30/04/2026
[fontresizer_tawhidurrahmandear_widget]

49-ാമത് ഫിലിം ക്രിട്ടിക്സ് അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച നടൻ മോഹന്‍ലാല്‍, കല്യാണിയും അനശ്വരയും മികച്ച നടിമാർ

 49-ാമത് ഫിലിം ക്രിട്ടിക്സ് അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച നടൻ മോഹന്‍ലാല്‍, കല്യാണിയും അനശ്വരയും മികച്ച നടിമാർ

2025-ലെ ചലച്ചിത്ര മികവുകൾക്കുള്ള 49-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ‘എക്കോ’ ആണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. ‘ലോക’ എന്ന ചിത്രത്തിലൂടെ ഡൊമിനിക് അരുൺ മികച്ച സംവിധായകനുള്ള അംഗീകാരം നേടി. ‘തുടരും’, ‘ഹൃദയപൂർവ്വം’ എന്നീ സിനിമകളിലെ മികച്ച പ്രകടനത്തിലൂടെ മോഹൻലാൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിക്കുള്ള പുരസ്‌കാരം കല്യാണി പ്രിയദർശനും (‘ലോക’) അനശ്വര രാജനും (‘രേഖാചിത്രം’, ‘മിസ്റ്റർ ആൻഡ് മിസിസ് ബാച്ചിലർ’) പങ്കിട്ടു.

ടിജി രവി, ഇന്ദ്രൻസ്, കൈതപ്രം ദാമോദരൻ നമ്പൂതിരി, കല്ലിയൂർ ശശി, ഊർമിള ഉണ്ണി, ബി. അരുന്ധതി എന്നിവർക്ക് ചലച്ചിത്ര പ്രതിഭാ പുരസ്‌കാരം നൽകും. അസോസിയേഷൻ പ്രസിഡന്റും ജൂറി ചെയർമാനുമായ ഡോ. ജോർജ്ജ് ഓണക്കൂറും ജനറൽ സെക്രട്ടറി തേക്കിൻകാട് ജോസഫുമാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്ത ‘രേഖാചിത്രം’ മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. പ്രകാശ് വർമ്മ (‘തുടരും’), ദിലീഷ് പോത്തൻ (‘റോന്ത്’) എന്നിവർ മികച്ച രണ്ടാമത്തെ നടന്മാരായും ഹണി റോസ് (‘റേച്ചൽ’), ശുഭ വയനാട് എന്നിവർ മികച്ച രണ്ടാമത്തെ നടിമാരായും തിരഞ്ഞെടുക്കപ്പെട്ടു.

മറ്റ് പുരസ്‌കാരങ്ങൾ:

അഭിനയ മികവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം ഡോ. മനോജ് ഗോവിന്ദൻ, സംഗീത് പ്രതാപ്, സന്ദീപ് പ്രദീപ് തുടങ്ങിയവർക്ക് ലഭിച്ചു. ജി.ആർ. ഇന്ദുഗോപനാണ് (‘പൊന്മാൻ’) മികച്ച കഥാകൃത്ത്. രാജേഷ് തില്ലങ്കരി മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരത്തിന് അർഹനായി. സംഗീത വിഭാഗത്തിൽ ജേക്സ് ബിജോയ് (സംഗീതസംവിധാനം), നവനീത് ഉണ്ണികൃഷ്ണൻ (ഗായകൻ), സിത്താര കൃഷ്ണകുമാർ, ജെ.ആർ. ദിവ്യ നായർ (ഗായികമാർ) എന്നിവർ അംഗീകാരം നേടി. എം.ആർ. രാജാകൃഷ്ണൻ (‘എമ്പുരാൻ’) മികച്ച ശബ്ദമിശ്രണത്തിനുള്ള പുരസ്‌കാരം നേടി.

അഖിൽ സത്യൻ സംവിധാനം ചെയ്ത ‘സർവം മായ’ മികച്ച ജനപ്രിയ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ബാലചിത്രങ്ങൾക്കുള്ള പുരസ്‌കാരം ‘ദൈവത്താൻകുന്ന്’, ‘പച്ചത്തെയ്യം’ എന്നീ ചിത്രങ്ങൾ പങ്കിട്ടു. സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്ത ‘ഖിഡ്കി ഗാവ്’ മികച്ച ദേശീയോദ്ഗ്രഥന ചിത്രമായും ശിവരഞ്ജിനി ജെ സംവിധാനം ചെയ്ത ‘വിക്ടോറിയ’ മികച്ച സ്ത്രീപക്ഷ ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു. സാമൂഹിക പ്രസക്തിയുള്ള ചിത്രങ്ങളായി ‘അരിക്’, ‘സ്വാലിഹ്’ എന്നിവയും പരിസ്ഥിതി ചിത്രങ്ങളായി ‘കല്യാണമരം’, ‘ഭൂതലം’ എന്നിവയും പുരസ്‌കാരങ്ങൾ നേടി. നവാഗത പ്രതിഭകളിൽ നടി റിയ ഷിബുവും സംവിധായകരായ ജിതിൻ കെ. ജോസ്, ശരണ്‍ വേണുഗോപാൽ തുടങ്ങിയവരും ഉൾപ്പെടുന്നു. സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്ത ‘പരാശക്തി’യാണ് മികച്ച അന്യഭാഷാ ചിത്രം.

Also read: