30/03/2026
[fontresizer_tawhidurrahmandear_widget]

ഇസ്രയേലിൽ 24 മണിക്കൂറിനിടെ 191 പേർക്ക് പരിക്ക്; ആശുപത്രികളിൽ ചികിത്സ തേടിയവർ 2,300 കടന്നു

 ഇസ്രയേലിൽ 24 മണിക്കൂറിനിടെ 191 പേർക്ക് പരിക്ക്; ആശുപത്രികളിൽ ചികിത്സ തേടിയവർ 2,300 കടന്നു

തെൽ അവീവ്: ഇറാനുമായുള്ള യുദ്ധം 11-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഇസ്രയേലിൽ ആൾനാശവും നാശനഷ്ടങ്ങളും വൻതോതിൽ വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം സൈനികരും സിവിലിയന്മാരും ഉൾപ്പെടെ 191 പേർക്ക് പരിക്കേറ്റതായി ഇസ്രയേൽ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചതിന് ശേഷം ഇതുവരെ 2,339 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്.

കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 191 പേരിൽ നിരവധി പേരുടെ നില അതീവ ഗുരുതരമാണ്. ഇവർ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടുരകയാണ്. നിസ്സാരമായി പരിക്കേറ്റവർ പ്രാഥമിക പരിചരണം ലഭിച്ച ശേഷം ആശുപത്രി വിട്ടിട്ടുണ്ടെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ശാരീരിക പരിക്കുകൾക്ക് പുറമെ, കനത്ത മിസൈൽ ആക്രമണങ്ങളെത്തുടർന്നുണ്ടായ കടുത്ത ഉത്കണ്ഠയും മാനസികാഘാതവും കാരണം പത്ത് പേർ ചികിത്സ തേടിയിട്ടുണ്ട്. മൂന്ന് പേർ നിരീക്ഷണത്തിലാണ്. യുദ്ധം തുടങ്ങിയത് മുതൽ ഇതുവരെ ചികിത്സ തേടിയവരിൽ 95 പേർ ഇപ്പോഴും ആശുപത്രികളിൽ തുടരുകയാണ്. ഇതിൽ 11 പേർ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട വാർത്താകുറിപ്പിൽ വിശദീകരിക്കുന്നു.

തുടർച്ചയായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെത്തുടർന്ന് ഇസ്രയേലിലെ ആരോഗ്യ സംവിധാനങ്ങൾ വലിയ പ്രതിസന്ധിയിലാണ്. പല ആശുപത്രികളും ഭൂഗർഭ നിലകളിലേക്കും പാർക്കിങ് ഏരിയകളിലേക്കും താൽക്കാലിക വാർഡുകൾ മാറ്റിയിട്ടുണ്ട്. ജെറുസലേമിലെ ഷാരെ സെഡെക് ആശുപത്രിയുൾപ്പെടെയുള്ള പ്രമുഖ കേന്ദ്രങ്ങൾ യുദ്ധകാലാടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്.

അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനിൽ നടത്തുന്ന ‘ഓപറേഷൻ എപിക് ഫ്യൂറി’ക്ക് തിരിച്ചടിയായാണ് ഇറാൻ മിസൈൽ വർഷം നടത്തുന്നത്. കഴിഞ്ഞ ദിവസം യെഹൂദ് നഗരത്തിൽ ഇറാന്റെ മിസൈൽ പതിച്ച് ഒരാൾ കൊല്ലപ്പെട്ടതായും അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഇതിനിടെ, യുദ്ധം ഉടൻ അവസാനിച്ചേക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചിപ്പിച്ചെങ്കിലും, ആക്രമണം തുടരുമെന്ന നിലപാടിലാണ് ഇറാൻ റെവല്യൂഷണറി ഗാർഡ്.

ഇസ്രയേലിൽ സൈറണുകൾ മുഴങ്ങുന്നതും ജനങ്ങൾ ബങ്കറുകളിൽ അഭയം തേടുന്നതും തുടരുകയാണ്. ലബനാൻ അതിർത്തിയിൽ ഹിസ്ബുല്ലയുടെ ആക്രമണത്തിലും നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

Also read: