06/03/2026
[fontresizer_tawhidurrahmandear_widget]

കാേടിയേരിയിൽ കോൺഗ്രസ് ഓഫിസിന് തീയിട്ടു; പിന്നിൽ സിപിഎം പ്രവർത്തകരെന്ന് കോൺഗ്രസ്

 കാേടിയേരിയിൽ കോൺഗ്രസ് ഓഫിസിന് തീയിട്ടു; പിന്നിൽ സിപിഎം പ്രവർത്തകരെന്ന് കോൺഗ്രസ്

കണ്ണൂർ: തലശ്ശേരി കോടിയേരി കല്ലിൽത്താഴത്തെ കോൺഗ്രസ് പാറാൽ മണ്ഡലം കമ്മിറ്റി ഓഫീസ് ഇന്നലെ അർധരാത്രിയോടെ തീയിട്ട് നശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. അഗ്‌നിരക്ഷാസേന എത്തിയാണ് തീയണച്ചത്. റോഡരികിലെ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ഓഫീസിനാണ് നാശനഷ്ടങ്ങൾ സംഭവിച്ചത്.

കഴിഞ്ഞദിവസം കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോർജിന് പരിക്കേറ്റതിനെച്ചൊല്ലിയുള്ള തർക്കങ്ങളാണ് അക്രമാസക്തമായത്. ഇതിൽ പ്രതിഷേധിച്ച് കണ്ണൂർ നഗരത്തിൽ എസ്എഫ്‌ഐ നടത്തിയ പ്രകടനത്തിനിടെ ഡിസിസി ഓഫീസിന് നേരെ കല്ലേറുണ്ടായി. ആക്രമണത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ, കെഎസ്‌യു സംസ്ഥാന സെക്രട്ടറി ഫർഹാൻ മുണ്ടേരി എന്നിവരടക്കം അഞ്ചുപേർക്ക് പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മന്ത്രിയെ ആക്രമിച്ച കേസിൽ കെഎസ്‌യു പ്രവർത്തകരെ സ്‌റ്റേഷനിലെത്തിച്ചതറിഞ്ഞാണ് എസ്എഫ്‌ഐ പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. ‘മന്ത്രിയെ ആക്രമിച്ചവരുടെ വീടും വഴിയും തങ്ങൾക്കറിയാമെന്നും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും’ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ശരത് രവീന്ദ്രൻ പ്രതിഷേധ യോഗത്തിൽ മുന്നറിയിപ്പ് നൽകി. അതേസമയം, ഡിസിസി ഓഫീസ് ആക്രമിച്ചാൽ അതേ രീതിയിൽ തിരിച്ചടിക്കുമെന്ന് കെഎസ്‌യു സംസ്ഥാന സെക്രട്ടറി ഫർഹാൻ മുണ്ടേരിയും വ്യക്തമാക്കി.

സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ കണ്ണൂർ ടൗൺ ഇൻസ്‌പെക്ടർ പി.എ ബിനുമോഹന്റെ നേതൃത്വത്തിൽ കൂടുതൽ പോലീസിനെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. രാഷ്ട്രീയ പോർവിളികൾ തുടരുന്നത് ജില്ലയിൽ ആശങ്ക വർദ്ധിപ്പിക്കുകയാണ്.

Also read: