30/03/2026
[fontresizer_tawhidurrahmandear_widget]

‘ഇറാൻ മിസൈൽ ആക്രമണത്തിൽ ഇസ്രയേലിൽ മാരക നാശനഷ്ടങ്ങൾ; കടുത്ത സെൻസർഷിപ്പിലൂടെ വാർത്ത തടയുന്നു’

 ‘ഇറാൻ മിസൈൽ ആക്രമണത്തിൽ ഇസ്രയേലിൽ മാരക നാശനഷ്ടങ്ങൾ; കടുത്ത സെൻസർഷിപ്പിലൂടെ വാർത്ത തടയുന്നു’

ഇറാന്‍ ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിലെ നാശം, ജൊനാഥന്‍ കുക്ക്

ലണ്ടൻ/തെൽ അവീവ്: ഇറാനുമായുള്ള യുദ്ധത്തിൽ സംഭവിച്ച നാശനഷ്ടങ്ങളുടെ യഥാർത്ഥ ചിത്രം പുറംലോകം അറിയാതിരിക്കാൻ ഇസ്രയേൽ സൈന്യം മാധ്യമങ്ങൾക്ക് മേൽ കർശനമായ വിലക്കേർപ്പെടുത്തിയിരിക്കുകയാണെന്ന് പ്രമുഖ ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ ജൊനാഥൻ കുക്ക്. 20 വർഷത്തോളം ഇസ്രയേലിൽ താമസിച്ച് റിപ്പോർട്ടിങ് നടത്തിയിട്ടുള്ള കുക്ക്, നിലവിലെ സാഹചര്യം അതീവ ഗുരുതരമാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ പോലും ഈ സെൻസർഷിപ്പിന് വഴങ്ങിയിരിക്കുകയാണെന്നും ആരോപിച്ചു.

ഇറാന്റെ മിസൈൽ പ്രഹരത്തിൽ ഇസ്രയേൽ ഭരണകൂടം അവകാശപ്പെടുന്നതിനേക്കാൾ വലിയ തകർച്ച രാജ്യത്തുണ്ടായിട്ടുണ്ടെന്ന് കുക്ക് ചൂണ്ടിക്കാട്ടുന്നു. എന്നാൽ, സൈനിക സെൻസർമാർ വാർത്തകൾക്ക് വിലക്കേർപ്പെടുത്തിയതിനാൽ സത്യം പുറത്തുവരുന്നില്ല. പശ്ചിമേഷ്യയിലെ മാധ്യമ പ്രവർത്തനത്തിന്റെ സിരാകേന്ദ്രമായിരുന്ന തെൽ അവീവിൽനിന്ന് ബിബിസി പോലുള്ള വമ്പൻ മാധ്യമങ്ങൾ തങ്ങളുടെ ആസ്ഥാനം പെട്ടെന്ന് മാറ്റിയത് ഇതിന്റെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രമുഖ അവതാരകൻ ക്ലൈവ് മൈറിയുടെ നേതൃത്വത്തിലുള്ള ബിബിസി സംഘം ഒരു വിശദീകരണവുമില്ലാതെ തെൽ അവീവിൽനിന്ന് അബുദാബിയിലേക്ക് മാറിയത് ദുരൂഹമാണെന്ന് അദ്ദേഹം നിരീക്ഷിച്ചു.

ജൊനാഥൻ കുക്ക് എക്‌സ് ഹാൻഡിലിലൂടെയാണ് ആരോപണങ്ങൾ ഉയർത്തിയത്. ”ഇസ്രായേൽ സൈനിക സെൻസർമാർ ഒരു വാർത്താ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മിക്കവാറും ഇസ്രയേൽ പുറത്തുപറയാൻ ആഗ്രഹിക്കുന്നതിനേക്കാൾ എത്രയോ മാരകമായ നാശനഷ്ടങ്ങൾ ഇറാന്റെ മിസൈലുകൾ മൂലം അവർ അനുഭവിക്കുന്നത് കൊണ്ടാകാം ഇത്. എന്നാൽ, ബിബിസിയെപ്പോലെയുള്ള വാർത്താ മാധ്യമങ്ങൾ തങ്ങളുടെ ഇസ്രയേലിൽനിന്നുള്ള റിപ്പോർട്ടിങ്ങുകൾക്കു നിയന്ത്രണമുണ്ടെന്ന കാര്യം പ്രേക്ഷകരോട് പറയാത്തത് എന്തുകൊണ്ടാണ്? ക്ലൈവ് മൈറിയുടെ നേതൃത്വത്തിലുള്ള ബിബിസി ഈവനിങ് ന്യൂസ് ടീം, യാതൊരു വിശദീകരണവുമില്ലാതെ തങ്ങളുടെ പ്രിയപ്പെട്ട വാർത്താകേന്ദ്രമായ തെൽ അവീവിൽ നിന്ന് പെട്ടെന്ന് അബുദാബിയിലേക്ക് മാറിയതും എന്തുകൊണ്ടാണ്?”, ജോനാഥൻ കുക്ക് ചോദിച്ചു.

മാധ്യമങ്ങൾ തങ്ങളുടെ റിപ്പോർട്ടിങ്ങുകൾ തടയപ്പെടുന്ന വിവരം എന്തുകൊണ്ടാണ് പ്രേക്ഷകരെ അറിയിക്കാത്തതെന്ന് കുക്ക് ചോദിക്കുന്നു. സൈനിക സെൻസർഷിപ്പ് കാരണം ഇസ്രയേലിൽ നിന്നുള്ള തത്സമയ വാർത്തകൾ വൻതോതിൽ നിയന്ത്രിക്കപ്പെടുകയാണ്. മാർഗ ഹെൽഹോൺ സ്പെഷ്യൽ പ്രൈസ് ഉൾപ്പെടെയുള്ള പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള കുക്കിന്റെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

യുദ്ധസമയത്ത് സൈനിക നീക്കങ്ങൾ രഹസ്യമായി വെക്കുന്നത് സ്വാഭാവികമാണെങ്കിലും, ജനങ്ങളെ നേരിട്ട് ബാധിക്കുന്ന നാശനഷ്ടങ്ങൾ പോലും മറച്ചുവെക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് അദ്ദേഹം ആവർത്തിച്ചു. ഒരു ഭരണകൂടം യുദ്ധം പ്രഖ്യാപിക്കുകയും തങ്ങളുടെ സൈനിക മേധാവിത്വം അവകാശപ്പെടുകയും ചെയ്ത ശേഷം പത്രപ്രവർത്തകരോട് ‘ഇവിടെ കാണാൻ ഒന്നുമില്ല, റിപ്പോർട്ടിങ് നിർത്തൂ’ എന്ന് പറയുന്നത് വിരോധാഭാസമാണെന്ന് രാഷ്ട്രീയ സാമ്പത്തിക വിദഗ്ധനായ ജോർജ് ബാങ്ക്‌സ് ചൂണ്ടിക്കാട്ടി.

എന്നാൽ, ഇസ്രയേൽ പോലുള്ള ജനാധിപത്യ രാജ്യങ്ങളിൽ ഇന്റർനെറ്റ് ലഭ്യമാണെന്നും അതിനാൽ വാർത്തകൾ പൂർണമായും മറച്ചുവെക്കാൻ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടി ജോനാഥൻ കുക്കിനെതിരെ വിമർശകർ രംഗത്തെത്തിയിട്ടുണ്ട്. യുദ്ധകാലത്ത് സെൻസർഷിപ്പ് സ്വാഭാവികമാണെന്നും എന്നാൽ ഔദ്യോഗിക സ്ഥിരീകരണമില്ലാതെ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് അപകടമാണെന്നും ചിലർ മുന്നറിയിപ്പ് നൽകി.

സോഷ്യൽ മീഡിയയിലൂടെയും സാറ്റലൈറ്റ് ചിത്രങ്ങളിലൂടെയും ചില വിവരങ്ങൾ പുറത്തുവരുന്നുണ്ടെങ്കിലും, ഇസ്രയേലിന്റെ ഔദ്യോഗിക വാർത്താ ഏജൻസികൾ പുറത്തുവിടുന്ന വിവരങ്ങളിൽ വലിയ വൈരുദ്ധ്യമുണ്ടെന്നാണ് നിരീക്ഷകർ പറയുന്നത്. യുദ്ധം പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഇറാന്റെ മിസൈലുകൾ ഇസ്രയേലിന്റെ പ്രതിരോധ കോട്ടയായ ‘അയൺ ഡോമിനെ’ എത്രത്തോളം തകർത്തു എന്നത് സംബന്ധിച്ച ദുരൂഹത തുടരുകയാണ്. ഇസ്രയേൽ സൈനിക വൃത്തങ്ങളും ഇതുമായി ബന്ധപ്പെട്ട ഒരു വിശദീകരണവും ഇതുവരെ നടത്തിയിട്ടില്ല.

Also read: