ഇവിഎം മാറി, ബാലറ്റ് വന്നു; തെലങ്കാന തദ്ദേശ തെരഞ്ഞെടുപ്പ് തൂത്തുവാരി കോൺഗ്രസ്
ഹൈദരാബാദ്: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾക്ക് (ഇവിഎം) പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് നടന്ന നിർണായകമായ തെലങ്കാന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കോൺഗ്രസിന് ഉജ്ജ്വല വിജയം. സംസ്ഥാനത്തെ 116 മുനിസിപ്പാലിറ്റികളിലും ഏഴു മുൻസിപ്പൽ കോർപറേഷനുകളിലുമായി നടന്ന തെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷവും നേടിയാണ് മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ആധിപത്യം ഉറപ്പിച്ചത്.
ആകെ തെരഞ്ഞെടുപ്പ് നടന്ന 2,996 വാർഡുകളിൽ 1,537-ഓളം സീറ്റുകൾ കോൺഗ്രസ് ഒറ്റയ്ക്ക് നേടി. സംസ്ഥാനത്തെ 116 മുനിസിപ്പാലിറ്റികളിൽ 83 എണ്ണത്തിലും കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷം കരസ്ഥമാക്കി. കൂടാതെ, വോട്ടെടുപ്പ് നടന്ന ഏഴു മുനിസിപ്പൽ കോർപറേഷനുകളിൽ അഞ്ചിലും കോൺഗ്രസ് ഭരണമുറപ്പിച്ചു. മഞ്ചേരിയൽ, രാമഗുണ്ടം, നൽഗൊണ്ട കോർപറേഷനുകളിൽ കോൺഗ്രസ് തനിച്ച് ഭൂരിപക്ഷം നേടിയപ്പോൾ, കോത്തഗുഡത്ത് സഖ്യകക്ഷിയായ സിപിഐയുടെ സഹായത്തോടെ അധികാരം പിടിക്കാനാണ് നീക്കം.
മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ ഭാരത് രാഷ്ട്ര സമിതിക്ക് (ബിആർഎസ്) നേരിടേണ്ടി വന്നത് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടികളിലൊന്നാണ്. 2020-ലെ തെരഞ്ഞെടുപ്പിൽ 1,600-ൽ പരം വാർഡുകൾ ഉണ്ടായിരുന്ന ബിആർഎസ് ഇത്തവണ 781 സീറ്റുകളിലേക്ക് ചുരുങ്ങി. വടക്കൻ തെലങ്കാനയിലെ തങ്ങളുടെ കോട്ടകൾ പലതും കോൺഗ്രസിന് മുന്നിൽ അടിയറവ് വെക്കേണ്ടി വന്നു.
അതേസമയം, സംസ്ഥാന രാഷ്ട്രീയത്തിൽ ബിജെപി തങ്ങളുടെ സ്വാധീനം വർധിപ്പിക്കുന്ന സൂചനയും ഫലം നൽകുന്നുണ്ട്. നിസാമാബാദ്, കരീംനഗർ എന്നീ കോർപറേഷനുകളിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറാൻ ബിജെപിക്ക് സാധിച്ചു. ആകെ 335 വാർഡുകളിൽ വിജയിച്ച ബിജെപി, പലയിടങ്ങളിലും ബിആർഎസിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളുകയും ചെയ്തു. നിസാമാബാദിൽ ബിജെപിയുടെ മുന്നേറ്റം കോൺഗ്രസിനും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
മുഖ്യധാരാ പാർട്ടികളെ കൂടാതെ 180-ലധികം വാർഡുകളിൽ സ്വതന്ത്ര സ്ഥാനാർത്ഥികളാണ് വിജയിച്ചത്. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് നൽഗൊണ്ട ജില്ലയിലെ ചിറ്റിയാല മുനിസിപ്പാലിറ്റിയിൽ നിന്നുള്ള നാഗില്ല സുധാകർ (കാവേരി) എന്ന ട്രാൻസ്ജെൻഡർ സ്ഥാനാർഥിയുടെ വിജയമാണ്. യാതൊരു രാഷ്ട്രീയ പിന്തുണയുമില്ലാതെ മത്സരിച്ച കാവേരി 101 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടത്.
ഫെബ്രുവരി 16-ന് നടക്കുന്ന പ്രത്യേക കൗൺസിൽ യോഗങ്ങളിൽ വെച്ച് മേയർമാരെയും മുനിസിപ്പൽ അധ്യക്ഷന്മാരെയും തെരഞ്ഞെടുക്കും. കോൺഗ്രസ് ഭൂരിപക്ഷം നേടിയ ഇടങ്ങളിൽ തെരഞ്ഞെടുപ്പ് സുഗമമാകുമെങ്കിലും, ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത ഇടങ്ങളിൽ സ്വതന്ത്രരുടെയും വിമതരുടെയും നിലപാടുകൾ നിർണായകമാകും.
ദേശീയ തലത്തിൽ ഇവിഎമ്മുകളെ ചൊല്ലിയുള്ള വിവാദം പുകയുന്നതിനിടെ, ബാലറ്റ് പേപ്പറിൽ നടന്ന തെരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷ സഖ്യത്തിന് വലിയ ആവേശം നൽകുന്നതാണ്. വോട്ടുകൾ കൃത്യമായി എണ്ണപ്പെടുന്നുവെന്നും അട്ടിമറികൾക്ക് സാധ്യതയില്ലെന്നും ബാലറ്റ് പേപ്പർ തെളിയിച്ചതായി കോൺഗ്രസ് നേതാക്കൾ അവകാശപ്പെട്ടു. ഇവിഎമ്മിനെതിരെ പ്രതിപക്ഷം ഉയർത്തുന്ന ആരോപണങ്ങൾ ശരിവെക്കുന്ന ഫലമാണ് തെലങ്കാനയിലേതെന്നാണ് കോൺഗ്രസ് നേതാക്കൾ ചൂണ്ടക്കാട്ടുന്നത്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഡൽഹിയിലെത്തി പ്രിയങ്ക ഗാന്ധിയുൾപ്പെടെയുള്ള കേന്ദ്ര നേതാക്കളെ കണ്ട് ഉജ്ജ്വല വിജയത്തിന്റെ സന്തോഷം പങ്കിട്ടു.