‘മൂന്നാം വട്ടവും പിണറായി തന്നെ മുഖ്യമന്ത്രി’; ഭരണവിരുദ്ധ വികാരമില്ലെന്ന് സിപിഎം
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മൂന്നാം തവണയും അധികാരത്തിലെത്തിയാൽ പിണറായി വിജയൻ തന്നെ മുഖ്യമന്ത്രിയാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മലയാള മനോരമയുടെ ‘പോർമുഖാമുഖം’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയിൽ പ്രാപ്തരായ രണ്ടാം നിരയും മൂന്നാം നിരയുമുണ്ടെങ്കിലും, ഒന്നാം നിരയുടെ സേവനം പൂർണമായി പ്രയോജനപ്പെടുത്തിയ ശേഷമേ മറ്റുള്ളവരിലേക്ക് കടക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരമില്ലെന്ന് അവകാശപ്പെട്ട അദ്ദേഹം, വികസന പ്രവർത്തനങ്ങളിൽ എംഎൽഎമാരുടെ പങ്ക് നിർണായകമാണെന്ന് ചൂണ്ടിക്കാട്ടി. കിഫ്ബി വഴി നടപ്പിലാക്കിയ അടിസ്ഥാന സൗകര്യ വികസനം ജനങ്ങൾക്കിടയിൽ എംഎൽഎമാരുടെ സ്വീകാര്യത വർധിപ്പിച്ചു. ഈ ആത്മവിശ്വാസത്തിന്റെ കരുത്തിലാണ് ഇത്തവണ കൂടുതൽ എംഎൽഎമാർക്ക് ടേം വ്യവസ്ഥയിൽ ഇളവ് നൽകി മത്സരരംഗത്തിറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് വേളയിലെ നേതാക്കളുടെ പാർട്ടി മാറ്റത്തെ അവസരവാദപരമായ നിലപാടായിട്ടാണ് സിപിഎം കാണുന്നത്. മുൻ മന്ത്രി ജി സുധാകരനെ താൻ പരിഹസിച്ചിട്ടില്ലെന്നും പാർട്ടി നിലപാടുകൾ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രഖ്യാപിച്ച കാര്യങ്ങൾ നടപ്പിലാക്കി തെളിയിച്ച സർക്കാരാണിതെന്നും, പ്രതിസന്ധികൾക്കിടയിലും വികസന തുടർച്ചയ്ക്കായി ജനങ്ങൾ എൽഡിഎഫിനൊപ്പം നിൽക്കുമെന്നും എം.വി ഗോവിന്ദൻ പ്രത്യാശ പ്രകടിപ്പിച്ചു.