02/03/2026
[fontresizer_tawhidurrahmandear_widget]

ചർച്ചയ്ക്ക് തയാറെന്ന് ഇറാനെ അറിയിച്ച് അമേരിക്ക; ചർച്ച പറ്റില്ല, സൈനിക നടപടി വേണമെന്ന് സമ്മർദവുമായി ഇസ്രയേൽ

 ചർച്ചയ്ക്ക് തയാറെന്ന് ഇറാനെ അറിയിച്ച് അമേരിക്ക; ചർച്ച പറ്റില്ല, സൈനിക നടപടി വേണമെന്ന് സമ്മർദവുമായി ഇസ്രയേൽ

ബെഞ്ചമിന്‍ നെതന്യാഹു, മസൂദ് പെസെഷ്കിയാന്‍, ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടൺ: ഇറാനുമായുള്ള ആണവ കരാർ പുനരുജ്ജീവിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നീക്കം നടത്തുന്നതായി റിപ്പോർട്ട്. പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യങ്ങൾ നിലനിൽക്കെയാണ്, ചർച്ചയ്ക്ക് തയാറാണെന്ന് അമേരിക്ക ഇറാനെ അറിയിച്ചിരിക്കുന്നത്. ഇറാനുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനും പുതിയൊരു കരാറിലെത്താനും ട്രംപ് ഭരണകൂടം രഹസ്യ ചർച്ചകൾക്കുള്ള സാധ്യതകൾ തേടുകയാണെന്ന് യുഎസ് മാധ്യമമായ ‘ആക്‌സിയോസ്’ റിപ്പോർട്ട് ചെയ്തു. എന്നാൽ, ഈ നീക്കത്തിനെതിരെ ശക്തമായ എതിർപ്പുമായി ഇസ്രയേൽ രംഗത്തെത്തി. ഇറാനുമായുള്ള ഏത് തരത്തിലുള്ള കരാറും മേഖലയിലെ സുരക്ഷയെ തകർക്കുമെന്ന് ഇസ്രയേൽ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി.

ആദ്യ ഭരണകാലത്ത് 2015-ലെ ഇറാൻ ആണവ കരാറിൽനിന്ന് (ജെസിപിഒഎ) ഏകപക്ഷീയമായി പിന്മാറുകയും ഇറാനെതിരെ ഉപരോധം കടുപ്പിക്കുകയും ചെയ്തയാളാണ് ട്രംപ്. എന്നാൽ, ഇപ്പോൾ തന്റെ രണ്ടാം ഊഴത്തിൽ നിലപാട് മാറ്റുകയാണെന്ന സൂചനയാണ് പുറത്തുവരുന്നത്. ഇറാനെതിരെ സൈനിക നീക്കത്തിന്റെ ഭാഗമായി യുഎസ്എസ് എബ്രഹാം ലിങ്കൺ ഉൾപ്പെടെയുള്ള പടക്കപ്പലുകളെ പശ്ചിമേഷ്യയിലേക്ക് അയച്ച ശേഷമാണ് ഇത്തരമൊരു പുനരാരോലചനയെന്നതും ശ്രദ്ധേയമാണ്.

ഇറാനുമായി ‘മെച്ചപ്പെട്ടൊരു കരാർ’ ഉണ്ടാക്കുക എന്നത് ട്രംപിന്റെ വിദേശനയത്തിന്റെ ഭാഗമായി മാറിയിരിക്കുന്നതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഉപരോധങ്ങൾ ലഘൂകരിക്കുന്നതിന് പകരമായി ഇറാന്റെ ആണവ പദ്ധതിക്ക് കടിഞ്ഞാണിടാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്. ഇതിനായി ഇറാൻ അധികൃതരുമായി നേരിട്ടോ അല്ലാതെയോ ഉള്ള ചർച്ചകൾക്ക് ട്രംപ് ഭരണകൂടം തയാറെടുക്കുന്നതായാണ് വിവരം.

ട്രംപിന്റെ ഗസ്സ വെടിനിർത്തൽ കരാർ ചർച്ചകൾക്ക് മേൽനോട്ടം വഹിച്ച ഖത്തർ, തുർക്കി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളാണ് പുതിയ യുഎസ്-ഇറാൻ ചർച്ചയ്ക്കും ചരടുവലിക്കുന്നത്. ഇരുരാജ്യങ്ങളുമായും ഇവർ ചർച്ചകൾ തുടരുകയാണ്. മേഖലയെ ഒന്നാകെ ബാധിക്കാനിടയുള്ള യുദ്ധസാഹചര്യം ഒഴിവാക്കാനാണ് ഇവരുടെ തിരക്കിട്ട നീക്കം. അടുത്ത ദിവസങ്ങളിൽ യുഎസ്-ഇറാൻ പ്രതിനിധികൾ തുർക്കി തലസ്ഥാനമായ അങ്കാറയിൽ ചർച്ച നടത്തുമെന്നും ‘ആക്‌സിയോസ്’ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

അതേസമയം, അമേരിക്കയുടെ പുതിയ നീക്കത്തെ ആശങ്കയോടെയാണ് ഇസ്രയേൽ നോക്കിക്കാണുന്നത്. ഇസ്രയേൽ മാധ്യമമായ ‘ചാനൽ 12’ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, ഇറാനുമായി കരാറുണ്ടാക്കാനുള്ള അമേരിക്കൻ നീക്കത്തെ തടയാൻ ഇസ്രയേൽ ഭരണകൂടം കടുത്ത സമ്മർദം ചെലുത്തുന്നുണ്ട്. കരാർ നിലവിൽ വന്നാൽ ഇറാനിലേക്കുള്ള പണമൊഴുക്ക് വർധിക്കുമെന്നും, അത് ഭീകരവാദ പ്രവർത്തനങ്ങൾക്കും ഇസ്രയേലിനെതിരായ ആക്രമണങ്ങൾക്കും ഉപയോഗിക്കപ്പെടുമെന്നുമാണ് ഇസ്രയേലിന്റെ വാദം. ഇസ്രയേൽ പ്രധാനമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും വൈറ്റ് ഹൗസുമായുള്ള ചർച്ചകളിൽ തങ്ങളുടെ എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇറാൻ ആണവ പദ്ധതി വികസിപ്പിക്കുന്നത് തടയാൻ നയതന്ത്ര മാർഗമാണ് വേണ്ടതെന്ന് ട്രംപ് ഭരണകൂടത്തിലെ ചില ഉദ്യോഗസ്ഥർ വാദിക്കുമ്പോൾ, ഇറാനെ വിശ്വസിക്കാൻ കൊള്ളില്ലെന്ന നിലപാടിലാണ് ഇസ്രയേൽ. ഗൾഫ് മേഖലയിലെ സംഘർഷങ്ങൾ കുറയ്ക്കാൻ കരാർ സഹായിക്കുമെന്ന് അമേരിക്ക കണക്കുകൂട്ടുന്നു. എന്നാൽ, ഇറാൻ ആണവായുധം നിർമിക്കാനുള്ള ശേഷി കൈവരിച്ചാൽ അത് തങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാകുമെന്ന് ഇസ്രയേൽ ഭയപ്പെടുന്നു. ട്രംപിന്റെ പുതിയ നീക്കം അമേരിക്കയും ഇസ്രയേലും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ വീഴ്ത്തുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

Also read: