28/03/2026
[fontresizer_tawhidurrahmandear_widget]

യുദ്ധഭീതിയിൽ നാടുവിടാൻ നെട്ടോട്ടം; ബെൻ ഗുരിയൻ വിമാനത്താവളത്തിൽ സംഘർഷം, നാടകീയ രംഗങ്ങൾ

 യുദ്ധഭീതിയിൽ നാടുവിടാൻ നെട്ടോട്ടം; ബെൻ ഗുരിയൻ വിമാനത്താവളത്തിൽ സംഘർഷം, നാടകീയ രംഗങ്ങൾ

തെൽ അവീവ്: ഇറാൻ-അമേരിക്ക-ഇസ്രയേൽ യുദ്ധം പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഇസ്രയേലിലെ പ്രധാന വിമാനത്താവളമായ ബെൻ ഗുരിയനിൽ വൻ സംഘർഷം. രാജ്യം വിടാനായി ടിക്കറ്റുമായി എത്തിയ നൂറുകണക്കിന് യാത്രക്കാരെ സുരക്ഷാ കാരണങ്ങൾ പറഞ്ഞ് വിമാനത്തിൽ കയറ്റാൻ വിസമ്മതിച്ചതാണ് സംഘർഷത്തിന് കാരണമായത്. വിമാനത്താവളത്തിലെ ചെക്ക്-ഇൻ കൗണ്ടറുകൾക്ക് മുന്നിൽ യാത്രക്കാരും എയർലൈൻ ജീവനക്കാരും തമ്മിൽ രൂക്ഷമായ തർക്കവും കൈയാങ്കളിയും ഉണ്ടായതോടെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസിനെ വിളിക്കേണ്ടി വന്നു.

ഗതാഗത മന്ത്രാലയത്തിന്റെ അവ്യക്തമായ ഉത്തരവുകളാണ് വിമാനത്താവളത്തിലെ അരാജകത്വത്തിന് വഴിവെച്ചത്. ഞായറാഴ്ച രാത്രി വൈകി വിമാനങ്ങളിൽ യാത്ര ചെയ്യാവുന്നവരുടെ എണ്ണം 100-ൽ നിന്ന് 200 ആയി ഉയർത്താൻ മന്ത്രാലയം ഇസ്രയേൽ വിമാനക്കമ്പനിയായ ‘എൽ അൽ’ന് അനുമതി നൽകിയിരുന്നു. ഇത് വിശ്വസിച്ച് യാത്രയ്ക്ക് അനുമതി ലഭിച്ചെന്ന് അറിയിപ്പ് കിട്ടിയ നൂറുകണക്കിന് ആളുകൾ വിമാനത്താവളത്തിലെത്തി.

എന്നാൽ, തിങ്കളാഴ്ച രാവിലെ മന്ത്രാലയം പെട്ടെന്ന് ഈ ഉത്തരവ് പിൻവലിക്കുകയും യാത്രക്കാരുടെ എണ്ണം വീണ്ടും 100 ആയി പരിമിതപ്പെടുത്തുകയും ചെയ്തു. ഇതോടെ ബാക്കി വന്ന പകുതിയോളം യാത്രക്കാർക്ക് വിമാനത്താവളത്തിൽ എത്തിയ ശേഷം യാത്ര നിഷേധിക്കപ്പെട്ടു.

സിവിൽ ഏവിയേഷൻ അതോറിറ്റിയുടെയും പ്രതിരോധ വിഭാഗത്തിന്റെയും കർശനമായ നിർദേശപ്രകാരമാണ് യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തിയിരിക്കുന്നതെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. മിസൈൽ ആക്രമണ ഭീഷണിയുള്ള സാഹചര്യത്തിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനാണു നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം. ഹോം ഫ്രണ്ട് കമാൻഡിന്റെ നിർദേശങ്ങൾ നിരന്തരം മാറിക്കൊണ്ടിരിക്കുകയാണെന്നും യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നുവെന്നും എൽ അൽ വിമാനക്കമ്പനി അറിയിച്ചു.

ഫെബ്രുവരി 28-ന് ഇറാന്റെ ആണവ-മിസൈൽ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രയേലും ആക്രമണം തുടങ്ങിയതോടെ പശ്ചിമേഷ്യൻ വ്യോമപാതകൾ അടച്ചിട്ടിരുന്നു. ഇതോടെ ലക്ഷക്കണക്കിന് യാത്രക്കാരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയത്. വിദേശത്ത് കുടുങ്ങിയ ഇസ്രയേലികളെ തിരികെ എത്തിക്കുന്നതിനായി ബുധനാഴ്ച രാത്രിയോടെയാണ് ബെൻ ഗുരിയൻ വിമാനത്താവളം ഭാഗികമായി തുറന്നത്. ഞായറാഴ്ച മുതൽ മാത്രമാണ് ഇസ്രയേലിൽനിന്നുള്ള വിമാനങ്ങൾ പുറപ്പെടാൻ അനുമതി നൽകിയത്. എന്നാൽ, സൈനിക സെൻസർഷിപ്പും കർശന നിയന്ത്രണങ്ങളും കാരണം വിമാന സർവീസുകൾ ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.

അതിർത്തികളിൽ യുദ്ധം മുറുകുന്നതിനിടയിൽ, രാജ്യം വിടാനുള്ള ശ്രമങ്ങൾ പരാജയപ്പെടുന്നത് ഇസ്രയേലി പൗരന്മാർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വരും ദിവസങ്ങളിലും വിമാന സർവീസുകളിൽ ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യത.

Also read: