10/08/2026
[fontresizer_tawhidurrahmandear_widget]

മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തും; കേരളത്തെ ആശങ്കയിലാക്കി തമിഴ്നാട് ബജറ്റിൽ പ്രഖ്യാപനം

 മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തും; കേരളത്തെ ആശങ്കയിലാക്കി തമിഴ്നാട് ബജറ്റിൽ പ്രഖ്യാപനം

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വർദ്ധിപ്പിക്കുമെന്ന് തമിഴ്‌നാട് സർക്കാർ വ്യക്തമാക്കി. സംസ്ഥാന ബജറ്റ് അവതരണവേളയിലാണ് ധനമന്ത്രി മാരി വിൽസൺ ഇക്കാര്യം പ്രഖ്യാപിച്ചത്. കാവേരി നദീജല തർക്കത്തിൽ തമിഴ്‌നാടിന് അർഹതപ്പെട്ട ജലം നേടിയെടുക്കുമെന്നും കർണാടകയുടെ മേക്കേദാട്ട് അണക്കെട്ട് നിർമ്മാണ പദ്ധതിയെ ശക്തമായി എതിർക്കുമെന്നും ബജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ജലദൗർലഭ്യം പരിഹരിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

നിലവിൽ 136 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കാൻ അനുവദിക്കില്ലെന്ന് നേരത്തെ നിയമസഭയിലെ നയപ്രഖ്യാപനത്തിലൂടെയും തമിഴ്‌നാട് വ്യക്തമാക്കിയിരുന്നു. അതിനിടെ, മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ പരിശോധനാ സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ കേന്ദ്രസർക്കാർ ഏകപക്ഷീയമായി ഒഴിവാക്കിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

പരിശോധനകൾക്കായി ഈ വർഷം ജനുവരിയിൽ രൂപീകരിച്ച സമിതിയിൽ നിന്ന് കേരളം നിർദ്ദേശിച്ച ടി.കെ. ശിവരാജനെ മാറ്റി യു.പി സ്വദേശിയായ എം.എൽ. ശർമ്മയെയാണ് കേന്ദ്രം ഉൾപ്പെടുത്തിയത്. കേന്ദ്ര നടപടിക്കെതിരെ വിമർശനം കടുക്കുകയം ചെയ്‌തതോടെ പിന്നീട് കേരളത്തിൽ നിന്നുള്ള പ്രതിനിധിയെ വീണ്ടും സമിതിയിൽ ഉൾപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. കേരളത്തിന്റെ ശുപാർശ പ്രകാരം അശുതോഷ് ഡാഷിനെയാണ് പുതിയ പ്രതിനിധിയായി നിയമിച്ചത്. സുപ്രീംകോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച ഈ സമഗ്ര സുരക്ഷാ പരിശോധനാ സമിതിയുടെ ചെയർമാൻ നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷൻ മുൻ സി.എം.ഡി ബൽരാജ് ജോഷിയാണ്.

Also read: