’ബയോളജിക്കലി കുട്ടികളില്ലാത്ത മോദിയുടെ കുട്ടികളാണ് ഭാരതത്തിലെ ഓരോ പെൺമക്കളും; 10 രൂപയ്ക്ക് നാപ്കിന്‍ വാങ്ങി ഞാന്‍ കരഞ്ഞു’- ലക്ഷ്മി പ്രിയ
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തെയും സ്ത്രീക്ഷേമ പദ്ധതികളെയും പ്രശംസിച്ച് ട്വൻ്റി 20 സ്ഥാനാർത്ഥിയും നടിയുമായ ലക്ഷ്മി പ്രിയ. നരേന്ദ്ര മോദി ഭാരതത്തിലെ ഓരോ പെൺമക്കളുടെയും അച്ഛൻ്റെ സ്ഥാനത്താണെന്നും അദ്ദേഹം നടപ്പിലാക്കിയ പദ്ധതികൾ സാധാരണക്കാരായ സ്ത്രീകളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നുവെന്നും ലക്ഷ്മി പ്രിയ പറഞ്ഞു.
പ്രധാനമന്ത്രിയുടെ സ്ത്രീപക്ഷ ചിന്തകളെക്കുറിച്ച് സംസാരിക്കവെ ജനൗഷധി കേന്ദ്രങ്ങൾ വഴി കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാക്കിയതിനെ ലക്ഷ്മി പ്രിയ എടുത്തുപറഞ്ഞു. പത്ത് രൂപയ്ക്ക് നാപ്കിൻ ലഭിച്ചപ്പോൾ താൻ സന്തോഷം കൊണ്ട് കരഞ്ഞുപോയെന്നും, ഉത്തരേന്ത്യയിലെ ദരിദ്രരായ പെൺകുട്ടികൾക്ക് ഇത് വലിയൊരു അനുഗ്രഹമാണെന്നും താരം കൂട്ടിച്ചേർത്തു. ഗ്യാസ് കണക്ഷൻ, സുകന്യ സമൃദ്ധി യോജന തുടങ്ങിയ പദ്ധതികൾ മോദിജി എന്ന ഭരണാധികാരിയുടെ കരുതലിന് ഉദാഹരണമാണെന്നും അവർ വ്യക്തമാക്കി.
തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറേണ്ടി വന്ന സാഹചര്യത്തെക്കുറിച്ചും ലക്ഷ്മി പ്രിയ പ്രതികരിച്ചു. വോട്ടർ പട്ടികയിലെ വിലാസം മാറുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ സാങ്കേതിക പിശകാണ് തനിക്ക് വിനയായത്. പാർട്ടി റിസ്ക് എടുക്കാൻ തയ്യാറായിരുന്നുവെങ്കിലും താൻ തന്നെ സ്വമേധയാ പിന്മാറാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ലക്ഷ്മി പ്രിയ വെളിപ്പെടുത്തി. നരേന്ദ്ര മോദിയുടെ ആശയങ്ങളോടും വികസനത്തോടുമുള്ള തൻ്റെ ആരാധന എന്നും നിലനിൽക്കുമെന്നും അവർ പറഞ്ഞു.
ലക്ഷ്മി പ്രിയയുടെ വാക്കുകൾ
മോദിജിയുടെ ആരാധികയാണ് ഞാൻ. അദ്ദേഹം കൊണ്ടുവന്നിട്ടുള്ള പദ്ധതികളാണ് അതിന് കാരണം. ഒരു പ്രാവശ്യം സാനിറ്ററി നാപ്‌കിൻ വാങ്ങാനായി നിധി ജൻഔഷധിയിലാണ് ഞാൻ കയറിയത്. അന്ന് 10 രൂപയാണ് അവർ വാങ്ങിയത്. ഇന്നത്തെ കാലത്ത് 10 രൂപയ്ക്ക് ഒരിക്കലും സാനിറ്ററി നാപ്കിൻ കിട്ടില്ല. ആ മെഡിക്കൽ ഷോപ്പിന് മുന്നിൽ നിന്നും ഞാൻ പൊട്ടി പൊട്ടി കരഞ്ഞിട്ടുണ്ട്. കേരളത്തെ സംബന്ധിച്ച് ഇവിടുത്തെ സ്ത്രീകൾ വൃത്തിയുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്നവരാണ്. സാനിറ്ററി നാപ്‌കിന് എത്ര വിലയാണെങ്കിലും നമ്മളത് വാങ്ങും. പക്ഷേ ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിലെ കുഞ്ഞുങ്ങളെ സംബന്ധിച്ച് അതല്ല. അവർ ആർത്തവ സമയത്ത് ഉടുക്കാൻ ഒരു കഷണം തുണി പോലും ഇല്ലാതെ, സ്കൂളിൽ പോലും അല്ലെങ്കിൽ ജോലിക്ക് പോകാണ്ട് ചാരം, മണ്ണ്, ഇല എന്നിവയിൽ ഇരുന്നൊരു തലമുറയുണ്ട്. അവർക്ക് വേണ്ടിയാണ് 10 രൂപയ്ക്ക് സാനിറ്ററി നാപ്‌കിൻ എന്ന പദ്ധതി ആരംഭിച്ചിട്ടുള്ളത്.
മോദിജി ഏതൊക്കെ കാര്യങ്ങളിൽ ചിന്തിക്കുന്നെന്ന് ആലോചിച്ച് നോക്കൂ. ബയോളജിക്കലി അദ്ദേഹത്തിന് കുട്ടികളില്ലായിരിക്കും. പക്ഷേ ഭാരതത്തിലെ ഓരോ പെൺ മക്കളുടേയും അച്‌ഛനാണ്. ആ സ്‌ഥാനത്ത് നിന്നാണ് നമ്മുടെ പ്രധാനമന്ത്രി ചിന്തിക്കുന്നത്. എല്ലാ വീടുകളിലും ഗ്യാസ് കണക്ഷൻ കൊണ്ടുവന്നു. 60 വയസായിട്ടുള്ള അമ്മമാർക്ക് വേണ്ടിയുള്ള പദ്ധതി, പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും പഠനത്തിനും ഒക്കെയായിട്ട് സുകന്യ സമൃദ്ധിയോജന പദ്ധതി അങ്ങനെ എത്രയെത്ര പദ്ധതികളാണ് അദ്ദേഹം കൊണ്ടുവന്നത്.