‘ഭക്തർക്കുപോകാൻ റോഡുണ്ടാക്കിയത് ആരപ്പാ’ എന്ന് ആരെങ്കിലും പാട്ടിറക്കിയിട്ടുണ്ടോ?- എം.എ ബേബി
അമ്പലപ്പുഴ: ശബരിമലയിൽ ഭക്തർക്കായി റോഡ് നിർമിച്ചത് പി.കെ ചന്ദ്രാനന്ദനാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.എ ബേബി. ‘ഭക്തർക്കുപോകാൻ റോഡുണ്ടാക്കിയത് ആരപ്പാ’ എന്ന് ആരെങ്കിലും പാട്ടിറക്കിയിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. വണ്ടാനത്ത് പി.കെ ചന്ദ്രാനന്ദന്റെ ഓർമ്മയ്ക്കായി നിർമിക്കുന്ന പികെസി മെമ്മോറിയൽ കെയർഹോമിന്റെ ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴ റീഹാബിലിറ്റേഷൻ ആൻഡ് പാലിയേറ്റീവ് സെന്ററാണ് കെയർഹോം നിർമിക്കുന്നത്.
ഇടതുപക്ഷമെന്ന വ്യാജേന വലതുപക്ഷം നടത്തുന്ന അവകാശവാദങ്ങൾ ജനങ്ങൾ തിരിച്ചറിയണമെന്ന് ബേബി പറഞ്ഞു. ജനങ്ങൾക്കുവേണ്ടി നിലകൊള്ളുന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ മാത്രമാണ്. അധികാരം ലഭിക്കുന്നതിന് മുൻപേ വകുപ്പ് വിഭജനവും ഉദ്യോഗസ്ഥരുടെ പട്ടികയും തയ്യാറാക്കുന്ന തിരക്കിലാണ് യുഡിഎഫുകാരെന്നും അദ്ദേഹം പരിഹസിച്ചു. സമൂഹത്തിന്റെ പ്രശ്‌നങ്ങളിൽ ഗൗരവമായ രാഷ്ട്രീയ ഉത്തരവാദിത്വം നിറവേറ്റാൻ കമ്മ്യൂണിസ്റ്റുകൾ എപ്പോഴും മുൻപന്തിയിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ സജി ചെറിയാൻ എംഎൽഎ അധ്യക്ഷത വഹിച്ചു. സി.എസ് സുജാത, സി.ബി ചന്ദ്രബാബു, കെ പ്രസാദ്, കെ.എച്ച് ബാബുജാൻ, കെ.ആർ ഭഗീരഥൻ, എം സത്യപാലൻ, മനു സി പുളിക്കൻ, എച്ച് സലാം, പി.പി ചിത്തരഞ്ജൻ, സി ഷാംജി തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്തു.