അമേരിക്കന്‍ വിമാനവാഹിനി കപ്പലില്‍ വീണ്ടും വന്‍ തീപിടിത്തം; മൂന്ന് നാവികര്‍ക്ക് പരിക്ക്
വാഷിങ്ടണ്‍: പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ സാഹചര്യത്തിനിടയിൽ അമേരിക്കൻ നാവികസേനയെ ആശങ്കയിലാഴ്ത്തി മറ്റൊരു വിമാനവാഹിനിക്കപ്പലിലും തീപ്പിടിത്തം. യുഎസ് നാവികസേനയുടെ കരുത്തായ സൂപ്പർകാരിയർ യുഎസ്എസ് ഐസൻഹോവറിലാണു വൻ തീപിടുത്തമുണ്ടായത്. സംഭവത്തിൽ രണ്ട് നാവികർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
വിർജീനിയയിലെ നോർഫോക് നാവിക താവളത്തിൽ അറ്റകുറ്റപ്പണികൾക്കായി നിർത്തിയിട്ടതായിരുന്നു യുഎസ്എസ് ഐസൻഹോവർ. അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെയാണ് കപ്പലിൽ തീ പടർന്നതെന്ന് ‘ഫോക്‌സ് ന്യൂസ്’ റിപ്പോർട്ട് ചെയ്തു. കപ്പലിലെ ജീവനക്കാരും ഷിപ്പ്യാർഡ് ഉദ്യോഗസ്ഥരും ചേർന്ന് ഉടൻ തന്നെ തീ നിയന്ത്രണവിധേയമാക്കിയതായാണ് റിപ്പോർട്ട്. പരിക്കേറ്റ മൂന്ന് നാവികരെ കപ്പലിലെ മെഡിക്കൽ സംഘം ചികിത്സിച്ച ശേഷം ജോലിയിൽ തിരികെ പ്രവേശിപ്പിച്ചു.
ലോകത്തെ ഏറ്റവും വലിയ യുദ്ധക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡിൽ ഒരു മാസം മുൻപുണ്ടായ വൻ തീപിടിത്തത്തിന് പിന്നാലെയാണ് പുതിയ അപകടം. ജെറാൾഡ് ഫോർഡിലെ തീ അണയ്ക്കാൻ ഏകദേശം 30 മണിക്കൂർ എടുത്തിരുന്നു. നിലവിൽ ജെറാൾഡ് ഫോർഡ് കിഴക്കൻ മെഡിറ്ററേനിയൻ കടലിൽ തിരിച്ചെത്തിയിട്ടുണ്ട്.
യുഎസ് നാവികസേനയുടെ ഏറ്റവും പഴയ വിമാനവാഹിനിക്കപ്പലുകളിൽ രണ്ടാമത്തേതാണ് ഐസൻഹോവർ. നാവികർക്കിടയിൽ ‘ഐക്ക്’ എന്നറിയപ്പെടുന്ന ഈ കപ്പലിന്, അമേരിക്കയുടെ 34-ാം പ്രസിഡന്റിനോടുള്ള ആദരസൂചകമായാണ് അദ്ദേഹത്തിന്റെ പേരിൽ നാമകരണം ചെയ്തത്. 1970ൽ നിർമാണാനുമതി ലഭിച്ച കപ്പൽ 1977ൽ കമ്മീഷൻ ചെയ്തു. 1980ലെ ഇറാൻ ബന്ദി പ്രശ്‌നത്തിലെ ‘ഓപറേഷൻ ഈഗിൾ ക്ലോ’ മുതൽ ഐസൻഹോവർ പശ്ചിമേഷ്യൻ യുദ്ധമുഖത്തുണ്ട്.
1990ൽ ഇറാഖ് കുവൈത്തിനെ ആക്രമിച്ചപ്പോൾ നടന്ന ‘ഓപറേഷൻ ഡെസേർട്ട് ഷീൽഡ്/സ്റ്റോം’ കാലഘട്ടത്തിൽ സൂയസ് കനാൽ കടക്കുന്ന ചരിത്രത്തിലെ രണ്ടാമത്തെ ആണവ വിമാനവാഹിനിക്കപ്പലായി ഐസൻഹോവർ മാറി. 2023-2024 കാലയളവിൽ ചെങ്കടലിൽ ഹൂത്തികൾക്കെതിരെ നടന്ന സൈനിക ഓപറേഷനിലും കപ്പൽ നിർണായക പങ്കുവഹിച്ചു.
ഇറാനെതിരായ ‘ഓപറേഷൻ എപിക് ഫ്യൂറി’ തുടരുകയാണെങ്കിൽ ഐസൻഹോവറിനെ വീണ്ടും പശ്ചിമേഷ്യയിലേക്ക് അയക്കാൻ പെന്റഗൺ ആലോചിച്ചിരുന്നു. ഇതിനിടയിലാണ് കപ്പലില്‍ തീപ്പിടിത്തമുണ്ടാകുന്നത്. നിലവിൽ യുഎസ്എസ് ജോർജ് എച്ച്.ഡബ്ല്യു. ബുഷ് മേഖലയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.