‘എത്രയും വേഗം തടിയൂരുന്നതാണ് നല്ലത്’; ഇറാൻ യുദ്ധത്തിൽനിന്ന് ‘എക്സിറ്റ് പ്ലാൻ’ കണ്ടെത്താൻ ട്രംപിനോട് ഉപദേഷ്ടാക്കൾ
വാഷിങ്ടൺ: ഇറാനെതിരെ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന സൈനിക നീക്കം രാഷ്ട്രീയമായും സാമ്പത്തികമായും വലിയ തിരിച്ചടിയാകുമെന്ന് ട്രംപ് ഭരണകൂടത്തിന്റെ വിലയിരുത്തൽ. എത്രയും പെട്ടെന്ന് യുദ്ധത്തിൽനിന്നു പിന്മാറണമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ഉപദേഷ്ടാക്കൾ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. യുദ്ധത്തിൽനിന്ന് പിന്മാറാൻ എത്രയും വേഗം ഒരു ‘എക്സിറ്റ് പ്ലാൻ’ തയാറാക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന ഉദ്യോഗസ്ഥർ ട്രംപിനെ സമീപിച്ചതായി പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ‘വാൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് ചെയ്തു.
യുദ്ധം ദീർഘകാലം നീണ്ടുപോകുന്നത് അമേരിക്കയുടെ ആഭ്യന്തര രാഷ്ട്രീയത്തെ ബാധിക്കുമെന്നാണ് ട്രംപിന്റെ ഉപദേഷ്ടാക്കളായ സ്റ്റീഫൻ മൂർ ഉൾപ്പെടെയുള്ളവർ ഭയപ്പെടുന്നത്. സൈനികമായ വിജയങ്ങൾ ഭൂരിഭാഗവും കൈവരിച്ചുവെന്ന് പ്രഖ്യാപിച്ച് എത്രയും വേഗം യുദ്ധം അവസാനിപ്പിക്കാനുള്ള ഒരു ‘എക്സിറ്റ് പ്ലാൻ’ കണ്ടെത്താനാണ് ഇവർ നിർദേശിക്കുന്നത്.
ഇത്രയധികം ആയുധങ്ങളും അത്യാധുനിക മിസൈലുകളും ഉപയോഗിച്ച് അതിശക്തമായ ആക്രമണം നടത്തിയിട്ടും ഇറാൻ എന്തുകൊണ്ടാണ് കീഴടങ്ങാൻ തയാറാകാത്തതെന്ന് ട്രംപ് ആശ്ചര്യം പ്രകടിപ്പിച്ചതായും റിപ്പോർട്ടിലുണ്ട്. ഇറാന്റെ ഭരണകൂടത്തെയും സൈനിക ശേഷിയെയും ഇത്രവേഗം തകർക്കാൻ കഴിയാത്തത് വൈറ്റ് ഹൗസിനെ കുഴപ്പിക്കുന്നുണ്ട്.
അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലേക്ക് കുതിച്ചുയർന്നതാണ് ട്രംപ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. എണ്ണവില വർധിക്കുന്നത് അമേരിക്കയിൽ പണപ്പെരുപ്പത്തിന് കാരണമാകുമെന്നും ഇത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ വോട്ടർമാരുടെ അതൃപ്തിക്ക് ഇടയാക്കുമെന്നും സാമ്പത്തിക ഉപദേഷ്ടാക്കൾ ട്രംപിന് മുന്നറിയിപ്പ് നൽകി. എണ്ണ വിപണിയിലെ അസ്ഥിരത ട്രംപിന്റെ രാഷ്ട്രീയ സഖ്യകക്ഷികളെയും ആശങ്കയിലാക്കുന്നുണ്ട്.
ഇറാൻ യുദ്ധത്തിന് അമേരിക്കൻ ജനതയുടെ ഇടയിൽ ലഭിക്കുന്ന പിന്തുണ ഗണ്യമായി കുറഞ്ഞതായാണ് പുതിയ പോളിങ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയ സർവേ റിപ്പോർട്ടുകൾ ട്രംപിനു മുന്നിൽ അവതരിപ്പിച്ചതായി ‘വാൾസ്ട്രീറ്റ് ജേണൽ’ റിപ്പോർട്ടിൽ പറയുന്നു. 29 ശതമാനം പേർ മാത്രമാണ് നിലവിൽ യുദ്ധത്തെ അനുകൂലിക്കുന്നത്. ഇന്ധനവില വർധിക്കുന്നത് സാധാരണക്കാരുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്നതാണ്. ഇതുകൂടിയാകുമ്പോൾ ജനങ്ങളുടെ എതിർപ്പ് കൂടുമെന്ന ആശങ്ക റിപബ്ലിക്കൻ ക്യാംപിൽ ശക്തമാണ്.
യുദ്ധം നിശ്ചയിച്ച സമയത്തേക്കാൾ വേഗത്തിലാണ് മുന്നേറുന്നതെന്നും ഉടൻ അവസാനിച്ചേക്കുമെന്നും ട്രംപ് കഴിഞ്ഞ ദിവസം സൂചന നൽകിയിരുന്നു. എന്നാൽ, വെടിനിർത്തൽ പ്രഖ്യാപിച്ചാൽ പോലും എണ്ണ വിപണിയിലെ പ്രതിസന്ധി ഉടൻ പരിഹരിക്കപ്പെടില്ലെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങളും മിസൈൽ ഭീഷണിയും വിതരണ ശൃംഖലയെ ഇപ്പോഴും പ്രതിസന്ധിയിലാക്കുന്നു.
മുൻപ് ചർച്ചകൾ നടക്കുമ്പോൾ തന്നെ അമേരിക്ക ആക്രമിച്ചതിനാൽ വാഷിങ്ടണുമായി പുതിയ ചർച്ചകൾക്ക് താല്പര്യമില്ലെന്നാണ് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഏറ്റവുമൊടുവിൽ വ്യക്തമാക്കിയത്. യുദ്ധം തങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചതാണ്. അതിനാൽ പ്രതിരോധം തുടരുമെന്നും, യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് തീരുമാനിക്കുന്നത് തങ്ങളാകുമെന്നും ഇറാൻ വിപ്ലവ ഗാർഡും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
യുദ്ധം അവസാനിപ്പിക്കാനുള്ള കൃത്യമായ ടൈംലൈൻ ട്രംപ് ഇതുവരെ നൽകിയിട്ടില്ലെങ്കിലും, പശ്ചിമേഷ്യയിലെ സൈനിക നടപടികൾ വേഗത്തിൽ ചുരുക്കാനുള്ള നീക്കത്തിലാണ് വൈറ്റ് ഹൗസ്. യുദ്ധം നിർത്തുന്ന കാര്യം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ചർച്ച നടത്തി അന്തിമ തീരുമാനമെടുക്കുമെന്നാണ് ട്രംപ് ‘ടൈംസ് ഓഫ് ഇസ്രയേലി’നോട് വ്യക്തമാക്കിയിട്ടുള്ളത്.