29/03/2026
[fontresizer_tawhidurrahmandear_widget]

‘എസ്ഡിപിഐയെപ്പറ്റി ഞാനാണോ പറയേണ്ടത്; അവരോട് പോയി ചോദിക്കണം’; ക്ഷോഭിച്ച് മുഖ്യമന്ത്രി

 ‘എസ്ഡിപിഐയെപ്പറ്റി ഞാനാണോ പറയേണ്ടത്; അവരോട് പോയി ചോദിക്കണം’; ക്ഷോഭിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സിപിഎം-എസ്ഡിപിഐ രഹസ്യ ധാരണയുണ്ടെന്ന ആരോപണങ്ങളിൽ മാധ്യമപ്രവർത്തകരോട് ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സർക്കാരിന്റേതെന്ന് വിശദീകരിക്കുന്നതിനിടെ ഉയർന്ന ചോദ്യങ്ങളാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. എസ്ഡിപിഐയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോൾ, “എസ്ഡിപിഐയെപ്പറ്റി ഞാനാണോ പറയേണ്ടത്, അവരോട് പോയി ചോദിക്കണം” എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പരസ്യമായി പറയുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ അദ്ദേഹം തയ്യാറായില്ല. നിലപാടുകൾ ആ സംഘടനയോട് തന്നെ ചോദിക്കണമെന്നും എല്ലാത്തരം വർഗീയതയെയും ഒരേപോലെ എതിർക്കുമെന്നും അദ്ദേഹം ആവർത്തിച്ചു. എൽഡിഎഫിനെ മോശമായി ചിത്രീകരിക്കാനും യുഡിഎഫിനെ പരിശുദ്ധരാക്കി മാറ്റാനുമാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തുടർഭരണം ലഭിച്ചത് ഗിമ്മിക്കുകൾ കൊണ്ടല്ലെന്നും ‘ഡീൽ’ ആരോപണം കോൺഗ്രസ് ചമച്ച നുണയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള ഇടപെടലിലൂടെയാണ് സിപിഎം-എസ്ഡിപിഐ ധാരണയുണ്ടായതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. വേങ്ങര, മങ്കട സീറ്റുകളിൽ മുൻപ് എസ്ഡിപിഐ സ്ഥാനാർത്ഥികളായിരുന്നവരാണ് ഇപ്പോൾ സിപിഎം ടിക്കറ്റിൽ മത്സരിക്കുന്നത്. പിഡിപി പരസ്യമായി സിപിഎമ്മിന് പിന്തുണ പ്രഖ്യാപിച്ചതും ഇതിന്റെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ, ചെന്നിത്തലയുടെ ആരോപണങ്ങൾ സുനിൽ കനഗോലുവിന്റെ ‘ക്യാപ്സ്യൂൾ’ ആണെന്നായിരുന്നു സിപിഎം നേതാവ് എം.എ ബേബിയുടെ പരിഹാസം. പിന്തുണയ്ക്കുമെന്ന് ചില സംഘടനകൾ പറയുന്നത് അവരുടെ അനുഭവത്തിന്റെ വെളിച്ചത്തിലാകാമെന്നും എസ്ഡിപിഐ നിലപാട് അവർ വ്യക്തമാക്കട്ടെ എന്നും ബേബി പറഞ്ഞു. മുഖ്യമന്ത്രിയെപ്പോലെ തന്നെ, എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പറയാൻ എം.എ ബേബിയും തയ്യാറായില്ല എന്നത് ശ്രദ്ധേയമാണ്.

Also read: