പൂട്ടിക്കിടന്ന വീട്ടിൽ അതിക്രമിച്ചു കയറി, തിരിച്ചിറങ്ങുന്നതിനിടെ ഗേറ്റിൽ കാൽ കുടുങ്ങി; ഒടുവിൽ രക്ഷപ്പെടാൻ പൊലീസ് സഹായം
ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ പൂട്ടിക്കിടന്ന വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച കള്ളൻ ഒടുവിൽ കുടുങ്ങിയത് ഗേറ്റിൽ. പുറത്തുകടക്കാനാവാതെ ഗേറ്റിലെ കമ്പികൾക്കിടയിൽ കുടുങ്ങിയ ഇയാളെ പൊലീസെത്തിയാണ് മോചിപ്പിച്ചത്. ഷാലിമാർ ഗാർഡൻ പ്രദേശത്ത് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വീടിന്റെ ഗേറ്റിലും ചുമരിലും ഘടിപ്പിച്ചിരുന്ന ഇരുമ്പ് ഗ്രില്ലിലൂടെയാണ് ഇയാൾ അകത്തുകയറിയത്. എന്നാൽ അകത്തുനിന്നും ശബ്ദം കേട്ട് പരിഭ്രാന്തനായി പുറത്തേക്ക് ചാടാൻ ശ്രമിച്ചതോടെ കാൽ ഗ്രില്ലുകൾക്കിടയിൽ കുടുങ്ങുകയായിരുന്നു. മുൻപോട്ടോ പിന്നോട്ടോ നീങ്ങാനാവാതെ തൂങ്ങിക്കിടന്ന ഇയാളെ കണ്ട് നാട്ടുകാർ തടിച്ചുകൂടുകയും പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.
പൊലീസെത്തി ഏറെ പണിപ്പെട്ടാണ് ഇയാളെ പുറത്തെടുത്തത്. തുടർന്ന് കസ്റ്റഡിയിലെടുത്തു. പിടിയിലായ ആൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും ഇയാൾ ലഹരിക്ക് അടിമയാണെന്നും പൊലീസ് വ്യക്തമാക്കി. വീട്ടിൽ നിന്ന് സാധനങ്ങളൊന്നും മോഷണം പോകാത്തതിനാൽ വീട്ടുകാർ പരാതി നൽകിയില്ല. ഇതോടെ വൈദ്യപരിശോധനയ്ക്ക് ശേഷം ഇയാളെ വിട്ടയച്ചു.