31/03/2026
[fontresizer_tawhidurrahmandear_widget]

സ്പെയിനിനു പിന്നാലെ യുഎസ് ബോംബർ വിമാനങ്ങളെ വിലക്കി ഇറ്റലിയും; വ്യോമതാവളത്തിൽ പ്രവേശനം നിഷേധിച്ചു

 സ്പെയിനിനു പിന്നാലെ യുഎസ് ബോംബർ വിമാനങ്ങളെ വിലക്കി ഇറ്റലിയും; വ്യോമതാവളത്തിൽ പ്രവേശനം നിഷേധിച്ചു

റോം: പശ്ചിമേഷ്യൻ യുദ്ധത്തിൽ ഇറാനെതിരെയുള്ള സൈനിക നീക്കങ്ങളിൽ അമേരിക്കയ്ക്ക് യൂറോപ്പിൽനിന്ന് വീണ്ടും കനത്ത പ്രഹരം. യുഎസ് യുദ്ധവിമാനങ്ങൾക്ക് വ്യോമപരിധിയും സൈനിക താവളങ്ങളും നിഷേധിച്ച സ്പെയിനിന്റെ പാത പിന്തുടർന്ന് ഇറ്റലിയും രംഗത്തെത്തി. സിസിലിയിലെ തന്ത്രപ്രധാനമായ സിഗോനെല്ല സൈനിക താവളത്തിൽ അമേരിക്കൻ ബോംബർ വിമാനങ്ങൾ ഇറങ്ങുന്നത് ഇറ്റലി വിലക്കിയതായി ഇറ്റാലിയൻ ദിനപത്രമായ ‘കോറിയർ ഡെല്ല സെറ’ റിപ്പോർട്ട് ചെയ്തു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടന്ന സംഭവം അതീവ രഹസ്യമായാണ് സൂക്ഷിച്ചിരുന്നത്.

ഇറാൻ ലക്ഷ്യമാക്കി നീങ്ങുന്ന ചില യുഎസ് ബോംബർ വിമാനങ്ങൾ സിസിലിയിൽ ഇറങ്ങാൻ അനുമതി തേടിയിരുന്നു. എന്നാൽ, വിമാനങ്ങൾ ആകാശത്തായിരിക്കെയാണ് അമേരിക്ക വിവരം ഇറ്റലിയെ അറിയിച്ചത്. ഔദ്യോഗികമായി അനുമതി തേടുകയോ ഇറ്റാലിയൻ സൈനിക നേതൃത്വവുമായി മുൻകൂട്ടി ചർച്ച ചെയ്യുകയോ ചെയ്യാതെയാണ് വിമാനങ്ങൾ എത്തിയത്. ചീഫ് ഓഫ് സ്റ്റാഫ് ലൂസിയാനോ പോർട്ടോളാനോ ആണ് പ്രതിരോധ മന്ത്രി ഗൈഡോ ക്രോസെറ്റോയെ വിവരം അറിയിച്ചത്.

ഇറ്റാലിയൻ സൈന്യം നടത്തിയ പരിശോധനയിൽ ഈ വിമാനങ്ങൾ ലോജിസ്റ്റിക്‌സ് ആവശ്യങ്ങൾക്കായല്ല, മറിച്ച് നേരിട്ടുള്ള യുദ്ധനീക്കത്തിനായുള്ളതാണെന്ന് കണ്ടെത്തി. ഇത്തരമൊരു നീക്കം നിലവിലുള്ള ഉഭയകക്ഷി കരാറുകൾക്ക് പുറത്തായതിനാൽ അനുമതി നൽകാനാവില്ലെന്ന് ഇറ്റലി വ്യക്തമാക്കുകയായിരുന്നു.

സർക്കാരിന്റെയും പാർലമെന്റിന്റെയും മാർഗനിർദേശങ്ങൾക്കനുസൃതമായാണ് ഇറ്റലി പ്രവർത്തിക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസായ പലാസോ ചിഗി വ്യക്തമാക്കി. ഓരോ അപേക്ഷയും കേസ് അടിസ്ഥാനത്തിൽ പരിശോധിക്കുമെന്നും ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കുമെന്നും ഇറ്റലി അറിയിച്ചു. ഉഭയകക്ഷി കരാറുകളിൽ പെടാത്ത സൈനിക നീക്കങ്ങൾക്ക് പാർലമെന്റിന്റെ പ്രത്യേക അനുമതി വേണമെന്ന് പ്രതിരോധ മന്ത്രി ഗൈഡോ ക്രോസെറ്റോ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം സ്പെയിൻ തങ്ങളുടെ വ്യോമപരിധി അമേരിക്കൻ വിമാനങ്ങൾക്കായി അടച്ചിരുന്നു. ഇതിന് പിന്നാലെ ഇറ്റലി കൂടി കർശന നിലപാട് സ്വീകരിച്ചത് അമേരിക്കയെ ചൊടിപ്പിച്ചിട്ടുണ്ട്. യൂറോപ്യൻ സഖ്യകക്ഷികൾ തങ്ങളെ പിന്തുണയ്ക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. യുദ്ധത്തിന് ശേഷം നാറ്റോയുമായുള്ള ബന്ധം പുനഃപരിശോധിക്കേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. എന്നാൽ, അമേരിക്കയുമായുള്ള ബന്ധം ദൃഢമാണെന്നും സൈനിക താവളങ്ങൾ പൂർണമായും അടച്ചിട്ടില്ലെന്നും ലോജിസ്റ്റിക്‌സ് ആവശ്യങ്ങൾക്കായി അവ തുറന്നുതന്നെയിരിക്കുമെന്നും ഇറ്റലി വ്യക്തമാക്കിയിട്ടുണ്ട്.

ബ്രിട്ടനിലെ ആർഎഫ് ഫെയർഫോർഡ് ബേസിൽനിന്നുള്ള അമേരിക്കൻ ബോംബർ വിമാനങ്ങൾക്ക് സ്പെയിനിന്റെയും ഇറ്റലിയുടെയും തീരുമാനങ്ങൾ കനത്ത തിരിച്ചടിയാണ്. ഐബീരിയൻ പെനിൻസുലയും മെഡിറ്ററേനിയൻ പാതയും നിഷേധിക്കപ്പെട്ടതോടെ, തെഹ്‌റാൻ ലക്ഷ്യമാക്കി നീങ്ങുന്ന യുഎസ് വിമാനങ്ങൾക്ക് അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലൂടെ ദീർഘദൂരം സഞ്ചരിക്കേണ്ടി വരും. ഇത് യുദ്ധനീക്കങ്ങളുടെ വേഗത കുറയ്ക്കുകയും ഇന്ധനച്ചെലവ് ഗണ്യമായി വർധിപ്പിക്കുകയും ചെയ്യും.

Also read: