യൂറോപ്പിലേക്കും യുദ്ധം പടരുന്നു; ബ്രിട്ടീഷ് താവളം സ്ഥിതി ചെയ്യുന്ന സൈപ്രസിനു നേരെ ഇറാന്റെ മിസൈൽ വർഷം
നിക്കോഷ്യ/തെഹ്‌റാൻ: പശ്ചിമേഷ്യയിലെ സംഘർഷം പുതിയ തലങ്ങളിലേക്ക് വ്യാപിക്കുന്നു. ചരിത്രത്തിലാദ്യമായി ഒരു യൂറോപ്യൻ രാജ്യത്തിന് നേരെ ഇറാൻ മിസൈൽ വിക്ഷേപിച്ചതായി ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജോൺ ഹീലി സ്ഥിരീകരിച്ചു. സൈപ്രസിന് നേരെ രണ്ട് മിസൈലുകളാണ് ഇറാൻ വിക്ഷേപിച്ചത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രഖ്യാപിച്ച പ്രത്യാക്രമണത്തിന്റെ ഭാഗമായാണ് പുതിയ നീക്കം.
സൈപ്രസിലെ ബ്രിട്ടീഷ് പരമാധികാര താവളങ്ങളെ നേരിട്ട് ലക്ഷ്യം വെച്ചല്ല ആക്രമണമെന്ന് ബ്രിട്ടൻ അവകാശപ്പെടുമ്പോഴും, ഇത് വലിയൊരു ഭീഷണിയാണെന്ന് ഹീലി മുന്നറിയിപ്പ് നൽകി. പശ്ചിമേഷ്യയിലെ രഹസ്യാന്വേഷണ പ്രവർത്തനങ്ങൾക്കായി അമേരിക്കയും ബ്രിട്ടനും ഒരുപോലെ ആശ്രയിക്കുന്ന താവളങ്ങളാണ് സൈപ്രസിലുള്ളത്. ആർഎഎഫ് അക്രോതിരി ഇതിൽ പ്രധാനപ്പെട്ട താവളമാണ്. ബ്രിട്ടീഷ് വ്യോമസേനയുടെ താവളമാണിത്.
മറ്റൊന്ന് ആർഎഎഫ് ട്രൂഡോസ് ആണ്. മിഡിൽ ഈസ്റ്റിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ അമേരിക്കൻ ഏജൻസിയായ എൻഎസ്എയും ബ്രിട്ടീഷ് ഏജൻസിയായ ഏഇഒഝവും ഉപയോഗിക്കുന്ന നിർണായകമായ ‘ലിസണിങ്
പോസ്റ്റ്’ ആണിത്. രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഉപയോഗിക്കുന്ന നിരീക്ഷണ കേന്ദ്രമായ അയോസ് നിക്കോളാസ് സ്ഥിതി ചെയ്യുന്നതും സൈപ്രസിൽ തന്നെയാണ്. സൈപ്രസിൽ അമേരിക്കയ്ക്ക് സ്വന്തമായി സൈനിക താവളങ്ങൾ ഇല്ലെങ്കിലും, രഹസ്യാന്വേഷണ ആവശ്യങ്ങൾക്കായി ഈ ബ്രിട്ടീഷ് കേന്ദ്രങ്ങളെയാണ് അവർ പൂർണമായും ആശ്രയിക്കുന്നത്.