വൈറ്റ് ഹൗസ് അത്താഴവിരുന്നിലെ വെടിവെപ്പ്: ‘ഹിറ്റ് ലിസ്റ്റിൽ’ നിന്ന് എഫ്ബിഐ ഡയറക്ടറെ ഒഴിവാക്കിയത് ഹിന്ദുവായതിനാൽ
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് വൈറ്റ് ഹൗസ് അത്താഴവിരുന്നിനിടെ നടത്തിയ വെടിവെപ്പിൽ എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലിനെ ഒഴിവാക്കിയതിനെ പിന്നിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ആക്രമണത്തിന് മുമ്പ് പ്രതി കോൾ തോമസ് അലൻ തയാറാക്കിയ കത്തിലാണ് പട്ടേലിനെ മാത്രം ലക്ഷ്യം വെക്കുന്നില്ലെന്ന് പ്രത്യേകം പരാമർശിച്ചിട്ടുള്ളത്. പ്രതിക്ക് ക്രിസ്ത്യൻ മതത്തോടുള്ള കടുത്ത വിരോധം, കാഷ് പട്ടേൽ ഹിന്ദുവാണ് എന്നീ കാരണങ്ങളാണ് ഇതിനു പിന്നിലെന്ന് അന്യേഷണ ഉദ്യോഗസ്ഥർ വിലയിരുത്തി.
ഇതിനു പുറമെ നിയമപാലകരെ ആക്രമിക്കാൻ പ്രതിക്ക് താൽപര്യമില്ലായിരുന്നുവെന്നും അതിനാലാണ് എഫ്ബിഐ തലവനായ പട്ടേലിനെ ഒഴിവാക്കിയതെന്നും അഭിപ്രായമുണ്ട്. ആക്രമണത്തിന് തൊട്ടുമുൻപ് പ്രതി കുടുംബാംഗങ്ങൾക്കും മുൻ തൊഴിലുടമയ്ക്കും ഇമെയിൽ വഴി അയച്ച 1,052 വാക്കുകളുള്ള കത്തിലാണ് തന്റെ ലക്ഷ്യങ്ങളെക്കുറിച്ച് കൃത്യമായി വിശദീകരിച്ചിരുന്നത്. ഇതിൽ പ്രസിഡന്റിനെയും മറ്റ് ഭരണാധികാരികളെയും ലക്ഷ്യം വെക്കുമ്പോഴും കാഷ് പട്ടേലിനെ ഇതിൽ നിന്നും ഒഴിവാക്കുന്നതായി കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രസിഡന്റിനെ വധിക്കാൻ ശ്രമിച്ചതുൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങൾ ചുമത്തപ്പെട്ട പ്രതി നിലവിൽ അന്വേഷണത്തോട് സഹകരിക്കുന്നില്ല എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പ്രതിയുടെ യഥാർത്ഥ ലക്ഷ്യങ്ങളും ആക്രമണത്തിന് പിന്നിലെ മറ്റ് കാരണങ്ങളും കണ്ടെത്താൻ അന്വേഷണ ഏജൻസികൾ ഈ രേഖകൾ വിശദമായി പരിശോധിച്ചുവരികയാണ്.