02/03/2026
[fontresizer_tawhidurrahmandear_widget]

‘ബാലിസ്റ്റിക് മിസൈൽ പദ്ധതി നിശ്ചയിച്ച പരിധി ലംഘിച്ചാൽ ഒറ്റയ്ക്ക് ഇറാനെ ആക്രമിക്കും’; ഇസ്രയേൽ അമേരിക്കയെ അറിയിച്ചതായി റിപ്പോർട്ട്

 ‘ബാലിസ്റ്റിക് മിസൈൽ പദ്ധതി നിശ്ചയിച്ച പരിധി ലംഘിച്ചാൽ ഒറ്റയ്ക്ക് ഇറാനെ ആക്രമിക്കും’; ഇസ്രയേൽ അമേരിക്കയെ അറിയിച്ചതായി റിപ്പോർട്ട്

തെൽ അവീവ്: ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതി തങ്ങളുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാണെന്നും, നിശ്ചയിക്കപ്പെട്ട പരിധി ലംഘിച്ചാൽ അമേരിക്കയുടെ സഹായമില്ലാതെ തന്നെ ഇറാനെതിരെ ആക്രമണം നടത്തുമെന്നും ഇസ്രയേൽ. ഇസ്രായേൽ പ്രതിരോധ ഉദ്യോഗസ്ഥർ അമേരിക്കൻ അധികൃതരുമായി നടത്തിയ ഉന്നതതല ചർച്ചകളിലാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് ‘ജറുസലേം പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു.

ഇറാന്റെ മിസൈൽ നിർമാണ കേന്ദ്രങ്ങളും അനുബന്ധ സൗകര്യങ്ങളും തകർക്കാനുള്ള പദ്ധതികൾ ഇസ്രയേൽ തയാറാക്കിയതായി റിപ്പോർട്ട് പറയുന്നു. ബാലിസ്റ്റിക് മിസൈലുകളുടെ കാര്യത്തിൽ ഞങ്ങൾ നിശ്ചയിച്ചിട്ടുള്ള പരിധി ഇറാൻ ലംഘിച്ചാൽ, ഞങ്ങൾ ഒറ്റയ്ക്ക് ആക്രമിക്കുമെന്നാണ് ഇസ്രയേൽ വൃത്തങ്ങൾ അമേരിക്കയെ അറിയിച്ചത്. നിലവിൽ ഇറാൻ ആ ഘട്ടത്തിൽ എത്തിയിട്ടില്ലെങ്കിലും സ്ഥിതിഗതികൾ ഇസ്രയേൽ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഇറാന്റെ മിസൈൽ സംവിധാനങ്ങൾക്ക് കനത്ത പ്രഹരമേൽപ്പിക്കാനും, ഇസ്രയേലിനും അയൽരാജ്യങ്ങൾക്കും എതിരായ ഭീഷണികൾ നിർവീര്യമാക്കാനും ഇതൊരു ചരിത്രപരമായ അവസരമാണെന്നുമാണ് ഒരു ഇസ്രയേൽ പ്രതിരോധ വൃത്തം പ്രതികരിച്ചത്.

യമനിലെ ഹൂത്തികൾക്കെതിരെ സ്വീകരിച്ചതുപോലെയുള്ള പരിമിതമായ ആക്രമണ പദ്ധതിയാണ് ഇറാനെതിരെയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വീകരിച്ചിരിക്കുന്നതെന്ന ആശങ്ക ഇസ്രയേലിനുണ്ട്. ഏതാനും ചില കേന്ദ്രങ്ങളിൽ മാത്രം ആക്രമണം നടത്തി വിജയം പ്രഖ്യാപിക്കുന്നത് ഇറാന്റെ യഥാർത്ഥ ശേഷി നിലനിർത്താൻ ഇടയാക്കുമെന്നാണ് അവർ പറയുന്നത്. ഇതിന്റെ പ്രത്യാഘാതങ്ങൾ പിന്നീട് ഇസ്രയേൽ നേരിടേണ്ടി വരുമെന്നും ഉദ്യോഗസ്ഥർ ഭയപ്പെടുന്നു. പൂർണമായ തോതിലല്ലാത്ത നടപടികൾ കൊണ്ട് ഭീഷണി അവസാനിക്കില്ലെന്നാണ് ഇസ്രയേലിന്റെ വിലയിരുത്തൽ.

അതേസമയം, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അമേരിക്കൻ സന്ദർശനത്തിൽ നിയുക്ത വ്യോമസേനാ മേധാവി ബ്രിഗേഡിയർ ജനറൽ ഒമർ ടിഷ്‌ലറും അനുഗമിക്കുന്നുണ്ട്. വാഷിങ്ടണിൽ നിലവിൽ ഡിഫൻസ് അറ്റാഷെ ഇല്ലാത്തതിനാലാണ് ടിഷ്‌ലർ ചീഫ് ഓഫ് സ്റ്റാഫിനെ പ്രതിനിധീകരിച്ച് ചർച്ചകളിൽ പങ്കെടുക്കുന്നത്.

Also read: