സൗദി, തുർക്കി, ഒമാൻ, ആക്രമണങ്ങളിൽ പങ്കില്ലെന്ന് ഇറാൻ; സൈപ്രസിൽ എത്തിയത് ഇറാന്റെ ഡ്രോണല്ലെന്ന് യു.കെ-പശ്ചിമേഷ്യയിൽ ‘ഫാൾസ് ഫ്ളാഗ്’ ഓപറേഷൻ?
പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന സൈനിക നീക്കങ്ങൾ അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോൾ, ദുരൂഹതയുണർത്തുന്ന പുതിയ നീക്കങ്ങളെക്കുറിച്ചും സംശയം ഉയരുകയാണ്. സൗദി അറേബ്യ, തുർക്കി, ഒമാൻ, അസർബൈജാൻ എന്നീ രാജ്യങ്ങൾക്ക് നേരെ കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്ത ആക്രമണങ്ങളിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഇറാൻ ഔദ്യോഗികമായി വ്യക്തമാക്കിക്കഴിഞ്ഞതാണ് സംശയങ്ങളുണർത്തുന്നത്. ഇതിനു പുറമെ സൈപ്രസിലെ ബ്രിട്ടീഷ് താവളം ലക്ഷ്യമാക്കി എത്തിയ ഡ്രോണുകൾ ഇറാന്റേതല്ലെന്ന് യുകെ വൃത്തങ്ങളും സ്ഥിരീകരിച്ചിരുന്നു.
അയൽരാജ്യങ്ങളെ തങ്ങൾ ലക്ഷ്യം വെക്കുന്നില്ലെന്നും ശത്രുതാവളങ്ങൾ മാത്രമാണ് ആക്രമിക്കുന്നതെന്നും ഇറാൻ വ്യക്തമാക്കുകയും ചെയ്തതോടെയാണ് മറ്റാരുടെയോ കരങ്ങൾ പിന്നിലുണ്ടെന്ന സംശയം ബലപ്പെടുന്നത്. മേഖലയിലെ സംഘർഷം വ്യാപിപ്പിക്കാൻ ഇസ്രയേൽ നടത്തുന്ന ഗൂഢനീക്കങ്ങളാണോ ഈ ആക്രമണങ്ങൾക്ക് പിന്നിലെന്ന സംശയം രാഷ്ട്രീയ നിരീക്ഷകർ ഉയർത്തുന്നുണ്ട്. ഇതോടൊപ്പം ഇറാനുമായി കൂടുതൽ സൗഹൃദത്തിലുള്ളതോ മുൻകാലത്തെക്കാൾ അടുപ്പം കാണിക്കുകയോ ചെയ്യുന്ന രാജ്യങ്ങളെ കൂടി കളത്തിലിറക്കി ഇറാനെ സമ്പൂർണമായി ഒറ്റപ്പെടുത്താനുള്ള നീക്കമായും വിലയിരുത്തുന്നവരുണ്ട്.
സൗദി അറേബ്യയിലെ അരാംകോ എണ്ണക്കമ്പനിക്കു നേരെ നടന്ന ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഇറാൻ തുടക്കത്തിൽ തന്നെ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ മാത്രമാണെന്ന് ഇറാൻ ആവർത്തിച്ചു. അടുത്ത കാലത്തായി ഇറാനുമായി കൂടുതൽ നയതന്ത്ര ചർച്ചകളും സൗഹൃദ നിലപാടും സ്വീകരിക്കുന്ന രാജ്യം കൂടിയാണ് സൗദിയെന്നതു ശ്രദ്ധേയമാണ്. ചരിത്രപരമായി സൗദി ഇറാനോട് പുലർത്തിയിരുന്ന കടുത്ത നിലപാടിൽ അയവുവന്ന സമയം കൂടിയാണിത്. മറുവശത്ത് അവർ ഇസ്രയേലിനോട് കൂടുതൽ കടുപ്പിക്കുകയും ചെയ്തിരുന്നുവെന്നതു ശ്രദ്ധിക്കണം.
ആണവ ചർച്ചയ്ക്കു മാധ്യസ്ഥം വഹിക്കുന്ന ഒമാനുനേരെ അവസാനമായാണ് ആക്രമണം നടക്കുന്നത്. എന്നാൽ, ഇത് രാഷ്ട്രീയ നിരീക്ഷകരെയെല്ലാം ഒരുപോലെ ഞെട്ടിച്ചിരുന്നു. പ്രത്യേകിച്ചും ഇറാനോട് അടുത്ത ബന്ധം പുലർത്തുന്ന രാജ്യം കൂടിയാണ് ഒമാൻ. എന്നാൽ, ആക്രമണ വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ തങ്ങൾക്കു പങ്കില്ലെന്ന് ഇറാൻ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഒമാൻ തങ്ങളുടെ ‘സുഹൃദ് രാജ്യ’മാണെന്നും ആക്രമണ വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഏറ്റവുമൊടുവിൽ ഇറാന്റെ സുഹൃദ് രാജ്യമായ തുർക്കിക്കുനേരെയും ഡ്രോൺ ആക്രമണമുണ്ടായി. ഡ്രോണുകൾ നാറ്റോ സംവിധാനങ്ങൾ ഉപയോഗിച്ച് തടഞ്ഞതായാണ് റിപ്പോർട്ടുകൾ വന്നത്. ഇസ്രയേലിനെതിരെ കടുത്ത നിലപാടുള്ള മേഖലയിലെ വൻശക്തി രാജ്യം കൂടിയാണ് തുർക്കി എന്നത് ഓർക്കണം. ഇറാനുമായി അടുത്ത ബന്ധവും കാത്തുസൂക്ഷിക്കുന്നുണ്ട്. അങ്ങനെയൊരു രാജ്യത്തെ ഇറാൻ ആക്രമിക്കുമോ എന്ന സംശയം തുടക്കംതൊട്ടേ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് തുർക്കിയെ തങ്ങൾ ആക്രമിച്ചിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കിയത്.
ഇസ്രയേലുമായി ഉറ്റബന്ധമുള്ള, നയതന്ത്ര ബന്ധം സ്ഥാപിച്ച മേഖലയിലെ അപൂർവം മുസ്ലിം രാജ്യങ്ങളിലൊന്നാണ് അസർബൈജാൻ. ഇറാന്റെ തൊട്ടയൽരാജ്യം കൂടിയാണ്. എന്നാൽ, അസർബൈജാൻ വിമാനത്താവളത്തിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിൽ തങ്ങൾക്കു പങ്കില്ലെന്ന് ഇറാൻ ഏതാനും മണിക്കൂറുകൾക്കുമുൻപ് സ്ഥിരീകരിച്ചുകഴിഞ്ഞു.
ഇതിനിടെ ഏറെ കൗതുകമുണർത്തിയത്, പശ്ചിമേഷ്യൻ രാജ്യങ്ങൾക്കപ്പുറം യൂറോപ്പിലേക്കും യുദ്ധം വ്യാപിക്കുന്നുവെന്ന വാർത്തകളാണ്. സൈപ്രൈസിനെ ഇറാൻ ആക്രമിച്ചുവെന്ന വാർത്തയായിരുന്നു അത്. സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളമായ അക്രോട്ടിരിയിൽ ഡ്രോണുകൾ എത്തിയത് യൂറോപ്പിനെയും ഞെട്ടിച്ചു. അതുവരെ ഇറാനെ ആക്രമിക്കാൻ തങ്ങളുടെ മണ്ണ് ഉപയോഗിക്കരുതെന്ന് വ്യക്തമാക്കിയ ബ്രിട്ടനും നിലപാട് മാറ്റി. യുകെയിലെ താവളം അനുവദിച്ചു. സൈപ്രസിലേക്ക് കൂടുതൽ സൈന്യത്തെയും സന്നാഹങ്ങളും അയച്ചു.
ഇപ്പോഴിതാ കൂടുതൽ പരിശോധനയിൽ താവളം ആക്രമിച്ച ‘ഷാഹിദ് മോഡൽ’ ഡ്രോണുകൾ ഇറാന്റേതല്ലെന്ന് യു.കെ പ്രതിരോധ മന്ത്രാലയം തന്നെ സ്ഥിരീകരിച്ചിരിക്കുന്നു. ഇറാന്റെ ഡ്രോണുകൾക്ക് സമാനമായ രൂപമാണെങ്കിലും ഇതിന്റെ ഉറവിടം മറ്റൊരിടമാണെന്നാണ് പ്രാഥമിക നിഗമനം. ഡ്രോണിന്റെ യഥാർഥ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസികൾ.
ഇറാനെ അയൽരാജ്യങ്ങളുമായി തെറ്റിക്കാനും അറബ് രാജ്യങ്ങളെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാനും ഇസ്രയേൽ നടത്തുന്ന ബോധപൂർവമായ ശ്രമങ്ങളാണോ ഈ ‘ഫാൾസ് ഫ്ലാഗ്’ (False flag) ആക്രമണങ്ങളെന്നാണു പ്രധാനമായും സംശയിക്കപ്പെടുന്നത്. പശ്ചിമേഷ്യയെ അസ്ഥിരപ്പെടുത്താനുള്ള ഗൂഢാലോചന ആരോപിക്കുന്നവരുമുണ്ട്. പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ മരണത്തിന് പിന്നാലെ ഇറാനെ പൂർണമായും ഒറ്റപ്പെടുത്താനാണ് ഇസ്രയേലും അമേരിക്കയും ശ്രമിക്കുന്നതെന്ന് ഇറാൻ ആരോപിക്കുന്നു. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ അണിയറയിൽ ഇസ്രയേലിന്റെ കരങ്ങൾ പ്രവർത്തിക്കുന്നുണ്ടോ എന്ന ചോദ്യം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ശക്തമാണ്.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദേശപ്രകാരം ഇറാനിൽ ശക്തമായ ആക്രമണങ്ങൾ തുടരുകയാണ്. എന്നാൽ, സിവിലിയൻ കേന്ദ്രങ്ങളെ തങ്ങൾ ആക്രമിക്കുന്നില്ലെന്നും പ്രതിരോധം മാത്രമാണ് നടത്തുന്നതെന്നുമാണ് ഇറാന്റെ വാദം. തങ്ങളുടെ ഡ്രോണുകളും മിസൈലുകളും അമേരിക്കൻ സൈനിക താവളങ്ങളെയും ആസ്തികളെയും മാത്രമാണ് ലക്ഷ്യമിടുന്നതെന്നാണ് അവരുടെ വിശദീകരണം.