ഇസ്രയേൽ നേതാക്കൾ കഴിയുന്ന വൻ ഭൂഗർഭ ഷെൽറ്റർ തകർന്നു? ആർ.ടി പുറത്തുവിട്ട ദൃശ്യങ്ങൾക്കു പിന്നാലെ സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾ
തെൽ അവീവ്: പശ്ചിമേഷ്യൻ യുദ്ധം പത്താം ദിവസത്തിലേക്ക് കടക്കുമ്പോൾ ഇസ്രയേലിനെ ഞെട്ടിച്ച് ഇറാന്റെ മിസൈൽ വർഷം. ഇസ്രയേൽ ഭരണനേതൃത്വം യുദ്ധകാലത്ത് അഭയം പ്രാപിക്കുന്ന തെൽ അവീവിലെ ഏറ്റവും സുരക്ഷിതമായ ഭൂഗർഭ ബങ്കറിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതായാു പുതിയ റിപ്പോർട്ട്. റഷ്യൻ മാധ്യമമായ ആർ.ടിയാണ് പ്രാദേശിക മാധ്യമപ്രവർത്തകരെ ഉദ്ധരിച്ച് ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഇതിനു പിന്നാലെ ബെഞ്ചമിൻ നെതന്യാഹു കഴിയാറുള്ള ബങ്കറും തകർന്നതായി സോഷ്യൽ മീഡിയയിൽ അഭ്യൂഹം ശക്തമാകുന്നുണ്ട്.
തെൽ അവീവിലെ അതീവ സുരക്ഷയുള്ള ഭൂഗർഭ ഷെൽറ്ററിൽ ഇറാന്റെ മിസൈൽ നേരിട്ട് പതിച്ചതായാണ് റിപ്പോർട്ട്. ഇസ്രയേൽ നേതാക്കൾ സങ്കീർണ ഘട്ടങ്ങളിൽ ഉപയോഗിക്കുന്ന ഈ താവളത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’യും റിപ്പോർട്ട് ചെയ്യുന്നു. ദൃശ്യത്തിൽ മിസൈൽ പതിച്ച് കെട്ടിടം മുഴുവൻ തീ ആളിക്കത്തുന്നത് കാണാം. രക്ഷാപ്രവർത്തകർ തീ അണയ്ക്കാൻ കഷ്ടപ്പെടുന്നതും വ്യക്തമാണ്.
ആക്രമണ സമയത്ത് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്ഥലത്ത് ഉണ്ടായിരുന്നുവെന്നും അദ്ദേഹത്തിന്റെ ബങ്കർ തകർക്കപ്പെട്ടുവെന്നുമുള്ള പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ ശക്തമാണ്. എന്നാൽ, പുറത്തുവരുന്ന വാർത്തകളിൽ ഇതുവരെയും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഇസ്രയേൽ സൈന്യമോ സർക്കാരോ ഇതിൽ ഔദ്യോഗിക വിശദീകരണവും നൽകിയിട്ടില്ല.
ഇറാന്റെ 30-ാം തരംഗ ആക്രമണത്തിൽ ക്ലസ്റ്റർ ബോംബ് പോർമുനകൾ ഘടിപ്പിച്ച ബാലിസ്റ്റിക് മിസൈലുകളാണ് ഉപയോഗിച്ചതെന്ന് ഇസ്രയേൽ ആരോപിക്കുന്നുണ്ട്. ആകാശത്തുവെച്ച് പൊട്ടിത്തെറിച്ച മിസൈൽ അവശിഷ്ടങ്ങൾ തെൽ അവീവിലെ റോഡുകളിലും കെട്ടിടങ്ങളിലും വൻ നാശനഷ്ടങ്ങൾ വരുത്തി.
തെൽ അവീവിൽ കുറഞ്ഞത് ആറ് പേർക്കെങ്കിലും പരിക്കേറ്റതായി രക്ഷാപ്രവർത്തകർ അറിയിച്ചു. പലയിടങ്ങളിലും വൈദ്യുതി ബന്ധം തടസ്സപ്പെടുകയും ജനങ്ങൾ കൂട്ടത്തോടെ ബങ്കറുകളിൽ അഭയം തേടുകയും ചെയ്തു.
രാജ്യത്തെ ഏറ്റവും വലിയ പ്രതിരോധ സംവിധാനമായ ‘അയൺ ഡോമിനെ’ വെട്ടിച്ച് ചില മിസൈലുകൾ ലക്ഷ്യസ്ഥാനത്ത് പതിച്ചത് ഇസ്രയേലിനെ ആശങ്കയിലാക്കിയിട്ടുണ്ട്. തങ്ങളുടെ 1,700-ലധികം ലക്ഷ്യങ്ങൾ തകർത്ത അമേരിക്കൻ-ഇസ്രയേൽ നീക്കത്തിനുള്ള മറുപടിയായാണ് ഇറാൻ പ്രത്യാക്രമണം തുടരുന്നത്.