തിരുവനന്തപുരം, വട്ടിയൂർക്കാവ്, നേമം, കഴക്കൂട്ടം; എസ്‌ഐആർ അന്തിമ പട്ടികയിൽ വൻ വോട്ട് ചോർച്ച-മുന്നണികൾക്ക് ചങ്കിടിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർപട്ടിക പുതുക്കിയപ്പോൾ വോട്ടർമാരുടെ എണ്ണത്തിൽ വൻ കുറവ് രേഖപ്പെടുത്തിയത് രാഷ്ട്രീയ മുന്നണികളെ ആശങ്കയിലാഴ്ത്തുന്നു. സംസ്ഥാനത്താകെ 8.97 ലക്ഷം വോട്ടർമാർ പട്ടികയിൽനിന്ന് പുറത്തായപ്പോൾ, തിരുവനന്തപുരം ജില്ലയിലെ നാല് പ്രധാന നഗര മണ്ഡലങ്ങളിൽ മാത്രം ഒന്നര ലക്ഷത്തിലധികം വോട്ടർമാരുടെ കുറവുണ്ടായതാണ് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിക്കുന്നത്.
പ്രത്യേകിച്ചും സംസ്ഥാനത്ത് ബിജെപിക്ക് വിജയസാധ്യതയുള്ള മണ്ഡലങ്ങളിലാണ് വൻ തോതിൽ വോട്ട് കുറഞ്ഞിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം, വട്ടിയൂർക്കാവ്, നേമം, കഴക്കൂട്ടം എന്നീ മണ്ഡലങ്ങളിലാണ് ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം: 47647, വട്ടിയൂർക്കാവ്: 42580, നേമം: 38063, കഴക്കൂട്ടം: 32769 എന്നിങ്ങനെയാണു വോട്ട് കുറവ് വന്നിരിക്കുന്നത്. നഗരമേഖലയിലെ ഫ്‌ലാറ്റുകളിലും അപ്പാർട്ട്‌മെന്റുകളിലും താമസിക്കുന്ന പലരെയും എന്യൂമറേഷൻ സമയത്ത് കണ്ടെത്താൻ കഴിയാത്തതും, താമസം മാറിയവരെ വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്തതുമാണ് ഇത്രയും വലിയ കുറവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തുച്ഛമായ ഭൂരിപക്ഷത്തിന് സ്ഥാനാർത്ഥികൾ വിജയിച്ച മണ്ഡലങ്ങളിൽ വോട്ടർമാരുടെ എണ്ണത്തിലുണ്ടായ ഈ മാറ്റം നിർണായകമാകും. നേമത്ത് കഴിഞ്ഞ തവണ വി. ശിവൻകുട്ടി വിജയിച്ചത് 3,949 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു. എന്നാൽ, ഇപ്പോൾ അവിടെ 38,063 വോട്ടർമാരുടെ കുറവാണ് വന്നിരിക്കുന്നത്. സമാനമായ രീതിയിൽ തിരുവനന്തപുരം(ഭൂരിപക്ഷം 7,089), തൃപ്പൂണിത്തുറ(ഭൂരിപക്ഷം 992), തൃശൂർ (ഭൂരിപക്ഷം 946) തുടങ്ങിയ മണ്ഡലങ്ങളിലും ഭൂരിപക്ഷത്തേക്കാൾ എത്രയോ മടങ്ങ് വോട്ടർമാർ പട്ടികയിൽനിന്ന് പുറത്തായിട്ടുണ്ട്. ഇത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ഇടതു-വലതു മുന്നണികൾ.
തെക്കൻ ജില്ലകളിൽ വോട്ടർമാരുടെ എണ്ണത്തിൽ കുറവുണ്ടായപ്പോൾ വടക്കൻ കേരളത്തിൽ പലയിടത്തും എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്. മലപ്പുറം ജില്ലയിലെ വേങ്ങരയിലാണ് ഏറ്റവും കൂടുതൽ വോട്ടർമാർ വർധിച്ചത്(19,797 പേർ). മലപ്പുറത്തെ 16 മണ്ഡലങ്ങളിലും വോട്ടർമാരുടെ എണ്ണം കൂടിയിട്ടുണ്ട്.
ഏറ്റവും കൂടുതൽ വോട്ട് കുറഞ്ഞ മണ്ഡലങ്ങളിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിലും കോർപറേഷൻ തെരഞ്ഞെടുപ്പിലും ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഈ സാഹചര്യത്തിൽ വോട്ടർപട്ടികയിൽ വന്ന മാറ്റം ആരെ തുണയ്ക്കുമെന്നത് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുകയാണ്.