം ട്രംപ് തന്നെ സമ്മതിച്ച കാര്യമാണെന്നും ഖാംനഇ ചൂണ്ടിക്കാട്ടി.

ഇറാനുമായുള്ള ആണവ ചർച്ചകൾ പരാജയപ്പെട്ടാൽ സൈനിക നീക്കം നടത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് എന്ന കൂറ്റൻ വിമാനവാഹിനി കപ്പലും ആയിരക്കണക്കിന് സൈനികരെയും പശ്ചിമേഷ്യയിലേക്ക് അയക്കാൻ പെന്റഗൺ തീരുമാനിച്ചിരുന്നു. യുഎസ്എസ് എബ്രഹാം ലിങ്കൺ വിമാനവാഹിനി കപ്പലും പശ്ചിമേഷ്യയിൽ ആഴ്ചകളായി തുടരുന്നുണ്ട്. ചർച്ചകളിൽ ഇറാനെ സമ്മർദത്തിലാക്കി വിട്ടുവീഴ്ചകൾ ചെയ്യിക്കാനാണ് ട്രംപ് യുദ്ധഭീഷണി മുഴക്കുന്നതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.

ഇറാൻ സായുധ സേനാ മേധാവി മേജർ ജനറൽ അബ്ദുൽറഹീം മൂസവിയും ഞായറാഴ്ച ട്രംപിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാനെ ആക്രമിച്ചാൽ തിരിച്ചടി ഭീകരമായിരിക്കുമെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. അതോടെ ലോകത്തോട് ഭീഷണി മുഴക്കാനുള്ള ട്രംപിന്റെ ആഗ്രഹം തീരുമെന്നും മൂസവി മുന്നറിയിപ്പ് നൽകിയിരുന്നു.

Also read: