ലൈംഗികാതിക്രമ കേസ്: രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി; ജാമ്യം അനുവദിച്ചത് കർശന ഉപാധികളോടെ
എറണാകുളം: യുവനടിയെ ലൈംഗികമായി അതിക്രമിച്ചെന്ന കേസിൽ സംവിധായകൻ രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ചുമത്തപ്പെട്ട കുറ്റങ്ങളുമായി പ്രതിയെ ബന്ധിപ്പിക്കുന്ന തെളിവുകൾ പ്രകടമാണെന്ന് വ്യക്തമാക്കിയ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, പത്തു ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് രഞ്ജിത്തിന് ജാമ്യം അനുവദിച്ചത്. പ്രതിക്കെതിരെ ഗുരുതരമായ നിരീക്ഷണങ്ങൾ നടത്തിയ കോടതി, ജാമ്യവ്യവസ്ഥകൾ ലംഘിച്ചാൽ അത് റദാക്കുമെന്ന കർശന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
രഞ്ജിത്തിന്റെ പ്രായം, ആരോഗ്യസ്ഥിതി, സാമൂഹിക പശ്ചാത്തലം എന്നിവ പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. ചുമത്തപ്പെട്ട കുറ്റങ്ങൾക്ക് അഞ്ചു വർഷത്തിൽ താഴെ മാത്രം ശിക്ഷാ കാലാവധി ഉള്ളതും പ്രതി ഒളിവിൽ പോകാൻ സാധ്യതയില്ലെന്ന വിലയിരുത്തലും ജാമ്യം നൽകുന്നതിലേക്ക് നയിച്ചു. എന്നാൽ പ്രോസിക്യൂഷൻ ഉന്നയിച്ച സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യത കോടതി ഗൗരവമായി പരിഗണിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ, സാക്ഷികളുള്ള പരിധിയിൽ പ്രവേശിക്കരുതെന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ എപ്പോൾ വേണമെങ്കിലും ഹാജരാകണമെന്നുമുള്ള കർശന ഉപാധികളാണ് കോടതി മുന്നോട്ടുവെച്ചത്.
നടിയുടെ അഭിനയത്തെ വിമർശിച്ചതിലുള്ള വിരോധമാണ് പരാതിക്ക് പിന്നിലെന്ന രഞ്ജിത്തിന്റെ വാദം കോടതിയിൽ ഉയർന്നെങ്കിലും, പ്രതിക്കെതിരെ കൃത്യമായ തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഏപ്രിൽ ഒന്നിന് അറസ്റ്റിലായ രഞ്ജിത്ത് ജാമ്യം ലഭിച്ചതിനെത്തുടർന്ന് സബ് ജയിലിൽ നിന്നും മോചിതനായി. മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറാകാതെയാണ് അദ്ദേഹം മടങ്ങിയത്.