‘സുനാമി ജാതകം’ പ്രവചനം ഫലിച്ചു; വിജയ്‌യെ നേരിൽ സന്ദർശിച്ച് ജ്യോതിഷി
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തെ അമ്പരപ്പിച്ചുകൊണ്ട് കന്നിപ്പോരാട്ടത്തിൽ തന്നെ തമിഴക വെട്രി കഴകം (ടി.വി.കെ) തരംഗം തീർക്കുകയാണ്. നൂറിലധികം സീറ്റുകളിൽ ലീഡ് നിലനിർത്തിക്കൊണ്ട് വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ തമിഴ്‌നാട്ടിൽ ഭരണം ഉറപ്പിച്ചിരിക്കുകയാണ്. ഭരണകക്ഷിയായ ഡിഎംകെ അപ്രതീക്ഷിതമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട കാഴ്ചയാണ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കാണുന്നത്. താൻ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയ് വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നേറുകയാണ്.
ഈ ഐതിഹാസിക വിജയത്തിന് പിന്നാലെ, വിജയ്‌യുടെ രാഷ്ട്രീയ വിജയം മുൻകൂട്ടി പ്രവചിച്ച സെലിബ്രിറ്റി ജ്യോതിഷി രാധൻ പണ്ഡിറ്റ് വെട്രിവേൽ താരത്തെ സന്ദർശിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്. വിജയ്‌യുടെ നീലാങ്കരയിലെ വസതിയിൽ പൂച്ചെണ്ടും പൊന്നാടയുമായാണ് അദ്ദേഹം എത്തിയത്.
തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ടിവികെ തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുമെന്ന് രാധൻ പണ്ഡിറ്റ് പ്രവചിച്ചിരുന്നു. വിജയ്‌യുടേത് അതിശക്തമായ ‘സുനാമി ജാതക’മാണെന്നും 140 മുതൽ 170 വരെ സീറ്റുകൾ ടിവികെ നേടുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം. എം.കെ. സ്റ്റാലിൻ കടുത്ത രാഷ്ട്രീയ പ്രതിസന്ധി നേരിടുമെന്നും അനുകൂല സാഹചര്യമുണ്ടായിട്ടും ഉദയനിധി സ്റ്റാലിന് വലിയ മുന്നേറ്റം നടത്താൻ കഴിയില്ലെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. എടപ്പാടി കെ. പളനിസ്വാമിയുടെ ജാതകം നിലവിൽ ശക്തമാണെന്നും അദ്ദേഹം നേരത്തെ നിരീക്ഷിച്ചിരുന്നു. പ്രവചനം സത്യമായതോടെ വലിയൊരു വിഭാഗം ആരാധകരും രാഷ്ട്രീയ നിരീക്ഷകരും ഈ സന്ദർശനത്തെ കൗതുകത്തോടെയാണ് വീക്ഷിക്കുന്നത്.