30/03/2026
[fontresizer_tawhidurrahmandear_widget]

ഒടുവിൽ കണക്ക് പുറത്തുവിട്ട് പെന്റഗൺ; ഇറാൻ യുദ്ധത്തിൽ 140 യുഎസ് സൈനികർക്ക് പരിക്ക്‌

 ഒടുവിൽ കണക്ക് പുറത്തുവിട്ട് പെന്റഗൺ; ഇറാൻ യുദ്ധത്തിൽ 140 യുഎസ് സൈനികർക്ക് പരിക്ക്‌

വാഷിങ്ടണ്‍: ഇറാനുമായുള്ള യുദ്ധം 11 ദിവസം പിന്നിടുമ്പോൾ, തങ്ങളുടെ സൈന്യത്തിന് നേരിട്ട നാശനഷ്ടങ്ങളെക്കുറിച്ച് ആദ്യമായി വിശദമായ കണക്കുകൾ പുറത്തുവിട്ട് അമേരിക്കൻ പ്രതിരോധ മന്ത്രാലയം. 500-ലധികം അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടുവെന്ന ഇറാന്റെ ആവർത്തിച്ചുള്ള അവകാശവാദങ്ങൾക്കിടയിലാണ്, 140 ഓളം സൈനികർക്ക് പരിക്കേറ്റതായും ഏഴ് പേർ കൊല്ലപ്പെട്ടതായും പെന്റഗൺ സ്ഥിരീകരിച്ചത്.

യുദ്ധം തുടങ്ങിയത് മുതൽ ഇതുവരെ ഏകദേശം 140 മുതൽ 150 വരെ യുഎസ് സൈനികർക്ക് പരിക്കേറ്റതായി പെന്റഗൺ വക്താവ് സീൻ പാർനെൽ അറിയിച്ചു. ഇതിൽ ഭൂരിഭാഗവും ചെറിയ പരിക്കുകളാണെന്നും 108 പേർ ഇതിനകം ജോലിയിൽ തിരികെ പ്രവേശിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, എട്ട് സൈനികരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

അന്താരാഷ്ട്ര വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് ആണ് ആദ്യമായി ഈ കണക്കുകൾ പുറത്തുവിട്ടത്. 150 യുഎസ് സൈനികർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ഏജൻസി റിപ്പോർട്ട് ചെയ്തത്. ഈ റിപ്പോർട്ട് പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് പെൻ്റഗൺ വിശദമായ കണക്കുകളുമായി രംഗത്തെത്തുന്നത്. മുൻപ് എട്ട് സൈനികർക്ക് മാത്രമേ പരിക്കേറ്റിട്ടുള്ളൂ എന്നായിരുന്നു ഔദ്യോഗിക നിലപാടെങ്കിലും, പിന്നീട് കണക്കുകൾ പുതുക്കി പുറത്തിറക്കുകയായിരുന്നു.

500-ലധികം അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടുവെന്നും നിരവധി പേർ തടവിലിലാണെന്നുമാണ് ഇറാന്റെ നാഷണൽ സെക്യൂരിറ്റി കൗൺസിൽ തലവൻ അലി ലാരിജാനി അവകാശപ്പെട്ടത്. ഈ യുദ്ധം അമേരിക്കയ്ക്ക് വലിയ ആൾനാശമുണ്ടാക്കുന്ന ഒന്നായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഈ കണക്കുകൾ പെന്റഗൺ പൂർണമായും തള്ളിക്കളഞ്ഞു.

യുദ്ധത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളിൽ മാത്രം 650 അമേരിക്കൻ സൈനികരെ വധിക്കുകയോ പരിക്കേൽപ്പിക്കുകയോ ചെയ്തതായാണ് ഐആർജിസി വക്താവ് അലി മുഹമ്മദ് നൈനി അവകാശപ്പെട്ടത്. ബഹ്‌റൈനിലെ യുഎസ് നേവിയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനത്തിന് നേരെ നടത്തിയ ആക്രമണത്തിൽ മാത്രം 160 യുഎസ് സൈനികർക്ക് ജീവാപായം സംഭവിച്ചുവെന്നും ഇറാൻ അവകാശപ്പെടുന്നു. ചില അമേരിക്കൻ സൈനികരെ തങ്ങൾ തടവിലാക്കിയിട്ടുണ്ടെന്നും എന്നാൽ അവർ യുദ്ധത്തിൽ കൊല്ലപ്പെട്ടുവെന്നാണ് അമേരിക്കൻ ഭരണകൂടം കുടുംബങ്ങളെ അറിയിച്ചിരിക്കുന്നതെന്നും ഇറാന്റെ ദേശീയ സുരക്ഷാ കൗൺസിൽ തലവൻ അലി ലാരിജാനി ആരോപിച്ചു. അതേസമയം, ഈ വാദങ്ങൾ അമേരിക്കൻ സെൻട്രൽ കമാൻഡ് പൂർണമായും തള്ളിക്കളഞ്ഞിട്ടുണ്ട്

ഫെബ്രുവരി 28-ന് ആരംഭിച്ച സംഘർഷത്തിൽ ഇതുവരെ ഏഴ് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായാണ് അമേരിക്ക ഔദ്യോഗികമായി സമ്മതിച്ചത്. കുവൈത്തിലെയും സൗദി അറേബ്യയിലെയും സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ പ്രത്യാക്രമണങ്ങളിലാണ് സൈനികർക്ക് ജീവൻ നഷ്ടമായത്. ഇതിൽ പലരുടെയും മൃതദേഹങ്ങൾ യുഎസിൽ എത്തിയിട്ടുണ്ട്.

‘ഓപറേഷൻ എപ്പിക് ഫ്യൂറി’ എന്ന് പേരിട്ടിരിക്കുന്ന യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക നീക്കത്തിന് തിരിച്ചടിയായി പശ്ചിമേഷ്യയിലെ യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 30-ലധികം തവണ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. തുടർച്ചയായ ആക്രമണങ്ങളെത്തുടർന്ന് പശ്ചിമേഷ്യയിൽ ആയുധക്ഷാമം നേരിടുന്നതായും റിപ്പോർട്ടുകളുണ്ട്. ഇത് പരിഹരിക്കാൻ ദക്ഷിണ കൊറിയയിൽനിന്ന് പാട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനങ്ങൾ മാറ്റാൻ അമേരിക്ക നീക്കം ആരംഭിച്ചു.

​യുദ്ധം ഉടൻ അവസാനിച്ചേക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചന നൽകിയെങ്കിലും, ഇറാന്റെ കടുപ്പമേറിയ നിലപാട് സമാധാന ചർച്ചകളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ട്രംപിൻ്റെ പ്രസ്താവനയ്ക്ക് വിരുദ്ധമായി, ഇറാന്റെ മിസൈൽ ശേഷി പൂർണമായും തകർക്കുന്നത് വരെ ആക്രമണം തുടരുമെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും വ്യക്തമാക്കിയിട്ടുണ്ട്.

Also read: