18/04/2026
[fontresizer_tawhidurrahmandear_widget]

‘ഭീഷണിയുടെ സ്വരം ഇവിടെ വിലപ്പോവില്ല, ആരും പേടിപ്പിക്കേണ്ട’; പി.സി ജോർജിനെതിരെ ആഞ്ഞടിച്ച് പാലാ ബിഷപ്പ്

 ‘ഭീഷണിയുടെ സ്വരം ഇവിടെ വിലപ്പോവില്ല, ആരും പേടിപ്പിക്കേണ്ട’; പി.സി ജോർജിനെതിരെ ആഞ്ഞടിച്ച് പാലാ ബിഷപ്പ്

കോട്ടയം: പി.സി ജോർജിനും മകൻ ഷോൺ ജോർജിനുമെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ മതനേതാക്കളെക്കുറിച്ച് സംസാരിക്കുമ്പോൾ മാന്യതയുടെ അതിർവരമ്പുകൾ ലംഘിക്കരുതെന്ന് ബിഷപ്പ് ഓർമിപ്പിച്ചു. ചാനലുകളിൽ കയ്യടിക്ക് വേണ്ടി സംസ്കാരശൂന്യമായ ഭാഷ ഉപയോഗിക്കുന്നത് ശരിയല്ലെന്നും ഭീഷണിയുടെ സ്വരം സഭയുടെ അടുത്ത് വിലപ്പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സഭയെ മൂലക്കിരുത്താമെന്നോ മിണ്ടാപ്രാണികളായി ന്യൂട്രലായി നിൽക്കുമെന്നോ ആരും കരുതേണ്ടതില്ലെന്ന് ബിഷപ്പ് മുന്നറിയിപ്പ് നൽകി. ആർക്ക് വേണ്ടിയാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്ന് വ്യക്തമല്ല. മെത്രാന്മാർ നിശബ്ദരായിരിക്കണമെന്ന വാദം അംഗീകരിക്കാനാവില്ല. തെരഞ്ഞെടുപ്പ് കാലത്ത് വോട്ട് ചോദിക്കുന്നത് ഭരണഘടനാപരമായ അവകാശമാണെന്നും രഹസ്യമായല്ല, പരസ്യമായി തന്നെ വോട്ട് ചോദിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയെപ്പോലൊരു ജനാധിപത്യ രാജ്യത്ത് ഇതിന് ആരെയും ഭയപ്പെടേണ്ടതില്ലെന്നും മെത്രാന്മാർക്കും വ്യക്തിപരമായ രാഷ്ട്രീയ നിലപാടുകൾ ഉണ്ടാകാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം പാലാ ബിഷപ്പ് ഹൗസ് സന്ദർശിച്ച പി.സി ജോർജ്, മെത്രാന്മാർ താമസിക്കുന്ന മുറികൾക്ക് മുന്നിൽ വെച്ച് നടത്തിയ പ്രസ് മീറ്റിലെ പരാമർശങ്ങൾ ബിഷപ്പിനെ ചൊടിപ്പിച്ചിട്ടുണ്ട്. സഭയുടെ മുഖപത്രമായ ‘ദീപിക’യ്‌ക്കെതിരെയുള്ള വിമർശനങ്ങളെയും ബിഷപ്പ് പ്രതിരോധിച്ചു. ദീപിക സത്യം പറയുന്ന പത്രമാണെന്നും അതിനെതിരെയുള്ള കടന്നാക്രമണങ്ങൾ ശരിയല്ലെന്നും ബിഷപ്പ് പറഞ്ഞു. പേര് എടുത്ത് പറയാതെ തന്നെ ജോർജിന്റെയും ഷോണിന്റെയും ആരോപണങ്ങൾക്ക് അതേ നാണയത്തിലാണ് പാലാ ബിഷപ്പ് മറുപടി നൽകിയത്.

Also read: