‘ഇത് നികുതിപ്പണമാണ്, പ്രീണനത്തിനുള്ളതല്ല’; സൗജന്യ വൈദ്യുതി പ്രഖ്യാപനത്തിൽ തമിഴ്‌നാടിനോട് വിശദീകരണം തേടി സുപ്രീം കോടതി
ന്യൂഡൽഹി: വോട്ട് ലക്ഷ്യമിട്ട് തെരരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സംസ്ഥാനങ്ങൾ പ്രഖ്യാപിക്കുന്ന സൗജന്യ പദ്ധതികൾക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. ഇത്തരം ‘നിരുത്തരവാദപരമായ’ പ്രഖ്യാപനങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ തകർക്കുമെന്നും നികുതിദായകരോടുള്ള അനീതിയാണെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കടുത്ത പരാമർശങ്ങൾ നടത്തിയത്.
വൈദ്യുതി വിതരണ കമ്പനികൾ (ഡിസ്‌കോമുകൾ) വൻ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ, മുന്നൊരുക്കമില്ലാതെ പെട്ടെന്ന് സൗജന്യ വൈദ്യുതി പ്രഖ്യാപിച്ചതിന്റെ കാരണമെന്തെന്ന് തമിഴ്‌നാട് സർക്കാരിനോട് കോടതി പ്രത്യേകം ചോദിച്ചു. 2024-ലെ വൈദ്യുതി ഭേദഗതി ചട്ടങ്ങളുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ ഇടപെടൽ. കൃത്യമായ ബജറ്റ് പ്ലാനിംഗില്ലാതെ ഇത്തരം വലിയ സബ്‌സിഡികൾ എങ്ങനെ നടപ്പാക്കുമെന്ന് കോടതി ചോദിച്ചു.
സൗജന്യങ്ങൾ രാജ്യത്തിന്റെ വികസനത്തെ പിന്നോട്ടടിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. “പാവപ്പെട്ടവരെയും വിദ്യാഭ്യാസം പോലുള്ള അടിസ്ഥാന സൗകര്യങ്ങളെയും പിന്തുണയ്‌ക്കേണ്ടത് സർക്കാരിന്റെ കടമയാണ്. എന്നാൽ സാമ്പത്തിക ശേഷിയുള്ള ഭൂവുടമകൾക്ക് പോലും സൗജന്യമായി വൈദ്യുതി നൽകുന്നത് ശരിയായ പ്രവണതയാണോ? ഇത് വിയർപ്പൊഴുക്കി പണിയെടുക്കുന്ന സാധാരണക്കാരുടെ നികുതിപ്പണമാണ്,” എന്ന് കോടതി ഓർമ്മിപ്പിച്ചു.
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇത്തരത്തിൽ പ്രഖ്യാപനങ്ങൾ നടത്തുന്നതിനെക്കുറിച്ച് എല്ലാ രാഷ്ട്രീയ പാർട്ടികളും സാമൂഹിക ശാസ്ത്രജ്ഞരും പുനർചിന്തനം നടത്തണം. പല സംസ്ഥാനങ്ങളും റവന്യൂ കമ്മി നേരിടുമ്പോഴും വരുമാനത്തിന്റെ 25 ശതമാനത്തോളം ഇത്തരം പ്രീണന പദ്ധതികൾക്കായി മാറ്റിവെക്കുന്നത് എന്തിനാണെന്നും, ആ പണം വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാത്തത് എന്താണെന്നും കോടതി ആരാഞ്ഞു. അർഹരായവരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും സഹായിക്കുന്നതിന് പകരം വോട്ട് ലക്ഷ്യമിട്ടുള്ള പ്രീണനമാണ് ഇത്തരം തീരുമാനങ്ങൾക്ക് പിന്നിലെന്നും കോടതി നിരീക്ഷിച്ചു.