‘തമിഴ്‌നാട് പ്രശ്‌നങ്ങളിൽ വലയുമ്പോൾ മുഖ്യമന്ത്രി ലണ്ടനിൽ ഷൂട്ടിങ്ങിൽ’: ഡിഎംകെ നേതാവിന്റെ വീട്ടിലെ റെയ്‌ഡിൽ രൂക്ഷ വിമർശനവുമായി എം.കെ സ്റ്റാലിൻ
ചെന്നൈ: തമിഴ്‌നാട് വിവിധ ഭരണപരമായ വിഷയങ്ങളിലും ക്രമസമാധാന പ്രശ്‌നങ്ങളിലും വലയുമ്പോൾ മുഖ്യമന്ത്രി സി. ജോസഫ് വിജയ് ലണ്ടനിൽ സിനിമാ ചിത്രീകരണത്തിലാണെന്ന് വിമർശിച്ച് ഡിഎംകെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ. മുൻ സ്കൂൾ വിദ്യാഭ്യാസ മന്ത്രിയും ഡിഎംകെ നേതാവുമായ അൻബിൽ മഹേഷ് പൊയ്യാമൊഴിയുടെ തിരുച്ചിറപ്പള്ളിയിലെ വസതിയിൽ നടന്ന റെയ്‌ഡിന് പിന്നാലെയാണ് സ്റ്റാലിന്റെ പ്രതികരണം.
100 കോടി രൂപയുടെ സ്വകാര്യ സ്കൂൾ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടായിരുന്നു അൻബിൽ മഹേഷിന്റെ വീട്ടിലെ പരിശോധന. സർക്കാരിന്റെ വീഴ്ചകളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ രാഷ്ട്രീയ പ്രതികാരബുദ്ധിയോടെയാണ് റെയ്‌ഡ് നടത്തിയതെന്ന് സ്റ്റാലിൻ ആരോപിച്ചു.
തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ കൂടിയായ വിജയ്, തന്റെ ആദ്യ ഔദ്യോഗിക വിദേശ സന്ദർശനത്തിനിടെ ഷൂട്ടിങ്ങിൽ മുഴുകിയിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് വൈദ്യുതി മുടക്കത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ, പട്ടിനപ്പാക്കത്തെ മത്സ്യത്തൊഴിലാളി സമരം, നേപ്പാളിൽ കാണാതായവരുടെ ബന്ധുക്കൾ നടത്തുന്ന സമരം എന്നിവ ഭരണകൂടം കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനുപുറമെ ആവിൻ പാൽ ക്ഷാമം, രാമനാഥപുരത്തെ ഇരട്ടക്കൊലപാതകം, വിനായക ചതുർഥി ഘോഷയാത്രയ്ക്കിടെ ബസ് ഡ്രൈവർ കൊല്ലപ്പെട്ട സംഭവം, അയനാവരത്ത് ടിവികെ പ്രവർത്തകനും വനിതാ പൊലീസും ഉൾപ്പെട്ട കേസ് എന്നിവ ഉയർത്തിക്കാട്ടിയാണ് സ്റ്റാലിൻ സർക്കാരിനെതിരെ രംഗത്തെത്തിയത്. പ്രതിപക്ഷത്തിനെതിരെ റെയ്‌ഡ് നടത്തി ജനരോഷം തടയാനാവില്ലെന്നും വ്യാജ ആരോപണങ്ങൾ കോടതിയിൽ നിലനിൽക്കില്ലെന്നും കേസിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.