അമേരിക്കയെയും ഇസ്രയേലിനെയും പൂട്ടാൻ റഷ്യൻ സഹായം; ഉപഗ്രഹ വിവരങ്ങളും ഡ്രോൺ സാങ്കേതികവിദ്യയും ഇറാന് കൈമാറി
ടെഹ്‌റാൻ: ആഗോള രാഷ്ട്രീയത്തിൽ വൻ മാറ്റങ്ങൾ കുറിച്ചുകൊണ്ട് റഷ്യയും ഇറാനും തമ്മിലുള്ള സൈനിക സഹകരണം പുതിയ തലത്തിലേക്ക്. ഇസ്രയേലിനെയും അമേരിക്കയെയും പ്രതിരോധത്തിലാക്കി കൊണ്ട് തങ്ങളുടെ അത്യാധുനിക ഉപഗ്രഹ ചിത്രങ്ങളും ഡ്രോൺ സാങ്കേതികവിദ്യയും റഷ്യ ഇറാനുമായി പങ്കുവെക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങളുടെയും ഇസ്രയേലിന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളുടെയും കൃത്യമായ വിവരങ്ങൾ അടങ്ങിയ ഉപഗ്രഹ ചിത്രങ്ങളാണ് റഷ്യ ഇറാൻ സൈന്യത്തിന് കൈമാറുന്നത്. ഇത് ഇറാന്റെ പക്കലുള്ള ‘സെജിൽ’, ‘ഫത്താഹ്’ തുടങ്ങിയ അത്യാധുനിക ബാലിസ്റ്റിക് മിസൈലുകൾ ലക്ഷ്യസ്ഥാനത്ത് അതീവ കൃത്യതയോടെ പതിപ്പിക്കാൻ സഹായിക്കും. ശത്രുക്കളുടെ നീക്കങ്ങൾ തത്സമയം നിരീക്ഷിക്കാൻ റഷ്യയുടെ ഈ സഹായം ഇറാന് വലിയ മുൻതൂക്കം നൽകുന്നു.
യുക്രൈൻ യുദ്ധത്തിൽ ഇറാന്റെ ഡ്രോണുകൾ റഷ്യയ്ക്ക് വലിയ സഹായമായിരുന്നു. ഇതിന് പകരമായി ഡ്രോൺ സാങ്കേതികവിദ്യയിലെ തങ്ങളുടെ ഏറ്റവും പുതിയ കണ്ടെത്തലുകൾ റഷ്യ ഇറാനുമായി പങ്കുവെക്കുകയാണ്. കൂടുതൽ പ്രഹരശേഷിയുള്ളതും റഡാറുകളെ വെട്ടിക്കാൻ ശേഷിയുള്ളതുമായ ഡ്രോണുകൾ നിർമ്മിക്കാൻ ഇറാനെ ഇത് സഹായിക്കും.
റഷ്യയും ഇറാനും തമ്മിലുള്ള ഈ സൈനിക സഖ്യം പാശ്ചാത്യ രാജ്യങ്ങളിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. മേഖലയിൽ ഇസ്രയേലിന്റെ വ്യോമ മേധാവിത്വത്തിന് റഷ്യൻ സഹായം വലിയ ഭീഷണിയാകുമെന്ന് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു. ഉപരോധങ്ങളെ അതിജീവിച്ച് ഇരുരാജ്യങ്ങളും കൈകോർക്കുന്നത് അമേരിക്കയുടെ സ്വാധീനത്തിന് തിരിച്ചടിയാകുമെന്നാണ് സൂചന.