30/04/2026
[fontresizer_tawhidurrahmandear_widget]

‘എസി ഉപയോഗിക്കാറില്ല, ഉഷ്‌ണ തരംഗത്തെ മറികടക്കാൻ ഉള്ളി പോക്കറ്റിലിട്ടാൽ മതി’; കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

 ‘എസി ഉപയോഗിക്കാറില്ല, ഉഷ്‌ണ തരംഗത്തെ മറികടക്കാൻ ഉള്ളി പോക്കറ്റിലിട്ടാൽ മതി’; കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

ഭോപ്പാൽ: കഠിനമായ വേനൽച്ചൂടിനെ പ്രതിരോധിക്കാൻ പരമ്പരാഗത രീതികൾ പിന്തുടരണമെന്ന ഉപദേശവുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. മധ്യപ്രദേശിലെ ശിവ്‌പുരിയിൽ പൊതുജനങ്ങളെ അഭിസംബോധന ചെയ്യവെയാണ് വേനൽചൂടിനെ നേരിടാൻ താൻ സ്വീകരിക്കുന്ന ലളിതമായ വഴികളെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്.

അതികഠിനമായ ചൂടിലും താൻ എയർ കണ്ടീഷണർ ഉപയോഗിക്കാറില്ലെന്ന് സിന്ധ്യ വെളിപ്പെടുത്തി. മേയ്, ജൂൺ മാസങ്ങളിലെ 51 ഡിഗ്രി ചൂടിൽ പോലും എസി ഇല്ലാതെ ജോലി ചെയ്യാൻ സാധിക്കുന്നത് ചമ്പൽ ചർമ്മത്തിന്റെ (ചമ്പൽ പ്രദേശത്തുകാരുടെ കരുത്തുള്ള ചർമ്മം) പ്രത്യേകത കൊണ്ടാണെന്നും അദ്ദേഹം തമാശരൂപേണ പറഞ്ഞു. ഉഷ്ണതരംഗത്തെ മറികടക്കാൻ കീശയിൽ ഒരു സവാള കരുതുന്നതാണ് തന്റെ രീതി. ആധുനിക ഉപകരണങ്ങളെക്കാൾ ഇത്തരം പരമ്പരാഗത അറിവുകൾക്കും ആയുർവേദത്തിനും പ്രാധാന്യം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തീവ്ര ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പലയിടങ്ങളിലും താപനില 40 മുതൽ 46 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിരിക്കുകയാണ്. വടക്കേ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾക്ക് പുറമെ കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും വരും ദിവസങ്ങളിൽ ചൂടും ഈർപ്പവും നിറഞ്ഞ കാലാവസ്ഥ തുടരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏപ്രിൽ 28 വരെ വിവിധ സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദേശം നിലവിലുണ്ട്.

Also read: