19/04/2026
[fontresizer_tawhidurrahmandear_widget]

തന്നോടൊപ്പം ഉറങ്ങാൻ കിടന്ന ഇരട്ട പെൺകുട്ടികളെ കഴുത്തറുത്ത് കൊന്ന് പിതാവ്; പുലർച്ചെ പോലീസിൽ വിളിച്ച് കീഴടങ്ങി

 തന്നോടൊപ്പം ഉറങ്ങാൻ കിടന്ന ഇരട്ട പെൺകുട്ടികളെ കഴുത്തറുത്ത് കൊന്ന് പിതാവ്; പുലർച്ചെ പോലീസിൽ വിളിച്ച് കീഴടങ്ങി

കാൺപൂർ: തന്നോടൊപ്പം ഉറങ്ങാൻ കിടന്ന ഇരട്ട പെൺമക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തി പിതാവ്. ഉത്തർപ്രദേശിലെ കാൺപൂരിലാണ് മനസാക്ഷിയെ നടുക്കിയ ഈ ക്രൂരത നടന്നത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. മെഡിക്കൽ റെപ്രസന്റേറ്റീവ് ആയി ജോലി ചെയ്യുന്ന ശശി രഞ്ജൻ മിശ്ര എന്ന 48കാരനാണ് 11 വയസുള്ള രണ്ട് പെൺമക്കളെയും മൂർച്ചയേറിയ ആയുദ്ധം ഉപയോഗിച്ച് കൊലപ്പെടുത്തിയത്.

കൊലപാതകത്തിന് ശേഷം പുലർച്ചെ 4:30ഓടെ പ്രതി തന്നെയാണ് പോലീസിനെ ഫോണിൽ വിളിച്ച് താൻ മക്കളെ കൊലപ്പെടുത്തിയ വിവരം അറിയിച്ചത്. ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസ് രക്തത്തിൽ കുളിച്ച നിലയിൽ കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ബിഹാർ സ്വദേശിയായ ശശി രഞ്ജൻ മിശ്രയും പശ്ചിമ ബംഗാൾ സ്വദേശിയായ ഭാര്യ രേഷ്മയും പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു. എന്നാൽ വിവാഹശേഷം ഇവർക്കിടയിൽ നിരന്തരം പ്രശ്‌നങ്ങളുണ്ടായിരുന്നതായി രേഷ്മ പോലീസിനോട് പറഞ്ഞു. ഭർത്താവ് മദ്യപാനിയാണെന്നും ക്രൂരമായി തന്നെ ഉപദ്രവിക്കാറുണ്ടെന്നും രേഷ്മ ആരോപിച്ചു. വീടിനുള്ളിൽ ഇയാൾ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നുവെന്നും തന്നെയും മക്കളെയും മുറിക്കുള്ളിൽ പൂട്ടിയിടാറുണ്ടായിരുന്നുവെന്നും അവർ വെളിപ്പെടുത്തി.

സംഭവദിവസം രാത്രി എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിച്ച ശേഷം കുട്ടികൾ പിതാവിനൊപ്പം ഉറങ്ങാൻ പോയതായിരുന്നു. പുലർച്ചെ രണ്ടരയോടെ സിസിടിവി ദൃശ്യങ്ങളിൽ ഇയാൾ ഒരു മകളെ ബാത്‌റൂമിലേക്ക് കൊണ്ടുപോകുന്നത് കണ്ടിരുന്നെങ്കിലും പിന്നീട് ലൈറ്റുകൾ അണച്ചതിനാൽ എന്ത് സംഭവിച്ചുവെന്ന് മനസ്സിലാക്കാൻ സാധിച്ചില്ലെന്ന് രേഷ്മ പറയുന്നു.

പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി സംശയിക്കുന്നുണ്ടെന്നും ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചുവെന്നും പോലീസ് അറിയിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. കുടുംബവഴക്കാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ ഈ ക്രൂരകൃത്യത്തിന് പിന്നിലെന്ന് പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.

Also read: