നാല് അമേരിക്കൻ സൈനിക താവളങ്ങളിൽ കനത്ത നാശനഷ്ടം; ഉപഗ്രഹ ദൃശ്യങ്ങൾ പുറത്തുവിട്ട് എഎഫ്‍പി
തെഹ്റാൻ/മനാമ: പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് ഇറാന്റെ പ്രത്യാക്രമണത്തിൽ വൻ നാശനഷ്ടങ്ങൾ സംഭവിച്ചതായി സ്ഥിരീകരണം. എഎഫ്പി പുറത്തുവിട്ട പുതിയ ഉപഗ്രഹ ദൃശ്യങ്ങളിൽ ബഹ്റൈൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിലെ നാല് പ്രധാന യുഎസ് സൈനിക കേന്ദ്രങ്ങൾ തകർന്നതിന്റെ ദൃശ്യങ്ങൾ വ്യക്തമാണ്. യുഎസ്-ഇസ്രയേൽ സഖ്യം ഇറാനിൽ നടത്തിയ ‘ഓപറേഷൻ എപ്പിക് ഫ്യൂറി’ക്ക് തിരിച്ചടിയായാണ് ഇറാൻ ഈ ആക്രമണങ്ങൾ നടത്തിയത്.
ബഹ്റൈൻ(യുഎസ് നേവി അഞ്ചാം കപ്പൽപ്പട ആസ്ഥാനം): മാർച്ച് 1-ലെ ദൃശ്യങ്ങൾ പ്രകാരം താവളത്തിലെ നിരവധി കെട്ടിടങ്ങൾ തകരുകയും പ്രധാന ഇൻസ്റ്റലേഷനുകൾക്ക് ചുറ്റും കരിഞ്ഞ അടയാളങ്ങൾ വീഴുകയും ചെയ്തിട്ടുണ്ട്.
കുവൈത്ത് (അലി അൽ-സലേം എയർ ബേസ്): ഇവിടെ റൺവേകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ഈ ആക്രമണത്തിൽ ആറ് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായും അഞ്ചുപേർക്ക് പരിക്കേറ്റതായും യുഎസ് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.
ഖത്തർ (മുന്നറിയിപ്പ് റഡാർ കേന്ദ്രം): മാർച്ച് മൂന്നിന് നടന്ന ആക്രമണത്തിൽ റഡാർ സംവിധാനത്തിന് സാരമായ കേടുപാടുകൾ പറ്റി.
സൗദി അറേബ്യ (പ്രിൻസ് സുൽത്താൻ എയർ ബേസ്): മാർച്ച് അഞ്ചിലെ ആക്രമണത്തിൽ സൈനിക ഉപകരണങ്ങളും കെട്ടിടങ്ങളും തകർന്നു.
മേഖലയിലെ എല്ലാ ഇസ്രയേൽ-അമേരിക്കൻ സൈനിക കേന്ദ്രങ്ങളെയും തങ്ങൾ ലക്ഷ്യം വെച്ചതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ്‌സ് പ്രഖ്യാപിച്ചിരുന്നു. ഖത്തറിലെ അൽ ഉദൈദ് ഉൾപ്പെടെ ഡസനിലധികം താവളങ്ങളിൽ പ്രഹരമേൽപ്പിച്ചതായാണ് ഇറാന്റെ അവകാശവാദം. എന്നാൽ, യുഎസ് ബി-2 ബോംബറുകൾ ഇറാന്റെ മിസൈൽ ലോഞ്ചറുകൾ തകർത്തതോടെ അവരുടെ ആക്രമണ ശേഷി 90 ശതമാനം കുറഞ്ഞതായി യുഎസ് സെൻട്രൽ കമാൻഡ്(സെന്റ്‌കോം) അറിയിച്ചു. ഇതുവരെ 1,700-ലധികം ഇറാനിയൻ ലക്ഷ്യങ്ങൾ തകർത്തതായും യുഎസ് അവകാശപ്പെട്ടു.
അമേരിക്കൻ സൈനികർക്കിടയിലെ യഥാർത്ഥ മരണസംഖ്യ പുറത്തുവിട്ടതിനേക്കാൾ കൂടുതലായിരിക്കാമെന്ന് മുൻ സിഐഎ അനലിസ്റ്റ് ലാറി ജോൺസൺ സൂചിപ്പിച്ചു. ജർമനിയിലെ സ്റ്റട്ട്ഗർട്ടിലുള്ള യുഎസ് ബേസ് ആശുപത്രിയിൽ അടിയന്തരമായി രക്തം ആവശ്യപ്പെട്ടത് പരിക്കേറ്റവരെ രഹസ്യമായി മാറ്റുന്നതിന്റെ സൂചനയാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ഇസ്രയേലിൽ ഇറാന്റെ മിസൈൽ പതിച്ച് 12 പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.
യുദ്ധം ഒരാഴ്ച പിന്നിടുമ്പോൾ മേഖലയിലെ എണ്ണ വിപണിയെയും ഇത് ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഇറാൻ തങ്ങളുടെ മിസൈൽ ശേഖരം വീണ്ടും സമാഹരിക്കുന്നത് യുദ്ധം ദീർഘകാലം നീണ്ടുനിൽക്കാൻ കാരണമായേക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.