‘ഗൾഫ് മലയാളികളുടെ സുരക്ഷയ്ക്ക് മുൻഗണന’- മോദി; ഇടതുഭരണത്തിനും കോൺഗ്രസിനും വിമർശനം
പാലക്കാട്: പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യത്തിൽ അവിടെയുള്ള ഇന്ത്യൻ പൗരന്മാരുടെ, പ്രത്യേകിച്ച് മലയാളികളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രസർക്കാർ സജീവമായി ഇടപെടുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലക്കാട് നടന്ന എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘർഷ മേഖലയിലുള്ള രാഷ്ട്രത്തലവന്മാരുമായി താൻ നേരിട്ട് ആശയവിനിമയം നടത്തുന്നുണ്ടെന്നും ഇന്ത്യൻ എംബസികൾ 24 മണിക്കൂറും സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഷയത്തിൽ കോൺഗ്രസിനെതിരെ രൂക്ഷമായ വിമർശനമാണ് പ്രധാനമന്ത്രി ഉന്നയിച്ചത്. ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന ഒരുകോടിയോളം ഇന്ത്യക്കാരുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള “അപകടകരമായ” പ്രസ്താവനകൾ നടത്തി കോൺഗ്രസ് വിഷയം രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. രാഷ്ട്രീയ നേട്ടങ്ങൾക്കായി പൗരന്മാരുടെ ജീവിതം പണയപ്പെടുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ ഇടതുപക്ഷ സർക്കാരിനെയും കോൺഗ്രസിനെയും ഒരുപോലെ വിമർശിച്ച പ്രധാനമന്ത്രി, ഇരുവിഭാഗവും ഭരിക്കുന്നയിടത്തെല്ലാം വികസനം മുരടിക്കുകയാണെന്ന് പറഞ്ഞു. കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും വൈകുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം, കർണാടകയിലെയും ഹിമാചൽ പ്രദേശിലെയും കോൺഗ്രസ് സർക്കാരുകൾ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഭരണപരാജയത്തിന്റെ മാതൃകകളാണ് ഇവയെന്നും പരിഹസിച്ചു.