‘ഇറാന്‍ ആക്രമണത്തിലെ നാശനഷ്ടങ്ങളുടെ ചിത്രം പങ്കുവെച്ചാൽ 5 വർഷം തടവ്’; നെതന്യാഹു സർക്കാർ ഭീഷണിപ്പെടുത്തിയെന്ന് മുൻ ഇസ്രായേൽ സൈനികൻ
തെൽ അവീവ്: ഇറാൻ തൊടുത്തുവിട്ട മിസൈലുകൾ ഇസ്രയേലിൽ വരുത്തിയ നാശനഷ്ടങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാൽ അഞ്ച് വർഷം തടവ് അനുഭവിക്കേണ്ടി വരുമെന്ന് നെതന്യാഹു സർക്കാർ ഭീഷണിപ്പെടുത്തിയതായി വെളിപ്പെടുത്തൽ. മുൻ ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) അംഗമായ യിത്സാക് ഹമൂമി ആണ് എക്‌സിലൂടെ ആരോപണങ്ങളുമായി രംഗത്തെത്തിയത്.
‘നെതന്യാഹു സർക്കാർ ലോകം കാണരുതെന്ന് ആഗ്രഹിക്കുന്ന കാര്യങ്ങളാണിവ. ഇറാൻ മിസൈലുകൾ ഇസ്രയേലിൽ വിതച്ച നാശത്തിന്റെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചതിന് അഞ്ച് വർഷത്തെ തടവുശിക്ഷ ലഭിക്കുമെന്ന നിരവധി മുന്നറിയിപ്പുകൾ ഇന്ന് രാവിലെ എനിക്ക് ലഭിച്ചു,’ ഹമൂമി ഹീബ്രു ഭാഷയിൽ കുറിച്ചു.
ഇസ്രയേലിന് സംഭവിച്ച നാശനഷ്ടങ്ങൾ നെതന്യാഹു സർക്കാർ അവകാശപ്പെടുന്നതിനേക്കാൾ ഭീകരമാണെന്ന് ഹമൂമി ആരോപിക്കുന്നു. ഈ തിരിച്ചടി പുറംലോകം അറിയാതിരിക്കാനാണ് വാർത്താ വിലക്കും ഭീഷണിയും ഉപയോഗിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വാദം.
തെൽ അവീവ്, രാമത് ഗാൻ എന്നിവിടങ്ങളിൽ മിസൈലുകൾ പതിക്കുന്നതിന്റെ ദൃശ്യങ്ങളും ഹമൂമി പങ്കുവെച്ചിട്ടുണ്ട്. ഇറാന്റെ മിസൈൽ പ്രഹരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടുന്നതിന് ഇസ്രയേൽ സൈനിക സെൻസർമാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അൽ ജസീറ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സ്വതന്ത്രമായ വസ്തുതാന്വേഷണത്തെ ഇത് തടയുന്നുവെന്ന് ആരോപണമുണ്ട്.
ഫെബ്രുവരി 28ന് ആരംഭിച്ച യുദ്ധത്തിൽ ഇസ്രയേലിന് നേരെ നൂറുകണക്കിന് മിസൈലുകളും ഡ്രോണുകളുമാണ് ഇറാൻ പ്രയോഗിച്ചത്. ഇതുവരെ 11 സിവിലിയന്മാരുടെ മരണം മാത്രമാണ് ഇസ്രയേൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാൽ, സൈനിക സെൻസർഷിപ്പ് നിലനിൽക്കുന്നതിനാൽ നാശനഷ്ടങ്ങളുടെ യഥാർഥ കണക്കുകൾ ലഭ്യമല്ല.
ഹമൂമിയുടെ പോസ്റ്റ് ഇതിനോടകം നാല് ലക്ഷത്തിനടുത്ത് ആളുകൾ കണ്ടു കഴിഞ്ഞു. ഹമൂമിയുടെ വെളിപ്പെടുത്തലുകളോട് നെതന്യാഹു സർക്കാരോ ഇസ്രയേൽ സൈനിക വൃത്തങ്ങളോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യുദ്ധകാലത്ത് സുരക്ഷാ വിവരങ്ങൾ സെൻസർ ചെയ്യുന്നത് ഇസ്രായേലിൽ പതിവാണെങ്കിലും, മുൻ സൈനികൻ തന്നെ ഇത്തരമൊരു വെളിപ്പെടുത്തൽ നടത്തിയത് ഭരണകൂടത്തെ വെട്ടിലാക്കുന്നതാണ്.