30/03/2026
[fontresizer_tawhidurrahmandear_widget]

ഇറാഖിൽ യുദ്ധവിമാനം തകർന്ന് 4 യുഎസ് സൈനികർ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് സെൻട്രൽ കമാൻഡ്

 ഇറാഖിൽ യുദ്ധവിമാനം തകർന്ന് 4 യുഎസ് സൈനികർ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് സെൻട്രൽ കമാൻഡ്

ബഗ്ദാദ്: ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾക്കിടയിൽ പടിഞ്ഞാറൻ ഇറാഖിൽ തകർന്നുവീണ അമേരിക്കൻ യുദ്ധവിമാനത്തിലുണ്ടായിരുന്ന നാല് സൈനികരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വ്യോമസേനയുടെ ഇന്ധനവാഹിനി വിമാനത്തിലുണ്ടായിരുന്ന സൈനികരാണു കൊല്ലപ്പെട്ടതെന്ന് യുഎസ് സൈന്യം സ്ഥിരീകരിച്ചു. വ്യാഴാഴ്ച നടന്ന ദൗത്യത്തിനിടെ അപ്രതീക്ഷിതമായാണ് അപകടമുണ്ടായതെന്ന് യുഎസ് സെൻട്രൽ കമാൻഡിനെ(സെന്റ്‌കോം) ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ശത്രുരാജ്യത്തിന്റെ ആക്രമണമോ അല്ലെങ്കിൽ അബദ്ധത്തിൽ സ്വന്തം സൈന്യത്തിന്റെ തന്നെ വെടിയേറ്റതോ അല്ല അപകടത്തിന് കാരണമെന്നാണ് സെന്റ്‌കോം വിശദീകരിക്കുന്നത്. വിമാനങ്ങൾ തമ്മിലുള്ള സാങ്കേതികമായ പ്രശ്‌നങ്ങളോ മറ്റ് അപകടങ്ങളോ ആകാം ഇതിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ദൗത്യത്തിൽ ഏർപ്പെട്ടിരുന്ന രണ്ടാമതൊരു അമേരിക്കൻ ടാങ്കർ വിമാനം കൂടി അപകടത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങൾ സൂചിപ്പിച്ചു. എന്നാൽ, ഇതിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഇന്നലെ കൊല്ലപ്പെട്ട നാല് പേരും വ്യോമസേനാ ഉദ്യോഗസ്ഥരാണ്. ഈ അപകടത്തോടെ ഫെബ്രുവരി 28-ന് തുടങ്ങിയ യുദ്ധത്തിൽ കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ എണ്ണം 11 ആയി ഉയർന്നു. വിമാനം തകർന്നുവീണ ഉടൻ തന്നെ പടിഞ്ഞാറൻ ഇറാഖിൽ യുഎസ് സൈന്യം വിപുലമായ തിരച്ചിൽ ആരംഭിച്ചിരുന്നു. എന്നാൽ, സൈനികരുടെ ജീവൻ രക്ഷിക്കാനായില്ല.

ആകാശത്തുവെച്ച് യുദ്ധവിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്ന കെസി-135 പോലുള്ള ടാങ്കർ വിമാനങ്ങൾ യുദ്ധസമയത്ത് അതീവ പ്രാധാന്യമുള്ളവയാണ്. ഇത്തരം വിമാനങ്ങൾ അപകടത്തിൽപ്പെടുന്നത് അമേരിക്കയുടെ വ്യോമാക്രമണങ്ങളുടെ വേഗതയെ ബാധിച്ചേക്കാം. പശ്ചിമേഷ്യയിൽ യുദ്ധം രണ്ടാഴ്ച പിന്നിടുമ്പോൾ അമേരിക്കൻ സൈന്യത്തിന് നേരിടുന്ന വലിയ തിരിച്ചടികളിലൊന്നായാണ് വിമാനാപകടം വിലയിരുത്തപ്പെടുന്നത്.

Also read: