‘വോട്ടെണ്ണലിന് ഞാൻ നേരിട്ട് കൗണ്ടിങ് റൂമിലെത്തും; എന്റെ വാർത്താസമ്മേളനം വരെ ഒരാളും കൗണ്ടിങ് ടേബിൾ വിടരുത്’-പ്രവർത്തകരോട് മമത
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കാനിരിക്കെ, ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിൽ (ഇവിഎം) കൃത്രിമം നടക്കാൻ സാധ്യതയുണ്ടെന്ന ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി മമത ബാനർജി. ഇവിഎം മാറ്റാനും കമ്പ്യൂട്ടറിലെ കണക്കുകളിൽ മാറ്റം വരുത്തി ബിജെപിയുടെ വോട്ടുകൾ വർധിപ്പിക്കാനും നീക്കം നടക്കുന്നുണ്ടെന്ന് അവർ ആരോപിച്ചു. സ്‌ട്രോങ് റൂമുകളിലും കൗണ്ടിങ് ഹാളിലും ജാഗ്രത പാലിക്കാൻ മമത തൃണമൂൽ കോൺഗ്രസ് പ്രവർത്തകർക്ക് ജാഗ്രതാ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.
വോട്ടെണ്ണൽ ദിനത്തിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ അതീവ ജാഗ്രത പാലിക്കണമെന്നും ബംഗാളിനെ രക്ഷിക്കാൻ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഉറച്ചുനിൽക്കണമെന്നും അവർ അഭ്യർത്ഥിച്ചു. ‘കമ്പ്യൂട്ടറിലെ ഡാറ്റയിൽ അവർ മാറ്റം വരുത്തിയേക്കാം. നമ്മുടെ വോട്ടുകൾ ബിജെപിക്കും ബിജെപിയുടേത് നമുക്കും നൽകി അട്ടിമറിക്ക് സാധ്യതയുണ്ട്. അതിനാൽ, വോട്ടെണ്ണൽ പൂർത്തിയായി ഔദ്യോഗിക ഫലം പ്രഖ്യാപിക്കുന്നത് വരെ ആരും കൗണ്ടിങ് ടേബിളുകൾ വിട്ടുപോകരുത്,’ മമത പറഞ്ഞു.
ഇവിഎം സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമുകൾക്ക് കർശന കാവൽ ഏർപ്പെടുത്താൻ അവർ ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ താൻ തന്നെ നേരിട്ട് സ്‌ട്രോങ് റൂമുകൾക്ക് കാവലിരിക്കുമെന്നും മമത വ്യക്തമാക്കി. ഒരു സ്ഥാനാർത്ഥി എന്ന നിലയിൽ തനിക്ക് വോട്ടെണ്ണൽ ഹാളിനുള്ളിൽ പ്രവേശിക്കാൻ അധികാരമുണ്ട്. താൻ അവിടെ നേരിട്ടെത്തുമെന്നും അവർ അറിയിച്ചു.
ബിജെപി തങ്ങളുടെ അവസാന അടവ് പുറത്തെടുത്തിരിക്കുകയാണെന്ന് മമത പരിഹസിച്ചു. യഥാർത്ഥ കണക്കുകൾ പുറത്തുവിട്ടിരുന്നെങ്കിൽ ഷെയർ മാർക്കറ്റുകൾ തകരുമായിരുന്നുവെന്നും പ്രവർത്തകരുടെ ആത്മവീര്യം തകർക്കാനാണ് വ്യാജ പ്രചാരണങ്ങൾ നടക്കുന്നതെന്നും അവർ ആരോപിച്ചു.
‘നിങ്ങൾ ഒരുപാട് കഷ്ടപ്പാടുകളിലൂടെയാണ് കടന്നുപോയത്. ബംഗാളിനെ രക്ഷിക്കാൻ ഇനിയുള്ള കുറച്ചു സമയം കൂടി ജാഗ്രതയോടെ ഇരിക്കണം. രാത്രി മുഴുവൻ ഉണർന്നിരുന്ന് വോട്ടിങ് യന്ത്രങ്ങളെ നിരീക്ഷിക്കണം,’ മമത പ്രവർത്തകരോട് ആഹ്വാനം ചെയ്തു.
ഇപ്പോൾ പുറത്തുവന്നിരിക്കുന്ന എക്‌സിറ്റ് പോൾ കണക്കുകൾ ബിജെപിയുടെ ഓഫീസിൽ തയ്യാറാക്കിയതാണെന്ന് അവർ ആരോപിച്ചു. തൃണമൂൽ പ്രവർത്തകരെ തളർത്താനാണ് ഇത്തരം വ്യാജ കണക്കുകൾ പ്രചരിപ്പിക്കുന്നതെന്നും മമത ആരോപിച്ചു. പ്രവർത്തകരോട് കൂടുതൽ ജാഗരൂകരാകാൻ ആഹ്വാനം ചെയ്തിട്ടുമുണ്ട് അവർ.
വോട്ടെണ്ണൽ ദിനമായ മെയ് നാലിന് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ അതീവ ജാഗ്രത പാലിക്കണമെന്ന് മമത ആവശ്യപ്പെട്ടു. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽനിന്ന് ഒരു കാരണവശാലും മാറിനിൽക്കരുതെന്നും മമത വീഡിയോ സന്ദേശത്തിലൂടെ നിർദേശിച്ചു.
‘പുറത്തുവന്ന എക്‌സിറ്റ് പോളുകൾ ബിജെപി നിർമിച്ചതാണ്. ടിഎംസി പ്രവർത്തകരുടെ ആത്മവീര്യം തകർക്കുകയാണ് ഇവരുടെ ലക്ഷ്യം. യഥാർത്ഥ കണക്കുകൾ പുറത്തുവിട്ടാൽ ഷെയർ മാർക്കറ്റുകൾ തകരുമെന്നതിനാലാണ് അവർ അത് മൂടിവെക്കുന്നത്,’ മമത പറഞ്ഞു. ബംഗാളിലെ 294 സീറ്റുകളിൽ 226-ലധികം സീറ്റുകൾ നേടി തൃണമൂൽ അധികാരത്തിൽ തിരിച്ചെത്തുമെന്നും ‘മാ-മാതി-മാനുഷ്’ സർക്കാർ വീണ്ടും വരുമെന്നും അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
തന്റെ മണ്ഡലമായ ഭവാനിപൂരിൽ രാത്രി മുഴുവൻ റെയ്ഡുകൾ നടന്നതായും കേന്ദ്ര സേനയെ ഉപയോഗിച്ച് ബിജെപി സമ്മർദം ചെലുത്തുകയാണെന്നും ബംഗാൾ മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എക്‌സിറ്റ് പോളുകൾ ബിജെപിക്ക് ഭരണമുണ്ടാകുമെന്ന് പ്രവചിക്കുമ്പോഴും, പീപ്പിൾസ് പൾസ് പോലുള്ള ഏജൻസികൾ ടിഎംസിക്ക് വലിയ വിജയം പ്രവചിക്കുന്നത് മമത ചൂണ്ടിക്കാട്ടി. ബംഗാളിനെ രക്ഷിക്കാൻ ഇനിയുള്ള കുറച്ചുദിവസങ്ങൾ കൂടി ജാഗ്രതയോടെ ഇരിക്കാനാണ് പാർട്ടി പ്രവർത്തകർക്ക് അവർ നൽകിയിരിക്കുന്ന കർശന നിർദേശം.