‘സിപിഎമ്മിൽ മൂല്യച്യുതിയും വ്യക്തിതാൽപ്പര്യങ്ങളും’; വർക്കലയിൽ ഏരിയ കമ്മിറ്റി അംഗം ബിജെപി സ്ഥാനാർത്ഥി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വർക്കലയിൽ സിപിഎമ്മിനെ ഞെട്ടിച്ച് പ്രമുഖ നേതാവ് ബിജെപിയിലേക്ക്. സിപിഎം ഏരിയ കമ്മിറ്റി അംഗവും മുൻ വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. സ്മിത സുന്ദരേശൻ ബിജെപിയിൽ ചേർന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വർക്കല മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായി സ്മിത സുന്ദരേശൻ ജനവിധി തേടും.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് അംഗത്വം സ്വീകരിച്ച സ്മിത, ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവെച്ച ശേഷമാണ് പുതിയ രാഷ്ട്രീയ ചുവടുവെപ്പ് നടത്തിയത്. അന്തരിച്ച പ്രമുഖ സിപിഎം നേതാവ് സുന്ദരേശന്റെ മകൾ കൂടിയായ സ്മിതയുടെ മാറ്റം ഇടതുപക്ഷ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. സിപിഎമ്മിലെ മൂല്യച്യുതിയും വ്യക്തിതാൽപ്പര്യങ്ങളുമാണ് പാർട്ടി വിടാൻ പ്രേരിപ്പിച്ചതെന്ന് സ്മിത മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന പ്രവർത്തനങ്ങളിൽ ആകൃഷ്ടയായാണ് ബിജെപിയിലേക്ക് എത്തിയതെന്നും അവർ കൂട്ടിച്ചേർത്തു.
നേരത്തെ വർക്കല സീറ്റ് ബിഡിജെഎസിന് നൽകിയതിൽ ബിജെപി പ്രാദേശിക നേതൃത്വത്തിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ബിജെപി സ്ഥാനാർത്ഥി വേണമെന്ന ആവശ്യവുമായി പ്രാദേശിക നേതാക്കൾ രംഗത്തെത്തുകയും വിമത ഭീഷണി ഉയർത്തുകയും ചെയ്തിരുന്നു. ഈ തർക്കങ്ങൾക്കൊടുവിലാണ് സീറ്റ് ബിജെപി തന്നെ ഏറ്റെടുക്കാനും ജനകീയ മുഖമായ സ്മിത സുന്ദരേശനെ തന്നെ കളത്തിലിറക്കാനും തീരുമാനമായത്. സ്മിതയുടെ വരവോടെ വർക്കലയിൽ ഇത്തവണ ശക്തമായ ത്രികോണ മത്സരത്തിനുള്ള കളമൊരുങ്ങിയിരിക്കുകയാണ്.